Sub Lead

പൗരത്വ പട്ടിക രാജ്യവ്യാപകമാക്കണമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്(മഹ് മൂദ് മദനി വിഭാഗം)

എതിര്‍വിഭാഗം നേതാവായ മൗലാന സയ്യിദ് അര്‍ഷദ് മദനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി ഏതാനും ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എതിര്‍വിഭാഗവും ബിജെപി-ആര്‍എസ്എസ് നിലപാടിനെ പിന്തുണയ്ക്കുന്ന ആവശ്യവുമായി രംഗത്തെത്തിയത്.

പൗരത്വ പട്ടിക രാജ്യവ്യാപകമാക്കണമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്(മഹ് മൂദ് മദനി വിഭാഗം)
X

ദയൂബന്ദ്(യുപി): ദേശീയ പൗരത്വ പട്ടിക(എന്‍ആര്‍സി) ഇന്ത്യയിലുടനീളം നടപ്പാക്കണമെന്ന ആവശ്യവുമായി മുസ് ലിം പണ്ഡിതസഭയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്(മഹ് മൂദ് മദനി വിഭാഗം) രംഗത്ത്. എതിര്‍വിഭാഗം നേതാവായ മൗലാന സയ്യിദ് അര്‍ഷദ് മദനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി ഏതാനും ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എതിര്‍വിഭാഗവും ബിജെപി-ആര്‍എസ്എസ് നിലപാടിനെ പിന്തുണയ്ക്കുന്ന ആവശ്യവുമായി രംഗത്തെത്തിയത്. രാജ്യത്ത് നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാന്‍ എന്‍ആര്‍സി സഹായിക്കുമെന്നതിനാല്‍ ഇന്ത്യയിലുടനീളം എന്‍ആര്‍സി നടപ്പാക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി മഹ്മൂദ് മദനി പറഞ്ഞു. 'എന്‍ആര്‍സി രാജ്യത്തുടനീളം നടത്തണം, കാരണം ഇവിടെ എത്ര നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടെന്ന് അറിയാന്‍ ഇത് സഹായിക്കും. യഥാര്‍ത്ഥ പൗരന്‍മാരെപോലും പുറത്താക്കുന്നതിനാല്‍ അക്കാര്യം ചെയ്യണം. തനിക്ക് അതില്‍ ഒരു പ്രശ്‌നവുമില്ലെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു.

അസമില്‍ കഴിഞ്ഞ മാസം അവസാനം പ്രസിദ്ധീകരിച്ച അന്തിമ എന്‍ആര്‍സി പട്ടികയില്‍ നിന്ന് 19 ലക്ഷത്തിലധികം പേരാണു പുറത്തായത്. പൗരത്വം തെളിയിക്കാന്‍ അസം ജനതയ്ക്ക് 1971 മാര്‍ച്ച് 25നു മുമ്പ് അസമില്‍ ജനിച്ചതായി തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമായിരുന്നു. എന്‍ആര്‍സി പ്രക്രിയ ഇന്ത്യയിലുടനീളം വ്യാപിപ്പിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വിരമിച്ച സുപ്രിം കോടതി ജഡ്ജിമാര്‍, അക്കാദമിക്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ജനകീയ ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുര്‍ബലരായ വ്യക്തികളെയും ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടുള്ള എന്‍ആര്‍സി ഗുരുതര മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അസമില്‍ എന്‍ആര്‍സി നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഐക്യരാഷ്ട്രസഭ, ഇത് സൃഷ്ടിക്കുന്ന അസ്ഥിരതയെയും അഭര്‍ഥികളാക്കപ്പെടുന്നതിനെയും ദീര്‍ഘകാലം തടങ്കലില്‍ വയ്ക്കാനുള്ള സാധ്യതകളെയു കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി, തങ്ങളുടെ പാര്‍ട്ടിയും സര്‍ക്കാരും സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പൗരത്വ പട്ടികയെ കുറിച്ചും തടങ്കല്‍ പാളയങ്ങളെ കുറിച്ചും രാജ്യവ്യാപകമായി വന്‍ ആശങ്കയുയരുമ്പോഴാണ്, രാജ്യത്തെ ഏറ്റവും വലിയ ഇസ് ലാമിക സംഘടനയെന്ന് അവകാശപ്പെടുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് വിവാദ നടപടിക്കു പിന്തുണ നല്‍കിയിട്ടുള്ളത്.



Next Story

RELATED STORIES

Share it