Sub Lead

കാടിനെ അറിഞ്ഞൊരു യാത്ര; ജംഗിള്‍ സഫാരി ഒമ്പത് മുതല്‍

കാടിനെ അറിഞ്ഞൊരു യാത്ര;  ജംഗിള്‍ സഫാരി ഒമ്പത് മുതല്‍
X

തൃശൂര്‍: കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി ജംഗിള്‍ സഫാരി. ആതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി ഡിഎംസിയുടെ മലക്കപ്പാറ ജംഗിള്‍ സഫാരിയാണ് പുനരാരംഭിക്കുന്നത്. കാടിനെയും കാട്ടു മൃഗങ്ങളെയും അടുത്തറിയാനും ആസ്വദിക്കാനുമുള്ള അവസരം ഒരുക്കുകയാണ് മലക്കപ്പാറ ജംഗിള്‍ സഫാരി. വൈവിദ്ധ്യം കൊണ്ടും മനം മയക്കുന്ന കാഴ്ച്ചകള്‍ കൊണ്ടും സമ്പന്നമായ പശ്ചിമഘട്ട മഴക്കാടുകളായ വാഴച്ചാല്‍, ഷോളയാര്‍ വനമേഖലയില്‍ കൂടിയാണ് യാത്ര.

വനപാതയിലൂടെ 90 കി.മി നീളുന്ന യാത്ര സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമാകും. ഒക്ടോബര്‍ 9 ന് രാവിലെ 8 മണിക്ക് ചാലക്കുടി പിഡബ്ലിയുഡി റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിക്കുന്ന സഫാരി ആദ്യം എത്തുന്നത് വിനോദ സഞ്ചാര മേഖലയുടെ കവാടമായ തുമ്പൂര്‍മുഴിയിലാണ്. ഇവിടെ ചാലക്കുടി പുഴയില്‍ തൃശൂരിനെയും എറണാകുളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലമുണ്ട്. ശലഭോദ്യാനവും സഞ്ചാരികളെ ആകര്‍ശിക്കും.

ആതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍, പെരിങ്ങല്‍ കൂത്ത്, ഷോളയാര്‍ ഡാമുകള്‍, ആനക്കയം, വാച്ച് ടവര്‍ എന്നിവയും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. തേയില തോട്ടങ്ങള്‍ നിറഞ്ഞ മലക്കപ്പാറ ഹില്‍ സ്‌റ്റേഷനാണ് മറ്റൊരു ആകര്‍ഷണം. യാത്രയില്‍ വിഭവ സമൃദ്ധമായ രുചികള്‍ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ശീതികരിച്ച വാഹനമാണ് യാത്രയ്ക്ക്. യാത്രയില്‍ ഗൈഡിന്റെ സേവനവും ലഭ്യമാണ്.

ഒരാള്‍ക്ക് 1200/രൂപ ആണ് ഈടാക്കുന്നത്. എന്‍ട്രന്‍സ് പാസ്, കുടിവെള്ളം, ബാഗ്, കിറ്റുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ചാര്‍ജ്. യാത്രയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. ബുക്കിങ് നമ്പര്‍ : 04802769888, 9497069888.

Next Story

RELATED STORIES

Share it