Sub Lead

''ജൈനന്‍മാര്‍ വേദ പാരമ്പര്യങ്ങളെ തള്ളിക്കളഞ്ഞവര്‍; ഹിന്ദു വിവാഹനിയമം അവര്‍ക്ക് ബാധകമല്ല''-ഇന്‍ഡോര്‍ കുടുംബകോടതി

ജൈനന്‍മാര്‍ വേദ പാരമ്പര്യങ്ങളെ തള്ളിക്കളഞ്ഞവര്‍; ഹിന്ദു വിവാഹനിയമം അവര്‍ക്ക് ബാധകമല്ല-ഇന്‍ഡോര്‍ കുടുംബകോടതി
X

ഇന്‍ഡോര്‍: ജൈന മതവിശ്വാസികള്‍ക്ക് ഹിന്ദു നിയമപ്രകാരം വിവാഹമോചനം നല്‍കില്ലെന്ന് മധ്യപ്രദേശിലെ കുടുംബകോടതി. ഇന്‍ഡോറിലെ കുടുംബകോടതി ജഡ്ജിയായ ധീരേന്ദ്ര സിങാണ് ഹിന്ദു വിവാഹനിയമത്തിലെ 13-ബി വകുപ്പ് ജൈന മതക്കാര്‍ക്ക് ബാധകമാവില്ലെന്ന നിലപാട് എടുത്തിരിക്കുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് 35 വയസുള്ള ഒരു അഭിഭാഷകയും 37 വയസുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും നല്‍കിയ ഹരജി തള്ളിയാണ് ജഡ്ജി നിയമപ്രശ്‌നം ഉന്നയിച്ചത്. സമാനമായ 28 വിവാഹമോചന ഹരജികളും ജഡ്ജി തള്ളി.

ഹിന്ദുമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങളെ തള്ളിക്കളയുന്ന ജൈനന്‍മാര്‍ ഹിന്ദുമതത്തില്‍ നിന്ന് വേര്‍പ്പെട്ട ന്യൂനപക്ഷങ്ങളാണെന്നും അവര്‍ക്ക് ഹിന്ദു വിവാഹനിയമം ബാധകമാക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു.

'' വേദങ്ങള്‍, ഉപനിഷത്തുകള്‍, സ്മൃതികള്‍ തുടങ്ങിയ ഗ്രന്ഥങ്ങളെ ഹിന്ദുക്കള്‍ പവിത്രമായി കാണുന്നു. ജൈനമതം അവയെ അംഗീകരിക്കുന്നില്ല. അവര്‍ക്ക് അവരുടേതായ പുണ്യ ഗ്രന്ഥങ്ങളുണ്ട്. ഹിന്ദു വിശ്വാസങ്ങള്‍ അനുസരിച്ച്, ബ്രഹ്മാവാണ് പ്രപഞ്ചം സൃഷ്ടിച്ചത്. എന്നാല്‍, പ്രപഞ്ചം ശാശ്വതമാണെന്നും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും ജൈനമതം വിശ്വസിക്കുന്നു. ആത്മാവും പരമാത്മാവും ഒന്നല്ലെന്നാണ് ഹിന്ദുവിശ്വാസം. ജീവിതാവസാനത്തില്‍ ആത്മാവ് പരമാത്മാവില്‍ ലയിക്കുമെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. എന്നാല്‍, ഓരോ ആത്മാവും പരമമാണെന്നാണ് ജൈന വിശ്വാസം. ഹിന്ദുക്കള്‍ ഒന്നിലധികം ദേവന്മാരെയും ദേവതകളെയും ആരാധിക്കുന്നു. അതേസമയം ജൈനമതത്തില്‍ തീര്‍ത്ഥങ്കരന്മാരെയാണ് ആരാധിക്കുന്നത്. തങ്ങളെ ന്യൂനപക്ഷ സമുദായമായി കാണണമെന്ന് 1947ല്‍ തന്നെ ജൈനമത വിശ്വാസികള്‍ ആവശ്യപ്പെടുന്നുണ്ട്. 2014ല്‍ കേന്ദ്രസര്‍ക്കാര്‍ അവരെ ന്യൂനപക്ഷ മതസമൂഹമായി അംഗീകരിച്ചു. അതിനാല്‍, ജൈനമത വിശ്വാസികള്‍ക്ക് മതപരവും സാമൂഹികവുമായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും സ്വതന്ത്രമായി ആചരിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ജൈനമതത്തിന്റെ അനുയായികളെ പരസ്പരവിരുദ്ധമായ ആശയങ്ങള്‍ പുലര്‍ത്തുന്ന ഹിന്ദുമതത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കുന്നത് മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതിന് തുല്യമായിരിക്കും.'' - ധീരേന്ദ്ര സിങ് വിധികളില്‍ പറഞ്ഞു.

സ്വന്തമായി വ്യക്തിനിയമമില്ലാത്ത വിഭാഗമായതിനാല്‍ കുടുംബകോടതി വിധിക്കെതിരെ ജൈനന്‍മാര്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ജൈനമതക്കാര്‍ക്ക് പ്രത്യേക വ്യക്തിനിയമങ്ങള്‍ ഇല്ലാത്തതിനാല്‍ വിവാഹമോചനത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കണമെന്ന് അപ്പീല്‍ ഹരജിക്കാര്‍ക്കു വേണ്ടി ഹാജരാവുന്ന അഡ്വ. പങ്കജ് ഖാണ്ഡെവാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം പരിഗണിച്ച ഹൈക്കോടതി ഒരു മുതിര്‍ന്ന അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

ജൈന, സിഖ്, ബുദ്ധമത വിശ്വാസികള്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെന്നാണ് ഭരണഘടനയുടെ 25ാം അനുഛേദം പറയുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക വ്യക്തിനിയമം ഇല്ല.

Next Story

RELATED STORIES

Share it