Sub Lead

ട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത നിരാശയില്‍ ചെയ്തതെന്ന് ഉത്തരമേഖല ഐജി

ട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത നിരാശയില്‍ ചെയ്തതെന്ന് ഉത്തരമേഖല ഐജി
X

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത 24 സൗത്ത് പര്‍ഗനാസ് സ്വദേശി പ്രസോന്‍ജീത് സിക്ദര്‍(40) തന്നെയാണെന്ന് പോലിസിന്റെ സ്ഥിരീകരണം. പ്രതി ഭിക്ഷാടകനാണെന്നും പണം ലഭിക്കാത്ത നിരാശയില്‍ ചെയ്തതാവാമെന്നും ഉത്തരമേഖല ഐജി നീരജ്കുമാര്‍ ഗുപ്ത പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ട്. രണ്ടു വര്‍ഷമായി ഭിക്ഷയെടുത്ത് ജീവിക്കുന്ന ഇയാള്‍ക്ക്, ഇവിടെയെത്തിയശേഷം ഉദ്ദേശിച്ച രീതിയില്‍ പണം ലഭിക്കാത്തതിന്റെ നിരാശയാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നാണ് ഈ ഘട്ടത്തില്‍ മനസ്സിലാവുന്നത്. നിലവില്‍ പ്രസോന്‍ജീത് മാത്രമാണ് പ്രതി. കൂടുതല്‍ പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''കൊല്‍ക്കത്തയിലും മുംബൈയിലും ഹോട്ടലുകളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്. തലശ്ശേരിയില്‍ എത്തിയപ്പോള്‍ ഭിക്ഷാടനത്തിലൂടെ കാര്യമായ തോതില്‍ പണം ലഭിച്ചിരുന്നില്ല. അത് ഇയാളെ മാനസികമായി ബുദ്ധിമുട്ടിച്ചു. അവിടെനിന്ന് നടന്നാണ് കണ്ണൂരിലെത്തിയതെന്നാണ് പറയുന്നത്. ഉദ്ദേശിച്ച രീതിയില്‍ പണം ലഭിക്കാത്തതിന്റെ നിരാശയാണ് ട്രെയിനിന് തീയിടുന്നതിലേക്ക് നയിച്ചത്. ബീഡി വലിക്കുന്ന ഇയാള്‍ സ്ഥിരം കരുതുന്ന തീപ്പെട്ടി ഉപയോഗിച്ചാണ് ട്രെയിനിന് തീയിട്ടത്. എന്നാല്‍, തീയിടാനായി ഇന്ധനം ഉള്‍പ്പെടെ എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. എങ്കിലും അക്കാര്യവും അന്വേഷിക്കുന്നുണ്ട്. എലത്തൂരില്‍ ട്രെയിനിന് തീവച്ച സംഭവവുമായി ഈ കേസിന് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല. പ്രതി നിലവില്‍ പോലിസ് കസ്റ്റഡിയിലുണ്ട്. ഉടന്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുമെന്നും ഐജി പറഞ്ഞു.

അതിനിടെ, പ്രസോന്‍ജിത് സിക്ദറിന്റെ പശ്ചാത്തലം പരിശോധിക്കാനായി അന്വേഷണ സംഘം ഇന്നു കൊല്‍ക്കത്തയിലെത്തിയിരുന്നു. കണ്ണൂര്‍ സിറ്റി പോലിസ് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്‍ക്കത്തയിലെത്തിയത്. സിക്ദറിന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് അന്വേഷണ സംഘം പോയത്. നേരത്തെ, ട്രെയിനില്‍ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളില്‍ നാലിനും ഇയാളുടെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.20ഓടെയാണ് നിര്‍ത്തിയിട്ട ട്രെയിനില്‍ തീപ്പിടിച്ചത്. 17ാം നമ്പര്‍ ബോഗി പൂര്‍ണമായി കത്തിനശിച്ചിരുന്നു.

Next Story

RELATED STORIES

Share it