Sub Lead

ജമ്മു കശ്മീരിലെ പ്രഥമ ആഗോള നിക്ഷേപക ഉച്ചകോടി മാറ്റിവച്ചു

ഈ മാസം ആദ്യം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമാണ് ഒക്ടോബര്‍ 12 നും 14നും ഇടയില്‍ സംസ്ഥാനത്ത് ആഗോള നിക്ഷേപ ഉച്ചകോടി നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്

ജമ്മു കശ്മീരിലെ പ്രഥമ ആഗോള നിക്ഷേപക ഉച്ചകോടി മാറ്റിവച്ചു
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശ പദവി റദ്ദാക്കിയതിനു പിന്നാലെ ഒക്ടോബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രഥമ ആഗോള നിക്ഷേപക ഉച്ചകോടി മാറ്റിവച്ചു. സാഹചര്യം ഇപ്പോള്‍ അനുകൂലമല്ലെന്നും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ജമ്മു കശ്മീര്‍ സംസ്ഥാന ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. 8 മുതല്‍ 10 വരെ കമ്പനികള്‍ മാത്രമാണ് നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുവന്നത്. ഈയിടെ കൂടുതല്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് സന്ദര്‍ശിക്കാനും ചര്‍ച്ചചെയ്യാനും അവര്‍ക്ക് സമയം ആവശ്യമാണെന്നതിനാലാണ് നീട്ടിവച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നേരത്തേ, സംസ്ഥാനത്ത് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഉച്ചകോടി പ്രഖ്യാപിക്കുകയെന്നത് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള അനുചിത നടപടിയാണെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. 'ആശയവിനിമയവും ഗതാഗതവും തടസ്സപ്പെട്ടിരിക്കുമ്പോള്‍ എങ്ങനെയാണ് നിക്ഷേപകരുടെ ഉച്ചകോടി സംഘടിപ്പിക്കാന്‍ കഴിയുകയെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യാപാരി പറഞ്ഞു.

ഈ മാസം ആദ്യം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമാണ് ഒക്ടോബര്‍ 12 നും 14നും ഇടയില്‍ സംസ്ഥാനത്ത് ആഗോള നിക്ഷേപ ഉച്ചകോടി നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും തുടര്‍ന്നുമുണ്ടായ കേന്ദ്രതീരുമാനങ്ങളെ തുടര്‍ന്ന് പുറത്തുനിന്നുള്ളവര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങുന്നതിനു വഴിതുറക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍, കശ്മീര്‍ വിഭജനത്തിനു ശേഷം ഒരു മാസത്തോളമായിട്ടും വന്‍ സുരക്ഷയും കടുത്ത നിയന്ത്രണങ്ങളും തുടരുകയാണ്. ആശയവിനിമയത്തിനും പൊതുഗതാഗതച്ചിവും കടുത്ത തടസ്സം നേരിടുകയാണ്. സംഘര്‍ഷസാധ്യത ഇല്ലാതാക്കാനെന്ന പേരില്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്തിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് അവകാശപ്പെട്ടാണ് ജമ്മു കശ്മീര്‍ വാണിജ്യ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ കെ ചൗധരി നിക്ഷേപക ഉച്ചകോടി പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it