ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ പുറത്ത്

തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ കരുത്തരായ ബഹ്‌റൈനോട് ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോറ്റു.

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ പുറത്ത്

ഷാര്‍ജ: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ മോഹം പൊലിഞ്ഞു. തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ കരുത്തരായ ബഹ്‌റൈനോട് ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോറ്റു. 90ാം മിനിറ്റില്‍ ബഹ്‌റയ്ന്‍ താരം ഷംസാനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രണോയ് ഹാല്‍ദര്‍ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയാണ് ഇന്ത്യയുടെ വിധിയെഴുതിയത്. കിക്കെടുത്ത ജമാല്‍ റാഷിദ് പന്ത് വലയിലെത്തിച്ചു. ഇതോടെ 1964നു ശേഷം നോക്കൗട്ടില്‍ കടക്കാമെന്ന ഇന്ത്യന്‍ മോഹം ദുരന്തത്തില്‍ കലാശിച്ചു.

ആക്രമണത്തിലും പന്തടക്കത്തിലും മികച്ചുനിന്ന ബഹ്‌റൈനെ പ്രതിരോധക്കരുത്തില്‍ അവസാന മിനിറ്റുവരെ പൂട്ടിയിട്ട ഇന്ത്യക്ക് ഇഞ്ചുറി ടൈമില്‍ വരുത്തി പിഴവാണ് വിനയായത്. ഇതോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് തായ്‌ലന്‍ഡിനെതിരായ വിജയത്തില്‍നിന്നു ലഭിച്ച മൂന്നു പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഇന്ത്യ അവസാന സ്ഥാനത്തായി.


ബഹ്റൈന്‍ താരത്തിന്റെ ഗോൾശ്രമം തടയുന്ന ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു

ഇതേസമയത്തു നടന്ന രണ്ടാം മല്‍സരത്തില്‍ യുഎഇയെ സമനിലയില്‍ തളച്ച തായ്‌ലന്‍ഡ് ഗ്രൂപ്പില്‍ മൂന്നാമതെത്തി. ഒരു ജയവും രണ്ടു സമനിലയും ഉള്‍പ്പെടെ അഞ്ചു പോയിന്റുമായി യുഎഇയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഒരു ജയവും സമനിലയും ഉള്‍പ്പെടെ നാലു പോയിന്റുമായി ബഹ്‌റൈന്‍ രണ്ടാം സ്ഥാനത്തെത്തി. തായ്‌ലന്‍ഡിനും നാലു പോയിന്റുണ്ടെങ്കിലും ഗോള്‍ശരാശരിയില്‍ പിന്നിലായതാണ് തിരിച്ചടിയായത്. മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീക്വാര്‍ട്ടറില്‍ പ്രവേശനമുണ്ടെന്നിരിക്കെ അവരുടെയും വഴി അടഞ്ഞിട്ടില്ല.

RELATED STORIES

Share it
Top