Sub Lead

കണ്ണൂര്‍ കോടതി സമുച്ഛയ നിര്‍മാണം ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ

കണ്ണൂര്‍ കോടതി സമുച്ഛയ നിര്‍മാണം ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ
X

കണ്ണൂര്‍: കോടതി സമുച്ഛയത്തിന്റെ നിര്‍മാണം ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്‌റ്റേ.കുറഞ്ഞ നിരക്കില്‍ നിര്‍മാണത്തിന് ക്വട്ടേഷന്‍ നല്‍കിയ പി എം മുഹമ്മദാലി നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി. ഏഴുനില കോടതി സമുച്ഛയം ഊരാളുങ്കലിനു നല്‍കിയതില്‍ തെറ്റില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സ്വകാര്യ കരാറുകാരേക്കാളും ഉയര്‍ന്ന തുകയ്ക്ക് ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് നിര്‍മാണ ചുമതല നല്‍കുന്നത് എങ്ങനെയാണെന്ന് സുപ്രിംകോടതി ചോദിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

ഏറ്റവും കുറഞ്ഞ നിരക്കില്‍ നിര്‍മ കണ്‍സ്ട്രക്ഷന് വേണ്ടിയായിരുന്നു മുഹമ്മദാലി ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ഈ ക്വട്ടേഷന്‍ പരിഗണിക്കാതെ 7.10 ശതമാനം ഉയര്‍ന്ന തുകയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ ഊരാളുങ്കല്‍ കോര്‍പറേറ്റ് ലേബര്‍ സൊസൈറ്റിയെയാണ് പരിഗണിച്ചത്. ഇത് ചോദ്യം ചെയ്ത മുഹമ്മദാലി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഊരാളുങ്കലിന് അനുകൂലമായ ഉത്തരവാണുണ്ടായത്. 2017ലെ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.

സ്വകാര്യ കരാറുകാര്‍ നല്‍കുന്ന തുകയെക്കാളും ഒരു പത്ത് ശതമാനമെങ്കിലും കൂടുതലാണ് സഹകരണ സംഘങ്ങള്‍ നല്‍കുന്നതെങ്കില്‍ അത് അംഗീകരിച്ച് ക്വട്ടേഷന്‍ നല്‍കാമെന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. പിന്നാലെ, ഉത്തരവ് ചോദ്യം ചെയ്ത മുഹമ്മദാലി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ ക്വട്ടേഷന്‍ നല്‍കിയിട്ടും ഊരാളുങ്കലിന് ക്വട്ടേഷന്‍ നല്‍കിയത് അനീതിയാണെന്ന് മുഹമ്മദാലിയുടെ അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി. എങ്ങനെയാണ് കുറഞ്ഞ നിരക്കില്‍ ക്വട്ടേഷന്‍ നല്‍കിയിട്ടും അതിനെ മറികടന്നുകൊണ്ട് ഊരാളുങ്കലിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി ഉള്‍പ്പടെയുള്ളവര്‍ ചോദിച്ചു. പിന്നാലെ ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it