Sub Lead

ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

കേസിലെ മുഖ്യപ്രതി ധാരാസിങിന്റെ കൂട്ടാളിയും കൊലപാതകത്തില്‍ പങ്കാളിയുമായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ബുദ്ധദേവ് നായിക്കി(45)നെയാണ് അറസ്റ്റ് ചെയ്തത്

ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
X

ഭുവനേശ്വര്‍: ആസ്‌ത്രേലിയന്‍ ക്രിസ്തുമത പ്രചാരക ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും രണ്ടുമക്കളെയും ചുട്ടുകൊന്ന കേസില്‍ ഒരു പ്രതിയെ കൂടി സിബി ഐ അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി ധാരാസിങിന്റെ കൂട്ടാളിയും കൊലപാതകത്തില്‍ പങ്കാളിയുമായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ബുദ്ധദേവ് നായിക്കി(45)നെയാണ് അറസ്റ്റ് ചെയ്തത്. മയൂര്‍ഭഞ്ച് ജില്ലയിലെ താക്കൂര്‍മുണ്ട പോലിസ് സ്‌റ്റേഷനു കീഴിലുള്ള നിഷിതാപൂര്‍ ഗ്രാമത്തിലെ വീട്ടില്‍നിന്നാണ് നായിക്കിനെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് സിബി ഐ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. 1992 ജനുവരി 22നാണ് കോളിളക്കം സൃഷ്ടിച്ച കൂട്ടക്കൊല നടന്നത്. ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ആസ്‌ത്രേലിയന്‍ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളായ ഫിലിപ്പി(10)നെയും തിമോത്തി(6)യെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തീയിട്ടുകൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് നേതൃത്വം നല്‍കിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ധാരസിങിനെയും കൂട്ടാളി മഹേന്ദ്ര ഹെംബ്രാമിനെയും ഭുവനേശ്വറിലെ വിചാരണ കോടതി 2003ല്‍ വധശിക്ഷയ്ക്ക് വിധിച്ചു. 2005ല്‍ ഒഡിഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21ന് ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കേസിലെ 11 പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു.


1941ല്‍ ക്യൂന്‍സ് ലാന്റിലെ പാംവുഡ്‌സില്‍ ജനിച്ച ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സ് 1965ല്‍ ഇന്ത്യ സന്ദര്‍ശിച്ച ശേഷം ഇവാഞ്ചലിക്കല്‍ മിഷനറി സൊസൈറ്റി ഓഫ് മയൂര്‍ബനിയില്‍ (ഇഎംഎസ്എം) ചേരുകയും ആദിവാസി പിന്നാക്ക മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1983ല്‍ ബരിപാഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്തു. 1982ല്‍ രജിസ്‌ട്രേഡ് സൊസൈറ്റിയായി മയൂര്‍ബനി കുഷ്ഠരോഗ കേന്ദ്രം സ്ഥാപിക്കാന്‍ സഹായിച്ചു. ഇതിനിടെ ഗ്ലാഡിസ് ജെയ്‌നെ കണ്ടുമുട്ടുകയും 1983ല്‍ വിവാഹിതരാവുകയും ചെയ്തു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണുണ്ടായിരുന്നത്. എന്നാല്‍, കുഷ്ഠരോഗ കേന്ദ്രത്തിന്റെ മറവില്‍ ഗ്രഹാം സ്‌റ്റെയിന്‍സ് ഹിന്ദുമത വിശ്വാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ രംഗത്തെത്തി.


ഒഡീഷയിലെ ആദിവാസി കേന്ദ്രീകൃത ജില്ലകളായ മയൂര്‍ബഞ്ച്, കിയോണ്‍ജാര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തില്‍ 1999 ജനുവരി 22ന് രാത്രി ക്രിസ്തുമത വിശ്വാസികളുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ, ഊട്ടിയിലെ സ്‌കൂളില്‍ നിന്നു അവധിക്കാലം ചെലവഴിക്കാനെത്തിയ ആണ്‍മക്കളോടൊപ്പം മനോഹര്‍പൂരില്‍ രാത്രി വിശ്രമിക്കുന്നതിനിടെയാണ് വാഹനത്തിനു തീയിട്ടത്. കടുത്ത തണുപ്പ് കാരണം സ്റ്റെയിന്‍സും രണ്ട് ആണ്‍മക്കളും കാറില്‍ തന്നെയായിരുന്നു കിടന്നിരുന്നത്. ഭാര്യയും മകളും ബാരിപഡയിലായിരുന്നു. ഈസമയം, കോടാലിയും മറ്റുമായെത്തിയ 50ഓളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

ഗ്രഹാം സ്‌റ്റെയ്ന്‍സും മക്കളും ഉറങ്ങിയ വാഹനം ആക്രമിക്കുകയും തീയിടുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച മൂവരെയും ഹിന്ദുത്വര്‍ തടയുകയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായ കേസില്‍ രണ്ടാം മോദി സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും അന്ന് ബജ്‌റംഗ്ദള്‍ ഒഡിഷ സംസ്ഥാന കോ-ഓഡിനേറ്ററായ പ്രതാപ് ചന്ദ്ര സാരംഗിക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നൂറിലേറെ തവണ വിദ്വേഷ പ്രസംഗങ്ങളും നിരാഹാരവും സംഘടിപ്പിച്ച് ഒഡിഷയില്‍ ക്രിസ്ത്യന്‍ വിരുദ്ധ വികാരം സൃഷ്ടിച്ചത് പ്രതാപ് ചന്ദ്ര സാരംഗിയാണെന്നായിരുന്നു ആരോപണം. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ കൊലയാളി ധാരാസിങുമായും പ്രതാപ് ചന്ദ്ര സാരംഗിക്ക് ഏറെ അടുപ്പമുണ്ടായിരുന്നു.



Next Story

RELATED STORIES

Share it