Sub Lead

ജെ പി നദ്ദ ബിജെപി അധ്യക്ഷനായേക്കും; ഇന്ന് പ്രഖ്യാപനം

നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ജെ പി നദ്ദ ബിജെപി അധ്യക്ഷനായേക്കും; ഇന്ന് പ്രഖ്യാപനം
X

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനാവാന്‍ ഒരുങ്ങി നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ. നിലവിലെ പ്രസിഡന്റ് അമിത് ഷായ സ്ഥാനമൊഴിയുന്നതിനെതുടര്‍ന്നാണ് നദ്ദ ബിജെപി അധ്യക്ഷനാവുന്നത്. നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.അതിനുള്ള നടപടികള്‍ക്ക് ബിജെപി ഇന്നു തുടക്കംകുറിക്കും. രാവിലെ 10.30ന് നദ്ദ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മിക്കവാറും, നദ്ദയെ എതിരില്ലാതെ തിരഞ്ഞെടുക്കും.

പാര്‍ട്ടി മുന്‍ അധ്യക്ഷന്‍മാരും പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളുമായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരും നദ്ദയുടെ പേര് നിര്‍ദ്ദേശിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഈ നിര്‍ദേശം ബിജെപി ദേശീയ കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍ അംഗീകരിക്കും. ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ്. നാമനിര്‍ദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയില്‍ നടക്കും. സ്ഥാനാര്‍ത്ഥിത്വം 1.30 നും 2.30 നും ഇടയില്‍ പിന്‍വലിക്കാന്‍ അവസരമുണ്ടാവും. നദ്ദ ഏക സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച നടക്കേണ്ട വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ല.

ഈ മാസം 22ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും നദ്ദ ചുമതലയേല്‍ക്കുക.അഭ്യന്തര മന്ത്രി പദവി കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നും ജയം നേടുകയും അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ അഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെയാണ് ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ് ജെപി നദ്ദയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്. ജെപി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍ അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപീന്ദര്‍ യാദവ് ബിജെപിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുമെന്നാണ് സൂചന. പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിയുടെ വിവിധ ദേശീയ സമിതികളും പുനസംഘടിപ്പിക്കും.എല്ലാ കേന്ദ്രമന്ത്രിമാരെയും ഇന്ന് ബിജെപി ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അറിയിക്കാനും നദ്ദയുടെ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണിത്. 1993-2012 വരെ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ (എംഎല്‍എ) മൂന്ന് തവണ അംഗമായിരുന്നു നദ്ദ.1998 മുതല്‍ 2003 വരെ അദ്ദേഹം കാബിനറ്റ് മന്ത്രിയായിരുന്നു


Next Story

RELATED STORIES

Share it