Sub Lead

കണ്ണൂര്‍ കോര്‍പറേഷനിലെ കൈയാങ്കളി; യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസ്

കണ്ണൂര്‍ കോര്‍പറേഷനിലെ കൈയാങ്കളി; യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസ്
X
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫിസില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ പോലിസ് കേസെടുത്തു. മേയര്‍ സുമാ ബാലകൃഷ്ണന്റെ പരാതിയില്‍ എല്‍ഡി എഫ് കൗണ്‍സിലര്‍മാരായ കെ പ്രമോദ്, തൈക്കണ്ടി മുരളീധരന്‍, എം രാജീവന്‍ എന്നിവര്‍ക്കെതിരെയും കെ പ്രമോദിന്റെ പരാതിയില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, ടി ഒ മോഹനന്‍, രഞ്ചിത്ത് എന്നിവര്‍ക്കെതിരെയുമാണ് ടൗണ്‍ പോലിസ് കേസെടുത്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചതിനും മറ്റുമാണ് കേസെടുത്തിട്ടുള്ളത്. ഇന്ന് രാവിലെ കോര്‍പറേഷന്‍ യോഗത്തിനിടെയാണ് കൈയാങ്കളിയുണ്ടായത്.

സംഘടിച്ചെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫിസില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതില്‍ അടക്കുകയായിരുന്നു. ഓഫിസ് കോംപൗണ്ടില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതും ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിന്റെ ഏകാധിപത്യ നിലപാടിലും പ്രതിഷേധിച്ച് ഏതാനും ദിവസങ്ങളായി കോര്‍പറേഷനില്‍ പ്രതിപക്ഷ ജീവനക്കാരുടെ സമരം നടക്കുകയായിരുന്നു. ഇതിനിടയിലാണ് അടിയന്തിര കൗണ്‍സില്‍ ഇന്നു രാവിലെ വിളിച്ചു ചേര്‍ത്തത്. യോഗത്തിനു മുമ്പായി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ കൗണ്‍സില്‍ യോഗം നടത്തിയശേഷം ചര്‍ച്ചചെയ്യാമെന്ന് മേയര്‍ അറിയിച്ചു. ഇതോടെ മുദ്രാവാക്യം വിളിയും കൈയേറ്റ ശ്രമവും നടന്നു. തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറെ മറ്റൊരു വാതിലിലൂടെ കൗണ്‍സില്‍ ഹാളില്‍ എത്തിച്ചെങ്കിലും പ്രശ്‌നം രൂക്ഷമായി. മേയര്‍ക്കു നേരെ കൈയേറ്റമുണ്ടായതോടെ യോഗം നടത്താതെ പിരിഞ്ഞു. കണ്ണൂര്‍ ടൗണ്‍ പോലിസെത്തി പ്രതിഷേധക്കാരെ മാറ്റിയശേഷമാണ് മേയറെ വീണ്ടും ഓഫിസില്‍ പ്രവേശിപ്പിച്ചത്. അതേസമയം, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് മുന്‍ മേയര്‍ ഇപി ലത ഉള്‍പ്പെടെയുള്ളവരും ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. സംഭവത്തില്‍ ഇരുവിഭാഗം കൗണ്‍സിലര്‍മാര്‍ക്കുമെതിരേയാണ് കേസെടുത്തിട്ടുള്ളത്.

മേയറെ കൈയേറ്റം ചെയ്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കണ്ണൂര്‍, അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ ഉച്ചയ്ക്ക് 12 വരെ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും വ്യാപാരികള്‍ കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്നും വൈകീട്ട് സ്‌റ്റേഡിയം കോര്‍ണറില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.


Next Story

RELATED STORIES

Share it