Sub Lead

ജൂലിയന്‍ അസാഞ്ചിനെതിരായ കേസ്: യുകെ കോടതി വിധിക്കെതിരേ അപ്പീലുമായി അമേരിക്ക

ജൂലിയന്‍ അസാഞ്ചിനെതിരായ കേസ്:    യുകെ കോടതി വിധിക്കെതിരേ അപ്പീലുമായി അമേരിക്ക
X

വാഷിംഗ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയിലേക്ക് നാടുകടത്തേണ്ടതില്ല എന്ന യു.കെ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കി അമേരിക്ക. ചാരപ്രവൃത്തി, ഹാക്കിങ്ങ് തുടങ്ങിയ കേസുകളില്‍ ബൈഡന്‍ അസാഞ്ചിനെതിരെ നടപടികളുമായി മുന്നോട്ട് പോകുമെന്ന സന്ദേശമാണ് യുകെ കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ച നടപടി വ്യക്തമാക്കുന്നത്.

അസാഞ്ചിനെ അമേരിക്കയ്ക്ക് വിട്ടുനല്‍കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് അപ്പീല്‍ സമര്‍പ്പിച്ചതെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക്ക് റെയ്‌മോണ്ടി പറഞ്ഞു.

അതേസമയം മനുഷ്യാവകാശ സംഘടനകള്‍ ബൈഡനോട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി അമേരിക്ക മുന്നോട്ട് പോകുകയാണെങ്കില്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായിരിക്കുമെന്ന് കാണിച്ച് ബൈഡന് മുന്നില്‍ അനേകം പരാതികള്‍ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി നാലിനാണ് അസാഞ്ചിന്റെ മാനസിക ആരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് അദ്ദേഹത്തെ നാടുകടത്താന്‍ സാധിക്കില്ലെന്ന വിധി യുകെ കോടതി പറഞ്ഞത്.

ജില്ലാ ജഡ്ജ് വനേസ ബാരൈറ്റ്‌സറാണ് കേസില്‍ വിധി പറഞ്ഞത്. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരില്‍ ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ട രേഖകളുടെ പേരില്‍ ചാരവൃത്തി, ഹാക്കിങ്ങ് തുടങ്ങി 17 ഓളം കേസുകളായിരുന്നു അദ്ദേഹത്തിനെതിരെ അമേരിക്ക ചുമത്തിയിരുന്നത്.

ഓസ്‌ട്രേലിയക്കാരനായ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ജൂലിയന്‍ അസാഞ്ച്. 2006ലാണ് വിസില്‍ ബ്ലോവിങ്ങ് ഓര്‍ഗനൈസേഷനായ വിക്കിലീക്‌സ് അദ്ദേഹം ആരംഭിക്കുന്നത്. ഐസ്ലാന്‍ഡ് ആസ്ഥാനമായായിരുന്നു വിക്കിലീക്‌സ് പ്രവര്‍ത്തിച്ചിരുന്നത്.

2018ലാണ് വിക്കിലീക്‌സിന്റെ എഡിറ്ററായി മാധ്യമപ്രവര്‍ത്തകന് ക്രിസ്റ്റിന്‍ ഹ്രാഫ്‌നോസന്‍ ചുമതലയേറ്റെടുക്കുന്നത്. 2010ന്റെ മധ്യത്തില്‍ വിക്കിലീക്‌സ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ജൂലിയന്‍ അസാഞ്ച് ലോകശ്രദ്ധ നേടുന്നത്.

രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരടക്കം, പന്ത്രണ്ടോളം ഇറാഖികളെ യുഎസ് സൈനിക അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചുകൊല്ലുന്നതിന്റെ 39 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.

അമേരിക്കയ്ക്കു നേരെ അന്താരാഷ്ട്രതലത്തില്‍ വലിയ വിമര്‍ശനം ഉയരാന്‍ ഈ വീഡിയോ കാരണമായി. അമേരിക്കയുടെ ഇറാഖ് അധിനിവേശവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യുഎസ് നടത്തുന്ന ഇടപെടലുകളും വിക്കിലീക്‌സ് പുറത്തുവിട്ട വീഡിയോയെ തുടര്‍ന്ന് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.

Next Story

RELATED STORIES

Share it