Sub Lead

'ജെഎന്‍യുവില്‍ ഗര്‍ഭനിരോധന ഉറകള്‍ നിറഞ്ഞിരിക്കുന്നു' -വിവാദ പരാമര്‍ശവുമായി ടി പി സെന്‍കുമാര്‍

സംഘപരിവാര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ ആരോപണം തന്നേയാണ് സെന്‍കുമാര്‍ ഏറ്റെടുത്തിട്ടുള്ളത്. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എയും സമാനമായ ആരോപണം നടത്തിയിരുന്നു.

ജെഎന്‍യുവില്‍ ഗര്‍ഭനിരോധന ഉറകള്‍ നിറഞ്ഞിരിക്കുന്നു  -വിവാദ പരാമര്‍ശവുമായി ടി പി സെന്‍കുമാര്‍
X

കാസര്‍കോട്: ജെഎന്‍യുവില്‍ ഗര്‍ഭനിരോധന ഉറകള്‍ നിറഞ്ഞിരിക്കുകയാണെന്നും പെണ്‍കുട്ടികള്‍ കോണ്ടമുപയോഗിച്ചാണ് തലമുടി കെട്ടിവെക്കുന്നതെന്നും മുന്‍ പോലിസ് മേധാവി ടി പി സെന്‍കുമാര്‍. ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച 'ഭരണഘടനയും ജനാധിപത്യവും: 70 വര്‍ഷത്തെ ഇന്ത്യന്‍ അനുഭവം' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.

'ജെഎന്‍യുവിലെ പുരുഷ ഹോസ്റ്റലിലെ ടോയ്‌ലറ്റില്‍ നിന്ന് പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 40 വര്‍ഷം മുമ്പായിരുന്നു അത്'. സെന്‍കുമാര്‍ പറഞ്ഞു. ജെഎന്‍യു പോലുള്ള സര്‍വകലാശാലകള്‍ ആവശ്യമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

ജെഎന്‍യുവില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ നിലപാട് ചോദിച്ച വിദ്യാര്‍ഥിയോടായിരുനു സെന്‍കുമാറിന്റെ പ്രതികരണം. സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ജെഎന്‍യു വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വ്യാജ ചിത്രങ്ങള്‍ നേരത്തെ സെന്‍കുമാര്‍ തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി കോണ്ടം കൊണ്ട് മുടി കെട്ടി വെച്ച ചിത്രം ജെഎന്‍യുവിലെതാണെന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്.

ജെഎന്‍യുവിനെ ലക്ഷ്യമാക്കി വ്യാജ പ്രചാരണങ്ങള്‍ ഇതിന് മുമ്പും വ്യാപകമായിരുന്നു. 2016 ല്‍ രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗ്യാന്ദേവ് അഹൂജയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ജെഎന്‍യുവില്‍ പ്രതിദിനം 3,000 ബിയര്‍ കുപ്പികളും 2,000 മദ്യക്കുപ്പികളും 10,000 സിഗരറ്റ് കുറ്റികളും, 4,000 ബീഡി കുറ്റികളും കണ്ടെത്തിയെന്നായിരുന്നു ബിജെപി എംപിയുടെ ആരോപണം. 50,000 അസ്ഥി കഷ്ണങ്ങളും, 2,000 റാപ്പര്‍ ചിപ്പുകളും 3,000 ഉപയോഗിച്ച കോണ്ടങ്ങളും 500 അലസിപ്പിക്കല്‍ കുത്തിവയ്പ്പുകളും കണ്ടെത്തിയിട്ടുണ്ടെന്നും ബിജെപി നേതാവ് ആരോപിച്ചിരുന്നു. സംഘപരിവാര നേതാക്കള്‍ നിരന്തരം നടത്തുന്ന വ്യാജ ആരോപണങ്ങള്‍ തന്നേയാണ് സെന്‍കുമാര്‍ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാറിനെതിരെ വിദ്യാര്‍ഥികള്‍ തന്നെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധം അവഗണിച്ച സര്‍വകലാശാല അധികൃതര്‍ പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്നു.

സെമിനാറിന് മുന്നോടിയായി 'പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്' എന്ന വിഷയത്തില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ് പ്രബന്ധം അവതരിപ്പിച്ചിരുന്നു. പ്രതിഷേധവുമായെത്തിയ വിദ്യാര്‍ഥികള്‍ ടി ജി മോഹന്‍ദാസിനെ ബഹിഷ്‌കരിച്ചിരുന്നു. മോഹന്‍ദാസ് പ്രസംഗത്തിന് വേണ്ടി എഴുന്നേറ്റപ്പോള്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചും സെമിനാര്‍ ഹാളില്‍നിന്ന് പുറത്തേക്ക് പോയി.

Next Story

RELATED STORIES

Share it