Sub Lead

നെതന്യാഹുവിന്റെ യുഎഇ, ബഹ്‌റയ്ന്‍ സന്ദര്‍ശനം വീണ്ടും റദ്ദാക്കി

കൊവിഡ് 19 ലോക്ക്ഡൗണ്‍ കാരണം ഇസ്രായേലിനകത്തും പുറത്തും ഉള്ള എല്ലാ യാത്രാ വിമാനങ്ങളും നിര്‍ത്തിവച്ചതിനാല്‍ അടുത്തയാഴ്ച നിശ്ചയിച്ചിരുന്ന നെതന്യാഹുവിന്റെ സന്ദര്‍ശനം റദ്ദാക്കിയതായാണ് പ്രസ്താവനയില്‍ പറയുന്നത്.

നെതന്യാഹുവിന്റെ യുഎഇ, ബഹ്‌റയ്ന്‍ സന്ദര്‍ശനം വീണ്ടും റദ്ദാക്കി
X

തെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്താഴ്ച നിശ്ചയിച്ചിരുന്ന ബഹ്‌റയ്ന്‍, യുഎഇ സന്ദര്‍ശനം റദ്ദാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതു മൂന്നാം തവണയാണ് നിശ്ചയിച്ച യാത്ര നെതന്യാഹു റദ്ദാക്കുന്നത്.

അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റേയും ബഹ്‌റയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫയുടെയും ക്ഷണത്തെയും നമ്മുടെ രാജ്യങ്ങള്‍ക്കിടയിലെ ചരിത്രപരമായ സമാധാനത്തേയും വളരെയധികം വിലമതിക്കുന്നതായി നെതന്യാഹു പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊവിഡ് 19 ലോക്ക്ഡൗണ്‍ കാരണം ഇസ്രായേലിനകത്തും പുറത്തും ഉള്ള എല്ലാ യാത്രാ വിമാനങ്ങളും നിര്‍ത്തിവച്ചതിനാല്‍ അടുത്തയാഴ്ച നിശ്ചയിച്ചിരുന്ന നെതന്യാഹുവിന്റെ സന്ദര്‍ശനം റദ്ദാക്കിയതായാണ് പ്രസ്താവനയില്‍ പറയുന്നത്.

വൈറസ് പടരാതിരിക്കാനുള്ള നടപടികളുടെ ഭാഗമായുള്ള വിമാന യാത്രാ നിയന്ത്രണം നെതന്യാഹു ലംഘിച്ചുവെന്ന പരസ്യ വിമര്‍ശനം ഒഴിവാക്കാന്‍ സന്ദര്‍ശനം മാറ്റിവച്ചിരിക്കാമെന്ന് ഇസ്രായേലിന്റെ ഹാരെറ്റ്‌സ് പത്രം സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പറഞ്ഞു. പകര്‍ച്ചവ്യാധിയും ബഹ്‌റയിന്റെ അഭ്യര്‍ഥന മാനിച്ചും നെതന്യാഹു മുമ്പ് യുഎഇയിലേക്കും ബഹ്‌റയ്‌നിലേക്കുമുള്ള രണ്ട് സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചിരുന്നു.

അടുത്താഴ്ച നിശ്ചയിച്ച സന്ദര്‍ശനം മൂന്നു ദിവസത്തില്‍നിന്ന് മൂന്നു മണിക്കൂറായി ചുരുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിന്റെ മധ്യസ്ഥതയില്‍ ഇസ്രായേല്‍ യുഎഇയുമായും ബഹ്‌റൈനുമായും ബന്ധം സാധാരണനിലയിലാക്കികൊണ്ടുള്ള കരാറില്‍ ഒപ്പുവച്ചത്.

സ്ഥിരമായ ഒരു എംബസി സ്ഥാപിക്കുന്നതിനും അംബാസഡറെ നിയമിക്കുന്നതിനുമുള്ള മുന്നോടിയായി കഴിഞ്ഞ മാസം യുഎഇയിലെ താല്‍ക്കാലിക ദൗത്യത്തിന്റെ തലവനായി തുര്‍ക്കിയിലെ മുന്‍ അംബാസഡറായിരുന്ന ഐതാന്‍ നഹെയെ ഇസ്രായേല്‍ നിയമിച്ചിരുന്നു.

Next Story

RELATED STORIES

Share it