Sub Lead

ആദിവാസികള്‍ക്കെതിരായ കയ്യേറ്റം, ഭൂമി തട്ടിപ്പ്; എച്ച്ആര്‍ഡിഎസ് സെക്രട്ടറി അറസ്റ്റില്‍

എച്ചആര്‍ഡിഎസ് പാട്ടത്തിനെടുത്തെന്ന് കാണിച്ചായിരുന്നു സര്‍വേ നമ്പര്‍ 526/2 ഉള്‍പ്പെട്ട ആദിവാസി ഭൂമിയിലെ കുടില്‍ ഷോളയൂര്‍ പോലിസിന്റെ സാന്നിധ്യത്തില്‍ എച്ച്ആര്‍ഡിഎസ് പെട്രോള്‍ ബോംബ് ഉപയോഗിച്ച് കത്തിച്ചത് 2021 ജൂണില്‍ ആയിരുന്നു.

ആദിവാസികള്‍ക്കെതിരായ കയ്യേറ്റം, ഭൂമി തട്ടിപ്പ്; എച്ച്ആര്‍ഡിഎസ് സെക്രട്ടറി അറസ്റ്റില്‍
X

പാലക്കാട്: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഷോളയാർ പോലിസാണ് അറസ്റ്റ് ചെയ്തത്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്ന്, സന്നദ്ധ സംഘനയായ എച്ച്ആർഡിഎസ്സിന്‍റെ രാഷട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു. ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ് കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്.

ആദിവാസി ഭൂമി കൈയേറി കുടിലുകള്‍ തീവച്ചെന്ന പരാതിയില്‍ എച്ച്ആര്‍ഡിഎസിനെതിരേ അന്വേഷണം നടത്താൻ ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് സംസ്ഥാന എസ്‌സി-എസ്ടി കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2021 ജൂണ്‍ മാസമാണ് അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്.

അട്ടപ്പാടിയിലെ വട്ട്‌ലക്കി ഊരിന് സമീപത്ത് കോട്ടത്തറ വില്ലേജില്‍ മട്ടത്തുക്കാടുള്ള 540/2, 541/2, 543/3, 544/pt, 545/3,4,5, 526/3, 303/3, 304/4, 307/3,4, 303/1,525/1, 576, 577 തുടങ്ങിയ സര്‍വേ നമ്പറുകളില്‍ 55 ഏക്കറോളം ഭൂമി എച്ചആര്‍ഡിഎസ് പാട്ടത്തിനെടുത്തെന്ന് കാണിച്ചായിരുന്നു സര്‍വേ നമ്പര്‍ 526/2 ഉള്‍പ്പെട്ട ആദിവാസി ഭൂമിയിലെ കുടില്‍ ഷോളയൂര്‍ പോലിസിന്റെ സാന്നിധ്യത്തില്‍ എച്ച്ആര്‍ഡിഎസ് പെട്രോള്‍ ബോംബ് ഉപയോഗിച്ച് കത്തിച്ചത് 2021 ജൂണില്‍ ആയിരുന്നു.

ഇതിനെതിരേ ഭൂമിയുടെ ഉടമസ്ഥരായ ആദിവാസികള്‍ 24/06/2021 ഷോളയൂര്‍ പോലിസിനും 25/06/2021 അഗളി എഎസ്പിക്കും 29/06/2021 ന് തൃശൂര്‍ റേഞ്ച് ഐജിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിലൊന്നും കേസെടുക്കാതെ പോലിസ് മൗനം നടിക്കുകയായിരുന്നു. തുടര്‍ന്ന് എച്ച്ആര്‍ഡിഎസ് നല്‍കിയ പരാതിയില്‍ ആദിവാസികള്‍ക്കെതിരേ കേസെടുക്കുകയുമായിരുന്നു. ഇതിന്റെ പേരിലായിരുന്നു വട്ടലക്കി ഊര് മൂപ്പന്‍ വി എസ് മുരുകന് നേരേയും പോലിസ് അതിക്രമമുണ്ടാകുന്നതും.

പോലിസ് നടപടി അപ്രാപ്യമായതോടെ ദേശീയ പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ദേശീയ പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനോട് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ നടപടിയിലാണ് എച്ച്ആര്‍ഡിഎസിനെതിരേ അന്വേഷണം നടത്താന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് സംസ്ഥാന എസ്‌സി-എസ്ടി കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it