Sub Lead

ഇസ്രായേല്‍-യുഎഇ ധാരണ: പശ്ചിമേഷ്യന്‍ സമാധാന ഉച്ചകോടിക്ക് യുഎസ് പദ്ധതിയിടുന്നതായി റിപോര്‍ട്ട്

സമാധാന ഉച്ചകോടിക്ക് അടിത്തറ ഒരുക്കാനുള്ള വാഷിങ്ടണിന്റെ ശ്രമത്തിന്റെ ഭാഗമായാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ സന്ദര്‍ശനമെന്ന് പേരു വെളിപ്പെടുത്താത്ത നയതന്ത്രജ്ഞന്‍ ഇസ്രായേല്‍ ഹയോമിനോട് പറഞ്ഞു.

ഇസ്രായേല്‍-യുഎഇ ധാരണ: പശ്ചിമേഷ്യന്‍ സമാധാന ഉച്ചകോടിക്ക് യുഎസ് പദ്ധതിയിടുന്നതായി റിപോര്‍ട്ട്
X

അബുദബി: നയതന്ത്രബന്ധം സാധാരണ നിലയിലാക്കി കൊണ്ടുള്ള യുഎഇ-ഇസ്രായേല്‍ ധാരണയുടെ പശ്ചാത്തലത്തില്‍ വരും ആഴ്ചകളില്‍ പശ്ചിമേഷ്യന്‍ സമാധാന ഉച്ചകോടിക്ക് വാഷിങ്ടണ്‍ പദ്ധതിയിടുന്നതായി എമിറാത്തി നയതന്ത്രജ്ഞനെ ഉദ്ധരിച്ച് ഇസ്രായേല്‍ പത്രം റിപോര്‍ട്ട് ചെയ്തു.

സമാധാന ഉച്ചകോടിക്ക് അടിത്തറ ഒരുക്കാനുള്ള വാഷിങ്ടണിന്റെ ശ്രമത്തിന്റെ ഭാഗമായാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ സന്ദര്‍ശനമെന്ന് പേരു വെളിപ്പെടുത്താത്ത നയതന്ത്രജ്ഞന്‍ ഇസ്രായേല്‍ ഹയോമിനോട് പറഞ്ഞു.

തിങ്കളാഴ്ച തെല്‍അവീവ് സന്ദര്‍ശിച്ച് പോംപിയോ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചിരുന്നു. അവിടെനിന്ന് സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലേക്ക് പുറപ്പെടും മുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഖാര്‍ത്തൂമിലെത്തിയത്. തെല്‍ അവീവില്‍നിന്ന് ഖാര്‍ത്തൂമിലേക്ക് നേരിട്ടുള്ള ആദ്യ ഔദ്യോഗിക വിമാന സര്‍വീസ് ആയിരുന്നു അത്. യുഎഇയും ബഹ്‌റെയ്‌നും പോംപിയോയുടെ പര്യടനത്തില്‍ ഉള്‍പ്പെടും. തെല്‍ അവീവുമായുള്ള ബന്ധം സാധാരണ നിലയിലാക്കി കൊണ്ടുള്ള യുഎഇ നടപടി പിന്തുടരാന്‍ കൂടുതല്‍ അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കാനുള്ള യുഎസ് ശ്രമങ്ങളുടെ ഭാഗമായാണ് പോംപിയോയുടെ സുഡാന്‍ സന്ദര്‍ശനം.

വാഷിങ്ടണിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ധാരണയിലെത്തിയതായി ആഗസ്ത് 13നാണ് അബുദബി പ്രഖ്യാപിച്ചത്. സമാധാന ഉച്ചകോടി ഏതെങ്കിലും ഗള്‍ഫ് രാജ്യത്ത് നടത്താന്‍ തീരുമാനിച്ചതായും എന്നാല്‍ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഇസ്രയേല്‍ ഹയോം പറഞ്ഞു.

യുഎഇക്ക് പുറമേ, ഈജിപ്തും ജോര്‍ദാനും മാത്രമാണ് ഇസ്രയേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെച്ച അറബ് രാജ്യങ്ങള്‍.

ഇസ്രയേലിനും യുഎഇക്കുമൊപ്പം ബഹ്‌റൈന്‍, ഒമാന്‍, മൊറോക്കോ, സുഡാന്‍, ചാഡ് എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.

സമ്മേളനത്തില്‍ സൗദി അറേബ്യയും ഈജിപ്തും ജോര്‍ദാനും പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.

ഇസ്രായേലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നത് തന്റെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞതായി തിങ്കളാഴ്ച മൊറോക്കന്‍ പ്രധാനമന്ത്രി സഅദുദ്ദീന്‍ അല്‍ ഉസ്മാനി വ്യക്തമാക്കിയിരുന്നു. ഫലസ്തീനികള്‍ക്കെതിരായ നിയമ ലംഘനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തെല്‍ അവീവിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫലസ്തീന്‍ പ്രസിഡന്റ്

മഹമൂദ് അബ്ബാസിന് പോംപിയോ ഒരു സന്ദേശം അയച്ചതായി എമിറാത്തി ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. അദ്ദേഹത്തെ റാമല്ലയില്‍ സന്ദര്‍ശിക്കാനും സമ്മേളനത്തിലേക്ക് ക്ഷണിക്കാനും തയ്യാറാണെന്ന് അറിയിച്ചെങ്കിലും ഫലസ്തീന്‍ നേതാവ് ഈ വാഗ്ദാനം നിരസിച്ചതായും എമിറാത്തി ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it