Sub Lead

താലിബാന്‍ നേതാക്കളുമായി ഇന്ത്യന്‍ പ്രതിനിധി സംഘം ചര്‍ച്ച നടത്തി

താലിബാന്‍ നേതാക്കളുമായി ഇന്ത്യന്‍ പ്രതിനിധി സംഘം ചര്‍ച്ച നടത്തി
X

കാബൂള്‍: താലിബാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ ദൗത്യസംഘം അഫ്ഗാനിസ്താനിലെത്തി. എംഇഎ ജോയിന്റ് സെക്രട്ടറി ജെപി സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘമാണ് കാബൂളിലെത്തിയത്. താലിബാന്‍ ഭരണം പിടിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗിക സംഘത്തെ അയയ്ക്കുന്നത്.

കാബൂളിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് (ഐജിഐസിഎച്ച്) ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പദ്ധതികളും സംഘം സന്ദര്‍ശിച്ചു. 70കളില്‍ ഇന്ത്യന്‍ സഹായത്തോടെ സ്ഥാപിതമായ IGICH, കുട്ടികള്‍ക്ക് വേണ്ടിയുള്ള അഫ്ഗാനിസ്ഥാനിലെ പ്രധാന ആശുപത്രിയാണ്. മാനുഷിക സഹായ വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന താലിബാന്‍ നേതൃത്വത്തെയും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളെയും ഇന്ത്യന്‍ സംഘം കാണുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) നേരത്തെ ഒരു പ്രസ്താവിച്ചിരുന്നു.

'അഫ്ഗാനിസ്ഥാനിലേക്കുള്ള ഞങ്ങളുടെ മാനുഷിക സഹായത്തിന്റെ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) ജോയിന്റ് സെക്രട്ടറി (പിഎഐ) യുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ കാബൂള്‍ സന്ദര്‍ശനത്തിലാണ്,' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.

ഇന്ത്യയുടെ സഹായത്തോടെയുള്ള പദ്ധതികളും പരിപാടികളും നടപ്പാക്കുന്ന അഫ്ഗാനിസ്ഥാനിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സംഘം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സംഘം താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചും മാനുഷിക സഹായത്തെക്കുറിച്ചും ചര്‍ച്ച ചെയ്തതായി താലിബാന്‍ വക്താവ് ട്വിറ്ററില്‍ കുറിച്ചു.

'ഇന്ന്, ഐഇഎ ആക്ടിംഗ് വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്താഖി ഇന്ത്യന്‍ എംഇഎ ജോയിന്റ് സെക്രട്ടറി ജെ പി സിങ്ങിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ഇന്ത്യഅഫ്ഗാന്‍ നയതന്ത്ര ബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു കൂടിക്കാഴ്ച, 'താലിബാന്‍ വക്താവ് അബ്ദുള്‍ ഖഹര്‍ ബല്‍ഖി ട്വിറ്ററില്‍ പറഞ്ഞു.

ട്വീറ്റുകളുടെ ഒരു പരമ്പരയില്‍, വക്താവ് പറഞ്ഞു, 'ഇന്ത്യന്‍ സര്‍ക്കാരിനും എംഇഎയ്ക്കും വേണ്ടി കാബൂളിലേക്കുള്ള ആദ്യ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ മന്ത്രി മുത്താഖി സ്വാഗതം ചെയ്തു, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നല്ല തുടക്കമാണെന്ന് വിശേഷിപ്പിച്ചു. എഎഫ്ജിക്കുള്ള സമീപകാല ഇന്ത്യന്‍ മാനുഷിക, മെഡിക്കല്‍ സഹായത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇന്ത്യയുടെ പദ്ധതികള്‍ പുനരാരംഭിക്കുന്നതിനും അഫ്ഗാനിസ്ഥാനിലെ അവരുടെ നയതന്ത്ര സാന്നിധ്യത്തിനും അഫ്ഗാനികള്‍ക്ക്, പ്രത്യേകിച്ച് അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നു.

'ഇന്ത്യന്‍ പ്രതിനിധികള്‍ അഫ്ഗാനിസ്ഥാനുമായി മുന്‍കാലങ്ങളിലെന്നപോലെ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും സഹായം തുടരുമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ ഭരണം പിടിച്ചതിനു പിന്നാലെ അഫ്ഗാനിലെ ഇന്ത്യന്‍ കാര്യാലയത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും നാട്ടിലേക്കു മടങ്ങിയിരുന്നു. അഫ്ഗാന്‍ ജനതയുമായി ഇന്ത്യയ്ക്ക് ചരിത്രപരവും നാഗരികവുമായ ബന്ധമുണ്ടെന്നും ദീര്‍ഘകാലമായുള്ള ആ ബന്ധം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സംഘം താലിബാന്റെ ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 15ന് അഫ്ഗാനിസ്താനിലെ സുരക്ഷാ സാഹചര്യങ്ങള്‍ വഷളായതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ബാഗ്ച്ചി പറഞ്ഞു.

Next Story

RELATED STORIES

Share it