Sub Lead

ഹമാസുമായി യുദ്ധത്തിനില്ലെന്ന്; കൗമാരക്കാരനെ ഇസ്രായേല്‍ ജയിലിലടച്ചു

ഹമാസുമായി യുദ്ധത്തിനില്ലെന്ന്; കൗമാരക്കാരനെ ഇസ്രായേല്‍ ജയിലിലടച്ചു
X

തെല്‍ അവീവ്: പൗരന്‍മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്തിയ ഇസ്രായേലില്‍ ഹമാസുമായി യുദ്ധത്തിനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച കൗമാരക്കാരനെ ജയിലിലടച്ചു. തെല്‍ അവീവ് നിവാസിയായ ടാല്‍ മിറ്റ്‌നിക്കിനെയാണ് ശിക്ഷിച്ചത്. ഇസ്രായേല്‍-ഹമാസ് യുദ്ധവും അധിനിവേശവും ചൂണ്ടിക്കാട്ടി ഇസ്രായേല്‍ സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനാണ് 18കാരനെ വിചാരണ ചെയ്യുകയും 30 ദിവസം സൈനിക ജയിലില്‍ ശിക്ഷിക്കുകയും ചെയ്തത്. ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സയ്ക്കു പിന്നാലെ ഇസ്രായേല്‍ നടത്തിയ ഓപറേഷന്‍ സ്വോര്‍ഡ്‌സ് ഓഫ് അയണ്‍ ആക്രമണം ആരംഭിച്ചതിന് ശേഷം തടവിലാവുന്ന ആദ്യ ഇസ്രായേലിയാണ് മിറ്റ്‌നിക്ക് എന്ന് ജെറുസലേം പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

യുദ്ധത്തെ എതിര്‍ക്കുന്ന മെസര്‍വോട്ട് നെറ്റ്‌വര്‍ക്ക് എന്ന യുവ കൂട്ടായ്മയില്‍ അംഗമായ ടാല്‍ മിറ്റ്‌നിക്ക് മധ്യ ഇസ്രായേലിലെ ഗസ വേലിക്ക് സമീപമുള്ള ടെല്‍ ഹാഷോമറില്‍ വച്ചാണ് നിലപാട് അറിയിച്ചത്. 'കൂടുതല്‍ അക്രമം സുരക്ഷിതത്വം നല്‍കുമെന്ന് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ല. പ്രതികാര യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു. ജീവിതം പവിത്രമായ, ചര്‍ച്ചകള്‍ വിലമതിക്കുന്ന, അക്രമാസക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് സംവാദവും വിവേകവും വേണമെന്നു കരുതുന്ന സ്ഥലത്താണ് ഞാന്‍ വളര്‍ന്നത്. അഴിമതി നിറഞ്ഞ, പക്ഷപാതിത്തം കാട്ടുന്ന ലോകത്ത്, സര്‍ക്കാരിന്റെ പിന്തുണ വര്‍ധിപ്പിക്കാനും വിമര്‍ശനങ്ങളെ നിശബ്ദമാക്കാനുമുള്ള മറ്റൊരു മാര്‍ഗമാണ് അക്രമവും യുദ്ധം. ഗസയിലെ കരയുദ്ധം ആഴ്ചകള്‍ പിന്നിട്ട ശേഷം നടത്തിയ ചര്‍ച്ചകളും ഉടമ്പടികളും ബന്ദികളെ തിരികെ കൊണ്ടുവന്നുവെന്ന വസ്തുത നാം തിരിച്ചറിയണം. യഥാര്‍ത്ഥത്തില്‍ സൈനിക നടപടിയാണ് അവരെ കൊല്ലാന്‍ കാരണമായത്. ഗസയില്‍ നിരപരാധികളായ സാധാരണക്കാരില്ലെന്ന കൊടും നുണയാണ് അതിനു കാരണം. ഹീബ്രു ഭാഷയിലെഴുതിയ വെള്ളക്കൊടി വീശിയെത്തിയ ബന്ദികളെ പോലും വെടിവച്ചു കൊന്നതായും ടാല്‍ മിറ്റ്‌നിക്ക് പറഞ്ഞു. തന്റെ തീരുമാനത്തെ മിറ്റ്‌നിക്ക് ശക്തമായി ന്യായീകരിച്ചു. കൊലയ്ക്ക് കൊല പരിഹിരമാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹമാസിന്റെ കൊലപാതകത്തിന് ഗസയിലെ കൂട്ടക്കൊല പരിഹാരമാവില്ല. അക്രമം കൊണ്ട് അക്രമം പരിഹരിക്കാനാവില്ല. അതുകൊണ്ടാണ് ഞാന്‍ സൈന്യത്തില്‍ ചേരാനുള്ള ആഹ്വാനം തള്ളുന്നതെന്നും കൗമാരക്കാരന്‍ പറഞ്ഞു.

ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരേ പ്രചാരണം നടത്തുന്നവരെ പിന്തുണയ്ക്കുന്ന മെസര്‍വോട്ടിന്റെ എക്‌സ് അക്കൗണ്ടിലാണ് 18കാരന്റെ പ്രസ്താവന പോസ്റ്റ് ചെയ്തത്. 'രക്തം കൊണ്ട് നിങ്ങള്‍ക്ക് സ്വര്‍ഗം പണിയാന്‍ കഴിയില്ല. കണ്ണിന് കണ്ണ്, ഞങ്ങളെല്ലാം അന്ധരാവുന്നു, സൈനിക നടപടിയിലൂടെ പരിഹാരമില്ല തുടങ്ങിയ വാചകങ്ങളുള്ള പ്ലക്കാര്‍ഡുകള്‍ പിടിച്ച് സുഹൃത്തുക്കള്‍ മിറ്റ്‌നിക്കിനെ പിന്തുണച്ചു. ഇസ്രായേലിലെ ജൂതവിഭാഗത്തില്‍പെട്ട ഭൂരിഭാഗവും സൈനിക സേവനം നിര്‍ബന്ധമായും ആചാരമായുമാണ് കാണുന്നത്. സൈനിക അധിനിവേശത്തെ എതിര്‍ക്കുന്ന റഫ്യൂനിക്കുകള്‍ എന്ന് വിളിക്കപ്പെടുന്നവരെ ഇത്തരക്കാര്‍ രാജ്യദ്രോഹികളായാണ് മുദ്രകുത്തുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദിഷ്ട ജുഡീഷ്യല്‍ പരിഷ്‌കരണ ബില്ല് ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരേ പ്രതിഷേധിച്ച 200ലേറെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സൈന്യത്തില്‍ ചേരാനുള്ള ആഹ്വാനം തള്ളുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെയും ഇത്തരത്തില്‍ സൈനിക സേവനം നിരസിക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. 2022ല്‍ നാലുപേരെ തുടര്‍ച്ചയായി ജയിലിലടച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം, ഇസ്രായേലിന്റെ അധിനിവേശം, ആക്രമണം, ഫലസ്തീനികള്‍ക്കെതിരായ വിവേചനം തുടങ്ങി പല പ്രതിഷേധങ്ങളിലും പങ്കെടുത്തവരാണ് ഇത്തരത്തില്‍ സൈന്യത്തില്‍ ചേരാന്‍ വിസമ്മതം അറിയിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. 2003ല്‍ വെസ്റ്റ് ബാങ്ക്, ഗസ ആക്രമണങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച് ഒരു കൂട്ടം ഇസ്രായേലി എയര്‍ഫോഴ്‌സ് പൈലറ്റുമാര്‍ രംഗത്തെത്തിയത് ഇസ്രായേലിനെ ഞെട്ടിച്ചിരുന്നു.

Next Story

RELATED STORIES

Share it