Sub Lead

ഇടവക ഫണ്ട് ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം; യുവ വൈദികന്‍ അറസ്റ്റില്‍ -പിടിച്ചെടുത്തത് 'ഡേറ്റ് റേപ്പ്' ഡ്രഗ്

ഇടവക ഫണ്ട് ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം; യുവ വൈദികന്‍ അറസ്റ്റില്‍  -പിടിച്ചെടുത്തത് ഡേറ്റ് റേപ്പ് ഡ്രഗ്
X

റോം: ഇടവക ഫണ്ട് ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് കച്ചവടം നടത്തിയ കേസില്‍ യുവ വൈദികന്‍ അറസ്റ്റില്‍. 40 വയസുള്ള വൈദികനെയാണ് കേസില്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇടവക ഫണ്ട് ദുരുപയോഗം ചെയ്തതിനും അനധികൃത ലഹരിമരുന്ന് ഇടപാട് നടത്തിയതിനും ഫ്രാന്‍സിസ്‌കോ സ്പാഗ്‌നസി എന്ന വൈദികനെ അറസ്റ്റ് ചെയ്തതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍എസ്എയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇറ്റലിയിലെ ടസ്‌കണി മേഖലയിലാണ് സംഭവം നടന്നത്. വൈദികന്റെ കൂട്ടാളി മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു പിന്നാലെ പോലിസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ 'ഡേറ്റ് റേപ്പ്' ഡ്രഗ് എന്നറിയപ്പെടുന്ന ജിബിഎല്‍ ആണ് വൈദികന്റെ കൂട്ടാളിയില്‍ നിന്ന് പിടിച്ചെടുത്തത്. സൗഹൃദം സ്ഥാപിക്കുന്ന യുവതികളെ ലഹരി നല്‍കിയ ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യാനാണ് ഇത്തരം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത്. ജിബിഎല്ലിനു പുറമെ ഇയാള്‍ക്ക് കൊക്കൈന്‍ ഇടപാടും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രേറ്റോയിലെ കാസ്റ്റലിന ജില്ലയിലെ അനൂണ്‍സിയാസോണ്‍ ഇടവകയിലെ വൈദികനാണ് അറസ്റ്റിലായ സ്പാഗ്‌നസി. അറസ്റ്റിലായ പ്രതി നിലവില്‍ വീട്ടുതടങ്കലിലാണെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്. മയക്കുമരുന്ന് ഇറക്കുമതിയും വില്‍പനയുമാണ് പ്രതിയ്‌ക്കെതിരെയുള്ള ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്ന് പ്രേറ്റോ പബ്ലിക് പ്രോസിക്യൂട്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇദ്ദേഹം കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്റര്‍നെറ്റ് ഉപയോഗിച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതെന്നും പോളണ്ടില്‍ നിന്ന് അനധികൃതമായി മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്നുമാണ് വിവരമെന്ന് വാണ്ടഡ് ഇന്‍ റോം വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇയാളുടെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്നിരുന്നത്. വിശദമായ അന്വേഷണം നടത്തിയതോടെയാണ മയക്കുമരുന്ന് ഇടപാടുകാരനായ വൈദികന്‍ കുടുങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടിയിലായ രണ്ട് പ്രതികളും മയക്കുമരുന്ന് വിതരണം ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മയക്കുമരുന്ന് ഉപയോഗിക്കാനും തുടര്‍ന്ന് പരസ്പരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുമായി ഇവര്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയായ വൈദികന്‍ നിരവധി പേര്‍ക്ക് ജിബിഎല്‍ വിതരണം ചെയ്തിരുന്നുവെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മയക്കുമരുന്ന് ഇടപാടുകള്‍ക്കായി ഇയാള്‍ പതിനായിരക്കണക്കിന് യൂറോ വരുന്ന ഇടവക ഫണ്ടില്‍ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. അറസ്റ്റിലായതിനു പിന്നാലെ ഇയാളെ ഇടവകയുടെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

അതേസമയം, വൈദികന്റെ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി മൂന്ന് മാസം മുന്‍പേ അറിയാമായിരുന്നുവെന്നാണ് ബിഷപ്പ് പറയുന്നത്. ഇദ്ദേഹം മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നു മുക്തി നേടാനുള്ള ചികിത്സയിലായിരുന്നുവെന്നും പ്രേറ്റോ രൂപത മെത്രാന്‍ വ്യക്തമാക്കി. ഏതാനും മാസം മുന്‍പ് അവശനായ നിലയില്‍ കണ്ടെത്തിയ വൈദികനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി തുറന്നു പറഞ്ഞെന്നും തുടര്‍ന്ന് ലഹരിമുക്തി കേന്ദ്രത്തിലാക്കിയെന്നും ബിഷപ്പ് പറയുന്നു. എന്നാല്‍ സഭ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. പാവപ്പെട്ടവരെ സഹായിക്കാന്‍ എന്ന പേരില്‍ ഇടവകയുടെ അക്കൗണ്ടില്‍ നിന്ന് വന്‍തുകയാണ് ഇയാള്‍ മാറ്റിയിരുന്നതെന്നു ഇറ്റാലിയന്‍ മാധ്യമമായ ഓപ്പണ്‍ ഓണ്‍ലൈന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it