Sub Lead

പിണറായി വിജയന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കെ സുധാകരന്‍

പിണറായി വിജയന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കെ സുധാകരന്‍
X

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലാണ് സുധാകരന്റെ പ്രതികരണം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൊവിഡ് ബാധിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിനെയും, വാളയാര്‍ അതിര്‍ത്തിയില്‍ നാട്ടുകാരെ സഹായിക്കാന്‍ പോയ യുഡിഎഫ് ജനപ്രതിനിധികളെയും അധിക്ഷേപിക്കാന്‍ പിണറായി ഉപയോഗിച്ചത് മരണത്തിന്റെ വ്യാപാരിയെന്നതായിരുന്നു. കൊവിഡ് കാല കേരളത്തെ ഭാവി തലമുറ ഓര്‍ത്തെടുത്ത്, വിലയിരുത്തുമ്പോള്‍ പിണറായിക്ക് മരണത്തിന്റെ വ്യാപാരി എന്ന പേര് ചാര്‍ത്തി നല്‍കുമെന്നും സുധാകരന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ആരാണ് യഥാര്‍ത്ഥത്തില്‍ മരണത്തിന്റെ വ്യാപാരി?

കൊവിഡ് മഹാമാരിയുടെ വിറങ്ങലിച്ച കാലത്ത് യുഡിഎഫിനു നേരെ പിണറായി അടക്കമുള്ള സിപിഎം നേതാക്കന്‍മാരും, സൈബര്‍ സഖാക്കളും ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത അക്ഷേപമായിരുന്നു മരണത്തിന്റെ വ്യാപാരിയെന്ന പ്രയോഗം. ലോക മഹാമാരിയായ കൊവിഡിനെതിരെ ഒന്നിച്ച് നിന്ന് പോരാടുന്നതിന് പകരം എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് കൊവിഡ് കാലം പിണറായി ഉപയോഗിച്ചത്. എതിരാളികളെ മാത്രമല്ല കൂടെനില്‍ക്കുന്നതില്‍ നാളെ തനിക്ക് ഭീഷണിയാവുമെന്ന് കരുതുന്നവരെയും ഒതുക്കുവാന്‍ കൊവിഡ് രാഷ്ടീയത്തെ സമര്‍ത്ഥമായി പിണറായി ഉപയോഗിച്ചുവെന്നതാണ് ചരിത്രം.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കോവിഡ് ബാധിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിനെയും, വാളയാര്‍ അതിര്‍ത്തിയില്‍ നാട്ടുകാരെ സഹായിക്കാന്‍ പോയ യു.ഡി.എഫ് ജനപ്രതിനിധികളെയും അധിക്ഷേപിക്കാന്‍ പിണറായി ഉപയോഗിച്ചത് മരണത്തിന്റെ വ്യാപാരിയെന്നതായിരുന്നു. സി.പി.എം നേതാക്കന്‍മാരും, സൈബര്‍ സഖാക്കളും ഇത് ഏറ്റ് പാടി പ്രബുദ്ധ കേരളത്തെ മലീനസപ്പെടുത്തി.

എന്നാല്‍ താന്‍ ഉപയോഗിച്ച വാക്ക് പ്രയോഗം പിണറായിയെ ഇപ്പോള്‍ തിരഞ്ഞ് കൊത്തുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക ആവേണ്ട മുഖ്യമന്ത്രി തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിരിക്കുന്നു. ഏപ്രില്‍ നാലു മുതല്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ക്വാറന്റീനില്‍ പോവാതെ ധര്‍മ്മടത്തെ റോഡ് ഷോയില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പ്രവൃത്തി ശരിയാണോ? ഏപ്രില്‍ 6 ന് വോട്ട് ചെയ്യുകയും നിരവധി പേരുമായി ഇടപഴുകിയത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം അല്ലെ ..? രോഗം സ്ഥിതികരിച്ച ശേഷം കോവിഡ് നെഗറ്റീവായ ഭാര്യയോടൊപ്പം മെഡിക്കല്‍ കോളേജിലേക്ക് യാത്ര ചെയ്തതിനെ നിങ്ങള്‍ എങ്ങനെയാണ് ന്യായികരിക്കുക?.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്. ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചില്ലയെന്ന കാരണത്താല്‍ പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്ന പോലിസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് ഈ നാട്ടിലെ നിയമങ്ങള്‍ ബാധകമല്ലെ? പി.ആര്‍.ഡി യുടെ ചമയങ്ങളാല്‍ കോവിഡ് കാലത്ത് പകര്‍ന്നാടിയ പിണറായിയുടെ പൊയ്മുഖം അടര്‍ന്ന് വീണിരിക്കുന്നു.വൈകുന്നേരങ്ങളില്‍ ചാനലുകള്‍ക്ക് മുമ്പിലെ പിണറായിയുടെ അഭിനയം കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. കോവിഡ് കാല കേരളത്തെ ഭാവി തലമുറ ഓര്‍ത്തെടുത്ത് ,വിലയിരുത്തുമ്പോള്‍ പിണറായിക്ക് ചാര്‍ത്താന്‍ ഒരു പേര് കൂടിയുണ്ടാവും. 'മരണത്തിന്റെ വ്യാപാരി'.

Next Story

RELATED STORIES

Share it