Sub Lead

മുസ്‌ലിംകളെ അധിക്ഷേപിച്ച് ട്വീറ്റ്; കാനഡയില്‍ ഇന്ത്യന്‍ പൗരനെതിരെ നടപടി

വംശീയ അധിക്ഷേപം നടത്തിയ രവി ഹൂഡയെ വടക്കേ അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ റീ/മാക്‌സ് കാനഡ പുറത്താക്കുകയും കരാറുകള്‍ റദ്ദാക്കുകയും ചെയ്തു.

മുസ്‌ലിംകളെ അധിക്ഷേപിച്ച് ട്വീറ്റ്; കാനഡയില്‍ ഇന്ത്യന്‍ പൗരനെതിരെ നടപടി
X

ന്യൂഡല്‍ഹി: മുസ്‌ലിംകളെ വംശീയമായി അധിക്ഷേപിച്ച് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ പൗരനെതിരെ കനേഡിയന്‍ അധികൃതരുടെ കടുത്ത നടപടി. രവി ഹൂഡയെന്നയാളെയാണ് കാനഡയില്‍ സ്‌കൂള്‍ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും പിരിച്ചു വിട്ടത്. വടക്കേ അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ റീ/മാക്‌സ് കാനഡ ഇയാളെ പുറത്താക്കുകയും കരാറുകള്‍ റദ്ദാക്കുകയും ചെയ്തു.

റമദാന്‍ മാസത്തില്‍ ഉച്ചഭാഷണിയിലൂടെ ബാങ്ക് വിളിക്കാന്‍ അനുമതി നല്‍കിയ കനേഡിയര്‍ സര്‍ക്കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് രവി ഹൂഡ മുസ് ലിംകളെ അധിക്ഷേപിച്ചത്.

ഉച്ചഭാഷണിയിലൂടെ ബാങ്ക് വിളിക്കുന്നത് മറ്റുള്ളവര്‍ക്ക് ശല്യമാണെന്ന് ഹൂഡ പറഞ്ഞു. 'അടുത്തതെന്താണ്? കുറച്ച് വോട്ടുകള്‍ക്ക് വേണ്ടി വിഢികളെ സന്തോഷിപ്പിക്കാന്‍, ഒട്ടകത്തെയും ആടിനെയും കൊണ്ടുനടക്കാന്‍ പുതിയ വഴിയും, ത്യാഗത്തിന്റെ പേരില്‍ മൃഗങ്ങളെ വീടുകളില്‍ കശാപ്പ് ചെയ്യാനും, സ്ത്രീകള്‍ക്ക് അടിമുതല്‍ മുടിവരെ വസ്ത്രം മൂടി നടക്കാനും അനുമതി നല്‍കുമോ?. ഹൂഡ ട്വീറ്റ് ചെയ്തു.


ഹൂഡയുടെ വംശീയ പരാമര്‍ശത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. സംഭവം വിവാദമായതോടെ ഹൂഡയുമായുള്ള കരാര്‍ റദ്ദാക്കുന്നതായി റീ/മാക്‌സ് അറിയിക്കുകയായിരുന്നു. 'ഞങ്ങള്‍ ഹൂഡയുടെ കാഴ്ച്ചപ്പാടിനെ ഒരിക്കലും അനുകൂലിക്കുന്നില്ല. അദ്ദേഹത്തെ കമ്പനിയില്‍ നിന്നും പുറത്താക്കുകയാണ്. ഹൂഡയുമായുള്ള കരാറുകളും റദ്ദാക്കുന്നു. സാംസ്‌കാരിക വൈവിധ്യവും നാനാത്വവും ഈ സമൂഹത്തിന്റെ നല്ല ഗുണങ്ങളില്‍ പെട്ടതാണ്. ഈ മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'. റീ/മാക്‌സ് ട്വീറ്റ് ചെയ്തു.



ഹൂഡയെ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതായി ബ്രാംപ്റ്റണിലെ പീല്‍ ഡിസ്ട്രിക്ട് സ്‌കൂള്‍ അധികൃതരും അറിയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




സ്‌കൂളിന്റെ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഇയാളെ ഒഴിവാക്കിയിരിക്കുന്നു. ഇനി ഇയാള്‍ക്ക് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ഒന്നിലും പങ്കെടുക്കാനാവില്ല. ഇസ്‌ലാമോഫോബിയ ഇവിടെ വച്ചുപൊറുപ്പിക്കില്ല. മാത്രമല്ല, ഇയാളുടെ നിലപാട് സ്‌കൂളിന്റെ നയങ്ങളുടെ നഗ്‌നമായ ലംഘനമാണ്'.പീല്‍ ഡിസ്ട്രിക്ട് സ്‌കൂള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Next Story

RELATED STORIES

Share it