Sub Lead

ഇന്ത്യന്‍ സാമ്പത്തിക രംഗം കൂപ്പുകുത്തുന്നു; ജിഡിപിയില്‍ റെക്കോര്‍ഡ് ഇടിവ്

1996 മുതല്‍ ഇന്ത്യ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ഇതോടെ ഇന്ത്യ ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് കടന്നുവെന്ന് കണക്കാക്കുന്നു.

ഇന്ത്യന്‍ സാമ്പത്തിക രംഗം കൂപ്പുകുത്തുന്നു; ജിഡിപിയില്‍ റെക്കോര്‍ഡ് ഇടിവ്
X

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ 23.9 ശതമാനം ഇടിവാണ് ഇന്ത്യയുടെ ജിഡിപിയിലുണ്ടായത്. 1996 മുതല്‍ ഇന്ത്യ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ഇതോടെ ഇന്ത്യ ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് കടന്നുവെന്ന് കണക്കാക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ സാമ്പത്തിക നില പരുങ്ങലിലായിരുന്നു. കൊറോണ കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി രൂക്ഷമായി.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ ജിഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020-21 സാമ്പത്തിക വാര്‍ഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോള്‍ 26.90 ലക്ഷം കോടിയായി ചുരുങ്ങി. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍.

കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം വളര്‍ച്ച നേടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു.

ഈ വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക വളര്‍ച്ചാ നിരക്കാണ് എന്‍എസ്ഒ പുറത്തുവിട്ടത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളാണിത്. ഈ പാദവാര്‍ഷികം കൊറോണ വ്യാപിച്ച കാലയളവാണ്. 1996 മുതലാണ് പാദവാര്‍ഷിക വളര്‍ച്ചാ നിരക്ക് ഇന്ത്യ പുറത്തുവിടാന്‍ തുടങ്ങിയത്. ഇതിന് ശേഷം ഇത്രയും തകര്‍ച്ച രാജ്യം നേരിടുന്നത് ആദ്യമായിട്ടാണ്.

ലോകം മൊത്തം സാമ്പത്തിക പ്രതിസന്ധിയിലാണ്. നേരത്തെ ചില വന്‍കിട രാജ്യങ്ങളുടെ വളര്‍ച്ചാ കണക്കുകള്‍ പുറത്തുവന്നിരുന്നു. എല്ലാ രാജ്യങ്ങളും പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. ജി 20 രാജ്യങ്ങളില്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗമാണ് വന്‍ ഇടിവ് സംഭവിച്ചിട്ടുള്ളത്. ജിഡിപിയില്‍ 21.7 ശതമാനം തകര്‍ച്ചയാണ് ബ്രിട്ടന്‍ നേരിടുന്നത്.

ഇന്ത്യയില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന ഘട്ടമാണിത് എന്നത് എടുത്തു പറയേണ്ടതാണ്. 36 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. 64000ത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍മാണഉല്‍പ്പാദന മേഖല പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കൂടാതെ സേവന, ചില്ലറ വില്‍പ്പന മേഖലയും കൂപ്പുകുത്തി. രാജ്യത്ത് കോടിക്കണക്കിന് പേര്‍ക്കാണ് ജോലി നഷ്ടമായത്. മാര്‍ച്ച് 25 മുതലാണ് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാല് ഘട്ടങ്ങളായുള്ള അണ്‍ലോക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സാധാരണ നില കൈവരിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.


Next Story

RELATED STORIES

Share it