Sub Lead

മുനമ്പത്തെ ഭൂമി വഖ്ഫായല്ല ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്ക് നല്‍കിയതെന്ന് ഹൈക്കോടതി

മുനമ്പത്തെ ഭൂമി വഖ്ഫായല്ല ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്ക് നല്‍കിയതെന്ന് ഹൈക്കോടതി
X

കൊച്ചി: മുനമ്പത്തെ ഭൂമി ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്ക് വഖ്ഫ് പ്രമാണമായല്ല നല്‍കിയതെന്ന് ഹൈക്കോടതി. 1950ല്‍ മുഹമ്മദ് സിദ്ദീഖ് സേട്ട് ഭൂമി സമ്മാന പ്രമാണമായാണ് നല്‍കിയതെന്നും ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരിയും വി എം ശ്യാം കുമാറും പറഞ്ഞു. മുനമ്പത്തെ വഖ്ഫ് ഭൂമി കൈയ്യേറ്റതര്‍ക്കം പരിഹരിക്കാന്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ച വിധിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍. മുനമ്പത്തെ ഭൂമി അല്ലാഹുവിന് വേണ്ടി സ്ഥിരമായി സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി അവകാശപ്പെട്ടു. ഒരു സ്വത്ത് വഖ്ഫായി പ്രഖ്യാപിക്കുമ്പോള്‍ 1923ലെ വഖ്ഫ് ആക്ട് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കണമായിരുന്നു. ഈ ഭൂമിയുടെ കാര്യത്തില്‍ ആ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല. 1954ലേയോ 1984ലേയോ 1995ലേയോ നിയമപ്രകാരമുള്ള വ്യവസ്ഥകളും പാലിച്ചിട്ടില്ല.

'' 'സ്ഥിരമായ സമര്‍പ്പണം' എന്ന വാക്ക് പ്രസ്തുത പ്രമാണത്തില്‍ ഒരിക്കലും പ്രതിഫലിച്ചിട്ടില്ല, അതില്‍ ഗുണഭോക്താവിന് സ്വത്ത് വില്‍ക്കാന്‍ മാത്രമല്ല, വില്‍പ്പന വരുമാനം ഉപയോഗിക്കാനും അവകാശമുണ്ട്. കൂടാതെ സ്വത്തിന്റെ ഏതെങ്കിലും ഭാഗം അവശേഷിക്കുന്നുവെങ്കില്‍ ദാതാവിനോ(മുഹമ്മദ് സിദ്ദീഖ് സേട്ട്) പിന്‍ഗാമിക്കോ തിരികെ നല്‍കുന്നതിനുള്ള ഒരു പ്രത്യേക വ്യവസ്ഥയും ഉണ്ടായിരുന്നു.... സ്വത്ത് ദാതാവിനോ പിന്‍ഗാമിക്കോ തിരികെ നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുമ്പോള്‍ അതിനെ സ്ഥിരമായ സമര്‍പ്പണമായി കണക്കാക്കാനോ മുഴുവന്‍ സ്വത്തും 'സര്‍വ്വശക്തനായ ദൈവത്തിന്' സമര്‍പ്പിക്കാനോ കഴിയില്ല. അതിനാല്‍, ഈ ഭൂമി കൈമാറ്റ രേഖയെ വഖ്ഫ് പ്രമാണമായി കാണാനാവില്ല. മറിച്ച് ഒരു സമ്മാന പ്രമാണത്തിന്റെ സ്വഭാവമേയുള്ളൂ.''-ബെഞ്ച് നിരീക്ഷിച്ചു.

ഭൂമി കൈമാറ്റം കഴിഞ്ഞ് ഏകദേശം ഏഴ് പതിറ്റാണ്ടുകളായിട്ടും ദാതാവിന്റെ അവകാശികളോ ഫാറൂഖ് കോളജ് അധികൃതരോ സ്വത്തിനെ വഖ്ഫ് ആയി പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. അതിനാല്‍, ഈ ഭൂമി വഖ്ഫാണെന്ന കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ 2019ലെ പ്രഖ്യാപനം ഏകപക്ഷീയമാണ്. അത് ഭൂമി പിടിച്ചെടുക്കല്‍ തന്ത്രവുമാണ്.

''അതിനാല്‍, 69 വര്‍ഷത്തിനുശേഷം ഗാഢനിദ്രയില്‍ നിന്ന് ഉണര്‍ന്ന്, എല്ലാവരുടെയും ഭാഗം കേള്‍ക്കാതെ, ശരിയായ അന്വേഷണം നടത്താതെ, മുഴുവന്‍ സ്വത്തും വഖ്ഫായി പ്രഖ്യാപിച്ച ബോര്‍ഡിന്റെ നടപടിക്കെതിരേ കോടതിക്ക് കണ്ണടക്കാന്‍ കഴിയില്ല. ഈ വിഷയത്തില്‍ ബാധകമായ ചട്ടങ്ങളൊന്നും പാലിക്കാതെ ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ ഭൂമി കൈയ്യേറ്റമാണ്''-കോടതി വിമര്‍ശിച്ചു. ഭൂമിയിലെ തര്‍ക്കം പരിശോധിക്കാനും ഭൂമി വാങ്ങിയ മൂന്നാം കക്ഷികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതിനാല്‍, വഖ്ഫ് ബോര്‍ഡിന്റെ 2019ലെ തീരുമാനം സര്‍ക്കാരിന് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it