Sub Lead

കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ്: തനിച്ച് മല്‍സരിക്കുമെന്ന് ജെഡിഎസ്

കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ്: തനിച്ച് മല്‍സരിക്കുമെന്ന് ജെഡിഎസ്
X

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ തനിച്ചു മല്‍സരിക്കുമെന്ന് ജെഡിഎസ്. ജെഡിഎസ് സ്ഥാനാര്‍ഥികള്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍നിന്ന് പാഠംപഠിച്ചെന്നും ജെഡിഎസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. തനിച്ച് മല്‍സരിക്കാനാണു തീരുമാനമെന്ന് എച്ച് ഡി ദേവഗൗഡയും പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസിലും നേരത്തേ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമതീരുമാനം എടുക്കാനാണു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ്, കോണ്‍ഗ്രസുമായുള്ള സഖ്യനീക്കം തള്ളി ജെഡിഎസ് പരസ്യമായി രംഗത്തെത്തിയത്. ഇതോടെ, അതിനിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് വീണ്ടും രാഷ്ട്രീയകരുനീക്കങ്ങള്‍ക്ക് വേദിയാവുമെന്നുറപ്പായി.

കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കാണ് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. പിന്തുണ പിന്‍വലിച്ച എംഎല്‍എമാരെ മുന്‍ സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചതിനാല്‍ ഇവര്‍ക്ക് ഇത്തവണ മല്‍സരിക്കാനാവില്ല. ആകെ 17 മണ്ഡലങ്ങളിലെ എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. എന്നാല്‍, ഇതില്‍ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയ്യതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. ഭരണനഷ്ടമുണ്ടായെങ്കിലും കോണ്‍ഗ്രസിനും ജെഡിഎസിനും ഉപതിരഞ്ഞെടുപ്പ് വിജയം നിര്‍ണായകമാണ്. കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ താഴെയിടാനുമാവും. ബിജെപിക്കാവട്ടെ ആറുസീറ്റുകളില്‍ എങ്കിലും സ്വന്തം സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ മാത്രമേ അധികാരത്തില്‍ തുടരാനാവുകയുള്ളൂ. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രധാന നേതാവായ ഡി കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കള്ളപ്പണക്കേസില്‍ അദ്ദേഹത്തിന്റെ മകളെയും ചോദ്യംചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ആശങ്കകളേറെയാണ്. അധികാരത്തില്‍ തിരിച്ചെത്താനായില്ലെങ്കില്‍ വന്‍ തിരിച്ചടി നേരിടുമെന്ന് കോണ്‍ഗ്രസിനറിയാം. ഏതായാലും മാസങ്ങള്‍ നീണ്ടുനിന്ന കുതിരക്കച്ചവടത്തിനും പ്രതിഷേധങ്ങള്‍ക്കും സാക്ഷിയായ കന്നഡമണ്ണില്‍ വരാനിരിക്കുന്നത് തീപാറും പോരാട്ടമാണെന്നതില്‍ തര്‍ക്കമില്ല.



Next Story

RELATED STORIES

Share it