Sub Lead

ഇന്‍ഡിഗോ ദോഹ-തിരുവനന്തപുരം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നു

വേനലവധി സീസണില്‍ പൊടുന്നനെ സര്‍വീസ് നിര്‍ത്തുന്നതു തെക്കന്‍ ജില്ലക്കാരായ പ്രവാസികളുടെ യാത്രാക്ലേശം രൂക്ഷമാക്കും.

ഇന്‍ഡിഗോ ദോഹ-തിരുവനന്തപുരം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നു
X

ദോഹ: ദോഹ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ദോഹ-തിരുവനന്തപുരം സര്‍വീസ് മെയ് 2 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. യാത്രക്കാരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. വേനലവധി സീസണില്‍ പൊടുന്നനെ സര്‍വീസ് നിര്‍ത്തുന്നതു തെക്കന്‍ ജില്ലക്കാരായ പ്രവാസികളുടെ യാത്രാക്ലേശം രൂക്ഷമാക്കും.

വാണിജ്യ കാരണങ്ങളാലാണു സര്‍വീസ് നിര്‍ത്തുന്നതെന്നും ആഗസ്തിനു ശേഷം പുനരാരംഭിക്കുമെന്നും ദോഹയിലെ ഓപ്പറേഷന്‍സ് വിഭാഗം മേധാവി സണ്ണി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആഗസ്ത് മാസങ്ങളില്‍ ദോഹയില്‍ നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള ശരാശരി ടിക്കറ്റ് നിരക്ക് 2,500 റിയാല്‍ ആയിരുന്നത് ഇപ്പോള്‍ 3,000 3,200 റിയാല്‍ വരെ ഉയര്‍ന്നിട്ടുണ്ട്. മെയില്‍ ടിക്കറ്റ് നിരക്ക് ഇനിയും ഉയര്‍ന്നേക്കും. ജെറ്റ് എയര്‍വെയ്‌സ് നിലച്ചതോടെ കേരളത്തിന് നഷ്ടമായ സീറ്റുകള്‍ മറ്റു വ്യോമയാന കമ്പനികളിലൂടെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതിനു പിന്നാലെ ഇന്‍ഡിഗോയുടെ തിരുവനന്തപുരം സര്‍വീസ് കൂടി റദ്ദാക്കുന്നതു കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരെ ദുരിതത്തിലാക്കും. എയര്‍ ഇന്ത്യയ്ക്ക് തിരുവനന്തപുരത്തേക്കു സര്‍വീസ് ഉണ്ടെങ്കിലും കോഴിക്കോടു വഴിയാണ്. ഖത്തര്‍ എയര്‍വെയ്‌സിന് നേരിട്ടു സര്‍വീസ് ഉണ്ടെങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിരക്കാണ്. താരതമ്യേന നിരക്കു കുറവുള്ള ശ്രീലങ്കന്‍ എയര്‍വെയ്‌സില്‍ ദോഹയില്‍ നിന്ന് ഒട്ടേറെപ്പേര്‍ തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു. എന്നാല്‍, ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ സ്‌ഫോടനങ്ങളെ തുടര്‍ന്ന് അവധിക്കാല യാത്രയ്ക്ക് സകുടുംബം ടിക്കറ്റെടുത്തിരുന്ന ഒട്ടേറെ മലയാളികള്‍ ടിക്കറ്റ് റദ്ദാക്കിയതായാണു ട്രാവല്‍ ഏജന്‍സികളില്‍ നിന്നു ലഭിക്കുന്ന വിവരം. ഇതും തിരുവനന്തപുരത്തേക്കുള്ള യാത്രാദുരിതം കൂട്ടാനിടയാക്കും.

കേരളത്തിലെ മറ്റൊരു വിമാനത്താവളത്തിലേക്കും നേരിട്ട് ഇന്‍ഡിഗോ ടിക്കറ്റുകള്‍ മാറ്റി നല്‍കാത്തതും യാത്രക്കാര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും. ട്രാവല്‍ ഏജന്‍സികളില്‍ നിന്നു ടിക്കറ്റ് എടുത്തവര്‍ക്ക് ഏജന്‍സികള്‍ ടിക്കറ്റ് റദ്ദാക്കി പണം മടക്കി നല്‍കുകയോ അധിക തുക ഈടാക്കി ഖത്തര്‍ എയര്‍വെയ്‌സിലേക്ക് ടിക്കറ്റ് മാറ്റുകയോ ചെയ്യുന്നുണ്ട്. ഇന്‍ഡിഗോയില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്തവരോടു മുംബൈ, ഡല്‍ഹി വഴി യാത്ര മാറ്റാന്‍ നിര്‍ദേശിച്ചതായാണ് വിവരം.

Next Story

RELATED STORIES

Share it