Sub Lead

കാന്തപുരം വിഭാഗം കോണ്‍ഗ്രസുമായി അടുക്കുന്നു; എസ്‌വൈഎസ് സമ്മേളനം പിണറായിക്കുള്ള മറുപടിയാവും

കാന്തപുരം വിഭാഗം കോണ്‍ഗ്രസുമായി അടുക്കുന്നു; എസ്‌വൈഎസ് സമ്മേളനം പിണറായിക്കുള്ള മറുപടിയാവും
X

പിസി അബ്ദുല്ല

കോഴിക്കോട്: കെഎം ബഷീറിനെ കാറിടിച്ചു കൊന്ന ശ്രീറാം വെങ്കട്ടരാമന്‍ ഇന്ന് ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റതിലുള്ള അമര്‍ഷം കാന്തപുരം വിഭാഗം സുന്നി അണികള്‍ സിപിഎമ്മിനെ അറിയിക്കുന്നത് കോണ്‍ഗ്രസ് അനുഭാവം പങ്കുവച്ച്. ആഗസ്ത് 15ന് കോഴിക്കോട് നടക്കുന്ന എസ്‌വൈഎസ് സ്വാതന്ത്ര്യദിന സമ്മേളനത്തില്‍ പ്രതിപക്ഷനേതാവാണ് മുഖ്യാതിഥി. വി ഡി സതീശനും കാന്തപുരവും ഉള്ള സമ്മേളന പോസ്റ്റര്‍ വലിയ ആവേശത്തോടെയാണ് കാന്തപുരം സുന്നി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്. മുന്നണി അടിത്തറ വിപുലീകരിക്കാനുള്ള കോഴിക്കോട് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കാന്തപുരം സുന്നി വിഭാഗവുമായി അടുക്കാനുള്ള സുവര്‍ണാവസരമാണ് കോണ്‍ഗ്രസിന് കൈവന്നിരിക്കുന്നത്. പുതിയ സഹചര്യം കോണ്‍ഗ്രസ് അവസരോചിതമായി ഉപയോഗിക്കുമെന്ന കൃതമായ സൂചനകളാണ് പുറത്തുവരുന്നതും.

കെഎം ബഷീര്‍ വിഷയത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരായ കാന്തപുരം സുന്നി വിഭാഗത്തിന്റെ അമര്‍ഷം അണപൊട്ടിയ ദിവസം തന്നെയാണ് കാന്തപുരവും വിഡി സതീശനുമുള്ള എസ് വൈഎസ് സമ്മേളന പോസ്റ്റര്‍ പുറത്തിറക്കിയതെന്നത് യാദൃച്ഛികമല്ല. കോഴിക്കോട് എസ് വൈഎസ് സമ്മേളനം സിപിഎമ്മിനുള്ള മറുപടിയോ മുന്നറിയിപ്പോ ആവുമെന്ന വികാരമാണ് കാന്തപുരം സുന്നി വിഭാഗം പങ്കു വയ്ക്കുന്നത്.

ശ്രീറാമിന്റെ നിയമനത്തിനെതിരെ ആലപ്പുഴയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടികളും കാന്തപുരം സുന്നി വിഭാഗത്തിന്റെ അനുഭാവം പിടിച്ചുപറ്റിയിരുന്നു. സിറാജ് ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോ ചീഫും പ്രമുഖ നേതാവിന്റെ മകനുമായിരുന്ന കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കട്ടരാമന് ഇന്ന് ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേല്‍ക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയത് മാപ്പര്‍ഹിക്കാത്ത നടപടിയെന്നാണ് കാന്തപുരം സുന്നി നേതൃത്വവും വിലയിരുത്തുന്നത്. കാന്തപുരം സുന്നി സംഘടനകളുടെ കടുത്ത എതിര്‍പ്പും പ്രക്ഷോഭവും വകവയ്ക്കാതെയാണ് പിണറായി സര്‍ക്കാര്‍ ശ്രീറാമിനെ ജില്ലാ കലക്ടര്‍ കസേരയില്‍ ഇന്ന് അവരോധിച്ചത്. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ് ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്ന് ജില്ലാ കലക്ടറേറ്റുകളും ഉപരോധിക്കും. കാന്തപുരം എപി അബൂബക്കര്‍ മുസ് ല്യാര്‍ ചെയര്‍മാനായ കേരള മുസ്ലിം ജമാഅത്ത് നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് പൊതുവിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ സമരവുമായി സംഘടന രംഗത്തുവന്നത്. അതുപാടെ അവഗണിച്ചാണ് കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ ശ്രീറാം ആലപ്പുഴ കലക്ടറായി ഇന്ന് ചുമതലയേറ്റത്. കെഎം ബഷീറുമായി ബന്ധപ്പെട്ട കാന്തപുരം സുന്നി വിഭാഗത്തിന്റെ പ്രതിഷേധം അത്രമേല്‍ വൈകാരികമായിട്ടും പിണറായി സര്‍ക്കാര്‍ അവഗണിച്ചത് സിപിഎമ്മുമായുള്ള എപിവിഭാഗത്തിന്റെ കാലങ്ങളായുള്ള ബന്ധത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

Next Story

RELATED STORIES

Share it