Sub Lead

അസമിലെ നിരവധി 'വിദേശികളെ' ബംഗ്ലാദേശിലേക്ക് തള്ളിവിട്ടെന്ന് അസം മുഖ്യമന്ത്രി

അസമിലെ നിരവധി വിദേശികളെ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടെന്ന് അസം മുഖ്യമന്ത്രി
X

ഗുവാഹതി: അസമിലെ നിരവധി 'വിദേശികളെ' ബംഗ്ലാദേശിലേക്ക് തള്ളിവിട്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. മാതിയ തടങ്കല്‍ പാളയത്തില്‍ അടച്ചിട്ടുള്ളവരെ അടക്കമാണ് നിയമനടപടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി തള്ളിപ്പുറത്താക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷനാണെന്നും അതില്‍ അസം സര്‍ക്കാര്‍ പങ്കാളിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

''വിദേശികളാണെന്ന് തിരിച്ചറിഞ്ഞ, മാതിയ തടങ്കല്‍പ്പാളയത്തില്‍ നിന്നുള്ളവരെയും ബംഗ്ലാദേശിലേക്ക് തള്ളി. ട്രൈബ്യൂണല്‍ തീരുമാനത്തില്‍ അപ്പീല്‍ നല്‍കാത്തവരെയും തള്ളി. ഇപ്പോള്‍ മാതിയ ക്യാംപില്‍ 30-40 'വിദേശികള്‍' മാത്രമേയുള്ളൂ. അവരുടെ കേസുകളില്‍ കോടതികള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട്. നേരത്തെ സംശയിക്കപ്പെടുന്നവരെ ഞങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു കേസ് രജിസ്റ്റര്‍ ചെയ്യുമായിരുന്നു. ഇപ്പോള്‍ അവരെ നേരെ തള്ളിപ്പുറത്താക്കുകയാണ്. ഇതൊരു പുതിയ നടപടിയാണ്.''-മുഖ്യമന്ത്രി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി കാര്‍ഡുള്ള, ഡല്‍ഹിയില്‍ പത്ത് വര്‍ഷത്തില്‍ അധികമായി താമസിക്കുന്ന മുസ്‌ലിംകളും ക്രിസ്ത്യാനികളും അടങ്ങുന്ന രോഹിങ്ഗ്യന്‍ വിഭാഗക്കാരെ കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ നാടുകടത്തിയതായുള്ള റിപോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

മാതിയയിലെ തടങ്കല്‍പ്പാളയത്തില്‍ 270 പേരെ പൂട്ടിയിട്ടുണ്ട് എന്നായിരുന്നു നേരത്തെയുള്ള കണക്കുകള്‍. ഇതില്‍ 100ഓളം രോഹിങ്ഗ്യകളും 70 ഓളം ബംഗ്ലാദേശികളുമുണ്ടെന്നാണ് പറയപ്പെടുന്നത്. 2023 ഡിസംബര്‍ വരെ 1,59,353 പേരെ ഫോറിനേഴ്‌സ് ട്രിബ്യൂണലുകള്‍ വിദേശികളായി പ്രഖ്യാപിച്ചു. 2001-2023 കാലയളവില്‍ 3,100 പേരെ നാടുകടത്തി. തീര്‍പ്പ് കല്‍പ്പിക്കാനായി 96,149 കേസുകളാണ് ഫോറിനേഴ്‌സ് ട്രിബ്യൂണലിന്റെ പരിഗണനയിലുള്ളത്.

Next Story

RELATED STORIES

Share it