Big stories

തെലങ്കാനയിലെ ബലാല്‍സംഗക്കൊലയില്‍ വന്‍ പ്രതിഷേധം; മൂന്നു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഭവത്തില്‍ പ്രതിഷേധിച്ച് വനിതാ കൂട്ടായ്മകളും സംഘടനകളുമാണ് തെരുവിലിറങ്ങിയത്

തെലങ്കാനയിലെ ബലാല്‍സംഗക്കൊലയില്‍ വന്‍ പ്രതിഷേധം; മൂന്നു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറായ 26കാരിയെ ബലാല്‍സംഗം ചെയ്തശേഷം ചുട്ടുകൊന്ന സംഭവത്തില്‍ തെലങ്കാനയില്‍ വന്‍ പ്രതിഷേധം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് യുവ ഡോക്ടറുടെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഭവത്തില്‍ പ്രതിഷേധിച്ച് വനിതാ കൂട്ടായ്മകളും സംഘടനകളുമാണ് തെരുവിലിറങ്ങിയത്. മാത്രമല്ല, കേസില്‍ നിസ്സംഗത പാലിച്ച തെലങ്കാന പോലിസിനെതിരേയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. കേസന്വേഷണത്തില്‍ മെല്ലെപ്പോക്ക് കാണിച്ച മൂന്നു പോലിസുകാരെ സസ്‌പെന്റ് ചെയ്തു. ഷാഡ്‌നഗര്‍ പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ് പെക്ടര്‍ എം രവികുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ പി വേണുഗോപാല്‍ റെഡ്ഢി, എ സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തതെന്ന് സൈബറാബാദ് പോലിസ് കമ്മീഷണര്‍ വി സി സജ്ജനാറിനെ ഉദ്ദരിച്ച് എ എന്‍ ഐ റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അറസ്റ്റിലായ നാലു യുവ ട്രക്ക് ഡ്രൈവര്‍മാരെയും അതിവേഗ കോടതിയില്‍ ഹാജരാക്കും.


കേസിലെ നാല് പ്രതികളെ പാര്‍പ്പിച്ചിരുന്ന ഷാഡ്‌നഗര്‍ പോലിസ് സ്‌റ്റേഷന്‍ നൂറുകണക്കിന് ആളുകളെത്തി ഉപരോധിച്ചു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലിസുകാര്‍ ഏറെ പണിപ്പെട്ടു. നിരവധി രാഷ്ട്രീയനേതാക്കളും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഇത്തരം ഭയാനകമായ രീതിയില്‍ എങ്ങനെയാണ് മനുഷ്യര്‍ക്ക് മറ്റൊരു മനുഷ്യനെ, യാതൊരു പ്രകോപനവുമില്ലാതെ അക്രമത്തിന് വിധേയമാക്കാനാവുന്നുവെന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാവുന്നില്ലെന്നും എന്റെ ചിന്തകളും പ്രാര്‍ഥനകളും ഇരയുടെ കുടുംബത്തോടൊപ്പമുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. തെലങ്കാന ഗവര്‍ണര്‍ തമിലിസായ് സുന്ദരരാജന്‍ ശനിയാഴ്ച യുവ ഡോക്ടറുടെ ഹൈദരാബാദിലെ വീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. അടുത്ത ദിവസം തന്നെ ദേശീയ വനിതാ കമ്മീഷന്‍ വീട്ടിലെത്തും. അതേസമയം, കേസന്വേഷണത്തില്‍ പോലിസ് വീഴ്ച വരുത്തിയെന്ന് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബവും ആരോപിച്ചു. തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞ് മറ്റൊരു സ്‌റ്റേഷനിലേക്കു കൈമാറുകയായിരുന്നുവെന്നാണ് ആരോപണം. കേസില്‍ വേഗത്തില്‍ വിചാരണ വേണമെന്നും പ്രതികള്‍ക്ക് നിയമപരമായ ആനുകൂല്യം അനുവദിക്കരുതെന്നുമാണ് ഇവരുടെ ആവശ്യം. കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയും ദേശീയ വനിതാ കമ്മീഷനും പോലിസിന്റെ മെല്ലെപ്പോക്കിനെതിരേ ശക്തമായി രംഗത്തെത്തി. യുവ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയതിനു പിന്നാലെ മേഖലയില്‍ തന്നെ മറ്റൊരു യുവതിയുടെയും മൃതദേഹം ക്ഷേത്രത്തിനു സമീപത്തെ തുറസ്സായ സ്ഥലത്ത് കണ്ടെത്തിയിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് കണ്ടെത്താനായില്ലെന്ന് ഷംഷാബാദ് പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it