ഇനി ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ആളില്ലാവിമാനവും; പരീക്ഷണം വിജയകരമാക്കി ഇന്ത്യ

ബുധനാഴ്ച രാവിലെ 11.25ന് ഒഡീഷ തീരത്തോട് ചേര്‍ന്ന ഡോ. അബ്ദുല്‍കലാം ദ്വീപിലെ സംയോജിത പരീക്ഷണകേന്ദ്രത്തിലായിരുന്നു പരീക്ഷണം. അഗ്നി- 1 മിസൈലിന്റെ സഹായത്തോടെയാണ് പുതിയ വിമാനത്തിന്റെ പരീക്ഷണം നടത്തിയത്.

ഇനി ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ആളില്ലാവിമാനവും; പരീക്ഷണം വിജയകരമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ആളില്ലാവിമാനം (ഹൈപ്പര്‍ സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍- എച്ച്എസ്ടിഡിവി) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ബുധനാഴ്ച രാവിലെ 11.25ന് ഒഡീഷ തീരത്തോട് ചേര്‍ന്ന ഡോ. അബ്ദുല്‍കലാം ദ്വീപിലെ സംയോജിത പരീക്ഷണകേന്ദ്രത്തിലായിരുന്നു പരീക്ഷണം. അഗ്നി- 1 മിസൈലിന്റെ സഹായത്തോടെയാണ് പുതിയ വിമാനത്തിന്റെ പരീക്ഷണം നടത്തിയത്.

റഡാറുകളും ഇലക്ട്രോ ഒപ്റ്റിക്കല്‍ സെന്‍സറുകളും ഉപയോഗിച്ചാണ് വിമാനം ലക്ഷ്യസ്ഥാനത്തെത്തിയതായി സ്ഥിരീകരിച്ചത്. വിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തില്‍ സഞ്ചാരം സാധ്യമാക്കുന്ന സംവിധാനമാണിത്. ഏതാനും മാസം മുമ്പാണ് ചൈന സമാന പരീക്ഷണം നടത്തിയത്. ഇന്ത്യന്‍ പ്രതിരോധ വികസന സ്ഥാപനമാണ് (ഡിആര്‍ഡിഒ) പുതിയ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഈ ശബ്ദാതിവേഗ വിമാനം സ്‌ക്രാംജെറ്റ് എന്‍ജിനോടെയാണ് പ്രവര്‍ത്തിക്കുക.

ശത്രുക്കള്‍ക്കെതിരേ വൈമാനിക ആക്രമണങ്ങള്‍ക്കും നിരീക്ഷണസംവിധാനങ്ങള്‍ക്കും പുതിയ വിമാനം ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതിരോധവകുപ്പിന്റെ വിലയിരുത്തല്‍. 20 സെക്കന്‍ഡില്‍ 32.5 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കുന്ന വിമാനം ഉപഗ്രഹങ്ങളുടെ കുറഞ്ഞ ചെലവിലുള്ള വിക്ഷേപണമുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവും. പരീക്ഷണം വിജയിച്ചതോടെ ആളില്ലാതെ സഞ്ചരിക്കുന്ന ശബ്ദാതിവേഗ വിമാനങ്ങള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനംപിടിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.

RELATED STORIES

Share it
Top