Sub Lead

കശ്മീര്‍: ജനാധിപത്യം പുനസ്ഥാപിക്കുക; എസ്ഡിപിഐ പ്രതിഷേധാഗ്‌നി 18ന് കോഴിക്കോട്ട്

മറ്റ് സംസ്ഥാനങ്ങളിലെ പ്രത്യേകാവകാശങ്ങള്‍ നിലനിര്‍ത്തി കശ്മീരിനു മാത്രം അത് നിഷേധിച്ചത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണെന്നതാണ് യാഥാര്‍ഥ്യം. ഇത് ആര്‍എസ്എസ് അജണ്ടയാണെന്ന് അബ്ദുല്‍ ഹമീദ് ചൂണ്ടിക്കാട്ടി. കശ്മീരിലെ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ കുറച്ചെങ്കിലും വെളിച്ചത്തുവന്നത് വിദേശ മാധ്യമറിപോര്‍ട്ടുകളെ തുടര്‍ന്നാണ്. മോദി സര്‍ക്കാരിന് അവിടെ പലതും ഒളിച്ചുവയ്ക്കാനുണ്ടായിരുന്നു എന്നാണ് പിന്നീട് വ്യക്തമായത്.

കശ്മീര്‍: ജനാധിപത്യം പുനസ്ഥാപിക്കുക; എസ്ഡിപിഐ പ്രതിഷേധാഗ്‌നി 18ന് കോഴിക്കോട്ട്
X

കോഴിക്കോട്: ജമ്മു കശ്മീരില്‍ ജനാധിപത്യം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഈമാസം 18ന് വൈകീട്ട് 4.30ന് കോഴിക്കോട്ട് 'എസ്ഡിപിഐ പ്രതിഷേധാഗ്‌നി' എന്ന പേരില്‍ ജനകീയ പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കശ്മീരിന് ഭരണഘടനാനുസൃതമായി അനുവദിച്ചിരുന്ന അവകാശങ്ങളും ആനുകുല്യങ്ങളും മോദി സര്‍ക്കാര്‍ റദ്ദാക്കിയിട്ട് രണ്ടുമാസം പിന്നിട്ടിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതുതന്നെ ആര്‍ട്ടിക്കിള്‍ 370 അനുസരിച്ചാണ്. അതാണ് ജനാധിപത്യവിരുദ്ധമായും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിച്ചും ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. മേഖലയിലെ പ്രമുഖരെയെല്ലാം ബന്ധികളാക്കി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിഛേദിച്ച്, യുദ്ധസമാനമായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഈ ജനാധിപത്യധ്വംസനം നടപ്പാക്കിയത്.


കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പുറംലോകമറിയാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയും മാധ്യമ ഓഫിസുകള്‍ അടച്ചുപൂട്ടിയുമാണ് കിരാതമായ നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫി, സെക്രട്ടറി സീതാറാം കൊയ് വാള്‍ എന്നിവരടങ്ങിയ മൂന്നംഗസംഘം കഴിഞ്ഞ ദിവസം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. കശ്മീരിലെ വിവിധ മേഖലയിലെ പ്രമുഖരുമായും സാധാരണക്കാരുമായും സംഘം സംസാരിച്ചു. അവിടെ നടക്കുന്ന മുഷ്യാവകാശ ലംഘനങ്ങള്‍ നേരില്‍ ബോധ്യമായതിനെത്തുടര്‍ന്നാണ് പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. നാഗാലാന്‍ഡ് (371 എ), അസം (371 ബി), മണിപ്പൂര്‍ (371 സി), സിക്കിം (371 എഫ്), മിസോറാം (371 ജി) എന്നീ സംസ്ഥാനങ്ങളും കശ്മീരിന് നല്‍കിയിരുന്ന അതേ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരാണ്.

നാഗാലാന്‍ഡ്, മിസോറം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്നും പുറത്തുനിന്നെത്തുന്നവര്‍ക്ക് ഭൂമി വാങ്ങാന്‍ സാധ്യമല്ല. കശ്മീരികളുടെ സ്വാതന്ത്ര്യത്തിനും സ്വത്തിനും അവകാശം നല്‍കിയിരുന്ന 35 എ വകുപ്പും എടുത്തുകളഞ്ഞിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രത്യേകാവകാശങ്ങള്‍ നിലനിര്‍ത്തി കശ്മീരിനു മാത്രം അത് നിഷേധിച്ചത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണെന്നതാണ് യാഥാര്‍ഥ്യം. ഇത് ആര്‍എസ്എസ് അജണ്ടയാണെന്ന് അബ്ദുല്‍ ഹമീദ് ചൂണ്ടിക്കാട്ടി. കശ്മീരിലെ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ കുറച്ചെങ്കിലും വെളിച്ചത്തുവന്നത് വിദേശ മാധ്യമറിപോര്‍ട്ടുകളെ തുടര്‍ന്നാണ്. മോദി സര്‍ക്കാരിന് അവിടെ പലതും ഒളിച്ചുവയ്ക്കാനുണ്ടായിരുന്നു എന്നാണ് പിന്നീട് വ്യക്തമായത്. കര്‍ഫ്യൂ മൂലം ഗതാഗതം തടസ്സപ്പെട്ടു. ഇത് ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടാനും ഭക്ഷ്യക്ഷാമത്തിനും ഇടയാക്കി. ഗതാഗതതടസ്സം രോഗികളെയാണ് ഏറ്റവുമധികം ബാധിച്ചത്. വൈദ്യുതി തടസ്സം ശീതീകരണ സംവിധാനം തകര്‍ത്തു. പ്രതിഷേധിച്ചവരെ പെല്ലറ്റ് ഗണ്ണുകള്‍കൊണ്ട് നേരിട്ടു.

കശ്മീര്‍ സൂചികയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും ഫെഡറല്‍ തത്വത്തെയും അസ്ഥിരപ്പെടുത്തി മനുവാദം രാജ്യത്ത് നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഏതുസംസ്ഥാനത്തിനു മേലും ഇനി ഇത്തരം കടന്നുകയറ്റങ്ങളുണ്ടാവാമെന്ന മുന്നറിയിപ്പാണ്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ത്ത് വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിച്ച് സങ്കുചിത രാഷ്ട്രീയലക്ഷ്യം നേടാനുള്ള ബിജെപിയുടെയും സംഘപരിവാരത്തിന്റെയും ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് രാജ്യത്തെ സ്‌നേഹിക്കുന്ന ഏവരുടെയും ബാധ്യതയാണെന്ന് എസ്ഡിപിഐ തിരിച്ചറിയുന്നു. ഇക്കാര്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണ് കശ്മീരില്‍ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനുള്ള ഈ മുന്നേറ്റം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പി അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടക്കുന്ന സംഗമത്തില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതിയംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it