Sub Lead

യുഎസിലെ രേഖകളില്ലാത്ത ഇന്ത്യക്കാരെ തിരികെ കൊണ്ടുവരും: കേന്ദ്രസര്‍ക്കാര്‍

യുഎസിലെ രേഖകളില്ലാത്ത ഇന്ത്യക്കാരെ തിരികെ കൊണ്ടുവരും: കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: യുഎസിലെ രേഖകളില്ലാത്ത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവര്‍ ഇന്ത്യന്‍ പൗരന്‍മാരാണെന്നു തെളിയിക്കുന്ന രേഖകള്‍ നല്‍കിയാല്‍ തിരികെ കൊണ്ടുവരുമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണെന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

''ഇന്ത്യന്‍ പൗരന്മാര്‍ ശരിയായ രേഖകള്‍ ഇല്ലാതെ ഏതെങ്കിലും രാജ്യത്ത് തങ്ങുകയോ താമസിക്കുകയോ ചെയ്താല്‍ അവരെ തിരികെ കൊണ്ടുവരും. ദേശീയത സ്ഥിരീകരിക്കുന്നതിന് ആവശ്യമായ രേഖകള്‍ അവര്‍ നല്‍കണം.''-രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. എത്ര ഇന്ത്യക്കാര്‍ അനധികൃതമായി യുഎസില്‍ ഉണ്ടെന്ന കാര്യം ഇപ്പോള്‍ പരിശോധിക്കില്ല.

അനധികൃത കുടിയേറ്റക്കാരെ യുഎസ് തിരിച്ചയക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാരബന്ധങ്ങളെ ബാധിക്കില്ലെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ''നിയമവിരുദ്ധ കുടിയേറ്റവും വ്യാപാരവും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ചുള്ള ഇന്ത്യയുടെ സമീപനവും നയവും നിലപാടും വളരെ വ്യക്തമാണ്. നിയമവിരുദ്ധ കുടിയേറ്റത്തിന് ഇന്ത്യ എതിരാണ്, അതിനുള്ള കാരണം അത് സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്''-ജയ്‌സ്വാള്‍ പറഞ്ഞു.

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍കോ റൂബിയോയും ബുധനാഴ്ച വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസില്‍ നിലവിലുള്ള രേഖകളില്ലാത്ത 20,407 ഇന്ത്യക്കാരുടെ കാര്യം മാര്‍കോ റൂബിയ ഈ ചര്‍ച്ചയില്‍ ഉയര്‍ത്തിയെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ 2,647 പേര്‍ തടങ്കല്‍ പാളയത്തിലാണുള്ളത്. 17,940 പേര്‍ പുറത്താക്കല്‍ ഉത്തരവ് പ്രതീക്ഷിച്ചിരിക്കുന്നു.

ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം മാത്രം 538 പേരെ പിടികൂടി സൈനികവിമാനത്തില്‍ അവരുടെ മാതൃരാജ്യത്തേക്ക് അയച്ചതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലിയാവിറ്റ് പറഞ്ഞു. റോഡില്‍ നിന്ന് 373 പേരെ പിടികൂടി ചോദ്യം ചെയ്യുകയാണെന്നും അവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it