Sub Lead

'പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം'; ഹിജാബിനും ഹലാലിനും പിന്നാലെ വീണ്ടും മുസ്‌ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വര്‍

ബജ്‌റംഗദളിന്റെയും ശ്രീരാമ സേനയുടെയും നേതൃത്വത്തിലാണ് പുതിയ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. റമദാന്‍ വ്രതം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം; ഹിജാബിനും ഹലാലിനും പിന്നാലെ വീണ്ടും മുസ്‌ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വര്‍
X

ബെംഗളൂരു: ഹലാല്‍ മാംസം നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നാലെ കര്‍ണാടകയില്‍ പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍. ബജ്‌റംഗദളിന്റെയും ശ്രീരാമ സേനയുടെയും നേതൃത്വത്തിലാണ് പുതിയ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. റമദാന്‍ വ്രതം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

കഴിഞ്ഞദിവസം, ഇതേ ആവശ്യവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ രംഗത്തുവന്നിരുന്നു. പള്ളികളിലെ ഉച്ചഭാഷിണികള്‍ നിരോധിച്ചില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ സ്പീക്കറുകള്‍ വെച്ച് ഹനുമാന്‍ ചലിസ കേള്‍പ്പിക്കും എന്നായിരുന്നു രാജ് താക്കറെയുടെ ഭീഷണി. ഇതിനെ പിന്തുണച്ചാണ് കര്‍ണാടകയിലെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തുവന്നത്.

ശബ്ദമലിനീകരണത്തിന് എതിരേയുള്ള സുപ്രിംകോടതി വിധി നടപ്പാക്കണമെന്നും പള്ളികളിലെ ഉച്ചഭാഷിണികള്‍ നിരോധിക്കണമെന്നും ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

തങ്ങള്‍ ഇതിനെതിരേ ബന്ധപ്പെട്ട അതോറിറ്റികളില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ നടപടിയുണ്ടായില്ല എന്നും മുത്തലിഖ് പറഞ്ഞു. രാത്രി 10 മുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സുപ്രിംകോടതി തടഞ്ഞിട്ടുണ്ടെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളും ആശുപത്രികളും അടങ്ങുന്ന സ്ഥലങ്ങളില്‍ ഉച്ചഭാഷിണി നിരോധനമുണ്ടെന്നും എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നും ശ്രീരാമസേന നേതാവ് പറഞ്ഞു. പള്ളികളില്‍ നിന്നുള്ള ഉച്ചഭാഷിണികള്‍ നിരോധിച്ചില്ലെങ്കില്‍ എല്ലാദിവസവും രാവിലെ ഭജനുകള്‍ വെയ്ക്കുമെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.

വിദ്യാലായങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ, ഹിന്ദുത്വ സംഘടനകള്‍ ഹലാല്‍ മാംസം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഇത് പഠിച്ച് കൈകാര്യം ചെയ്യും എന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് പുതിയ ആവശ്യയുമായി ഹിന്ദുത്വ സംഘടനകള്‍ മുന്നോട്ട് വന്നിരിക്കുന്നത്.


Next Story

RELATED STORIES

Share it