Big stories

അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന- ഏറ്റുമുട്ടല്‍; സൈനികര്‍ക്ക് പരിക്ക്

അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന- ഏറ്റുമുട്ടല്‍; സൈനികര്‍ക്ക് പരിക്ക്
X

ന്യൂഡല്‍ഹി: ഇടവേളയ്ക്കുശേഷം അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ- ചൈന സംഘര്‍ഷം. അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നാണ് റിപോര്‍ട്ട്. അരുണാചലിലെ തവാങ് സെക്ടറില്‍ വെള്ളിയാഴ്ചയായിരുന്നു ഏറ്റുമുട്ടല്‍. യഥാര്‍ഥ നിയന്ത്രണരേഖയിലേക്ക് വന്ന ചൈനീസ് സൈനികരെ ഇന്ത്യ തടയുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഇരുവശത്തുമുള്ള ഏതാനും സൈനികര്‍ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇരുവിഭാഗവും ഉടന്‍തന്നെ പ്രദേശത്തു നിന്ന് പിന്‍മാറി. 300 ഓളം ചൈനീസ് സൈനികരാണ് ഇന്ത്യന്‍ മേഖലയിലേക്കെത്തിയതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ചൈനയുടെ പ്രകോപനത്തിന് തിരിച്ചടി നല്‍കിയെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ആറ് ഇന്ത്യന്‍ സൈനികരെ ഗുവാഹത്തിയില്‍ ചികില്‍സയ്ക്കായി എത്തിച്ചിട്ടുണ്ട്. പത്തിലേറെ ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിശദാംശങ്ങളോ ഉള്‍പ്പെട്ട സൈനികരുടെ കൃത്യമായ എണ്ണമോ എതിരാളികളായ സൈനികര്‍ക്ക് പരിക്കേറ്റതിന്റെ സ്വഭാവമോ സൈന്യം വിശദീകരിച്ചിട്ടില്ല.

തവാങ് സെക്ടറിലെ യാങ്‌സെ മേഖലയില്‍ കഴിഞ്ഞ വര്‍ഷവും ഇന്ത്യ- ചൈന സൈനികര്‍ ഏറ്റുമുട്ടിയ സ്ഥലത്താണ് വീണ്ടും ഏറ്റുമുട്ടലുണ്ടായതെന്ന് പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടത്തിയെന്നും റിപോര്‍ട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ നടന്ന ഏറ്റുമുട്ടലിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപോര്‍ട്ട് ചെയ്യുന്ന ആദ്യസംഭവമാണിത്. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയിലാണ് അടുത്തിടെ ഏറ്റുമുട്ടലുണ്ടായത്. 20 ഇന്ത്യന്‍ സൈനികര്‍ മരിക്കുകയും 40ലധികം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it