Sub Lead

കുറ്റം തെളിയുന്നതിന് മുമ്പ് ആരോപണവിധേയരുടെ ചിത്രം പോലിസ് പ്രചരിപ്പിക്കരുത്: രാജസ്ഥാന്‍ ഹൈക്കോടതി; 24 മണിക്കൂറില്‍ ചിത്രങ്ങള്‍ നീക്കം ചെയ്യണം

അറസ്റ്റ് ചെയ്തവരെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പോലിസ് നടപടി സ്ഥാപനപരമായ അപമാനമാണെന്ന് ജസ്റ്റിസ് ഫര്‍ജന്ദ് അലി

കുറ്റം തെളിയുന്നതിന് മുമ്പ് ആരോപണവിധേയരുടെ ചിത്രം പോലിസ് പ്രചരിപ്പിക്കരുത്: രാജസ്ഥാന്‍ ഹൈക്കോടതി; 24 മണിക്കൂറില്‍ ചിത്രങ്ങള്‍ നീക്കം ചെയ്യണം
X

ജയ്പൂര്‍: ക്രിമിനല്‍ കേസുകളില്‍ ആരോപണവിധേയരായവരുടെ ചിത്രങ്ങള്‍ കുറ്റം തെളിയുന്നതിന് മുമ്പ് പ്രചരിപ്പിക്കുന്ന പോലിസ് നടപടി സ്ഥാപനപരമായ അപമാനിക്കലാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. 24 മണിക്കൂറിനുള്ളില്‍ ഇത്തരം ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ജസ്റ്റിസ് ഫര്‍ജന്ദ് അലി പോലിസിന് നിര്‍ദേശം നല്‍കി. കുറ്റാരോപിതരെ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കുന്നതും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് കോടതി വ്യക്തമാക്കി. തങ്ങളെ കസ്റ്റഡിയില്‍ എടുത്ത ശേഷം പോലിസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പത്തുപേര്‍ നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ഭരണഘടനയുടെ 21ാം അനുഛേദം ജീവിക്കാനുള്ള അവകാശം മാത്രമല്ല, അന്തസോടെ ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്തുന്നതായി കോടതി പറഞ്ഞു. ഒരാളുടെ അന്തസ് അറസ്റ്റ് ചെയ്യുന്നതോടെ ഇല്ലാതാവില്ല. ഒരാളെ തറയില്‍ ഇരുത്തുന്നതും ഭാഗികമായോ മുഴുവനായോ വിവസ്ത്രനാക്കുന്നതും ചിത്രം എടുക്കുന്നതും പ്രചരിപ്പിക്കുന്നതും മാധ്യമങ്ങള്‍ക്ക് നല്‍കുന്നതും സ്ഥാപനപരമായ അപമാനിക്കലാണെന്ന് കോടതി പറഞ്ഞു. '' കേസില്‍ ആരോപണ വിധേയനായ ആള്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങളുണ്ട്. അവിവാഹിതയായ സ്ത്രീയാണെങ്കില്‍ ഇത്തരം പ്രചാരണം വലിയ പ്രത്യാഘാതമുണ്ടാക്കും. അവരുടെ വിവാഹത്തെയും സാമൂഹിക സ്ഥാനത്തെയും മാനസിക ആരോഗ്യത്തെയും അത് ബാധിക്കും.''-കോടതി ചൂണ്ടിക്കാട്ടി.

പോലിസിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികള്‍ വ്യാപകമായി വരുന്നതായി കോടതി പറഞ്ഞു. ചില കേസുകളിലെ കുറ്റാരോപിതരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തുന്നു. അതിന്റെ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു. ഒരാള്‍ കുറ്റവാളിയല്ല, കുറ്റാരോപിതനാണ് എന്ന കാര്യം മറക്കരുത്. ന്യായമായ വിചാരണക്ക് ശേഷം ഒരാളെ കുറ്റവാളിയായി കണ്ടെത്തുന്നതു വരെ അയാളെ നിരപരാധിയായി കാണണം. ന്യായമായ വിചാരണക്ക് ശേഷമുള്ള വിധി വരുന്നതിന് മുമ്പ് കുറ്റാരോപിതനെതിരേ പ്രചാരണം നടത്തുന്നത് ഭരണഘടനാപരമായ ധാര്‍മികതക്കും നിയമവാഴ്ച്ചയ്ക്കും എതിരാണ്. ഇത്തരം പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഊഹാപോഹപരമോ ക്ഷണികമോ അല്ല. ഇത്തരം ഫോട്ടോഗ്രാഫുകള്‍ ഡിജിറ്റല്‍, പൊതുസഞ്ചയത്തിലേക്ക് റിലീസ് ചെയ്തുകഴിഞ്ഞാല്‍, ആ കളങ്കം ശാശ്വതമായി നിലനില്‍ക്കും. പ്രതി ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടാലും, പ്രശസ്തിക്കും സാമൂഹിക നിലയ്ക്കും മേലുള്ള മുറിവ് പലപ്പോഴും പരിഹരിക്കാനാവില്ല. ഭരണകൂടത്തിന്റെ കൈകളാല്‍ ഉണ്ടാവുന്ന അത്തരം മാറ്റാനാവാത്ത പരിക്കിനെ ഭരണഘടന അംഗീകരിക്കുന്നില്ല. ക്രിമിനല്‍ നടപടിക്രമ നിയമമോ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയോ, പോലിസ് ആക്ടോ അതിന് കീഴില്‍ രൂപപ്പെടുത്തിയ ചട്ടങ്ങളോ പോലിസിന് അത്തരം അധികാരങ്ങള്‍ നല്‍കുന്നുമില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത്, പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട അച്ചടക്കമുള്ള സേനയ്ക്ക് പൂര്‍ണ്ണമായും അനുയോജ്യമല്ല. അത് ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പുകളുടെ ലംഘനവുമാണെന്ന് കോടതി വ്യക്തമാക്കി. ഹരജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ സര്‍വാര്‍ ഖാന്‍, രജാക് ഖാന്‍ എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it