Sub Lead

ഹോട്ടലുടമയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ട്രോളി ബാഗുകള്‍ കാറില്‍ കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഹോട്ടലുടമയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ട്രോളി ബാഗുകള്‍ കാറില്‍ കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്ത്
X

കോഴിക്കോട്: മലപ്പുറം തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം ട്രോളി ബാഗിലാക്കി കാറില്‍ കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്ത്. തിരൂര്‍ ഏഴൂര്‍ സ്വദേശിയും ചിക്ക് ബേക്ക് ഹോട്ടല്‍ ഉടമയുമായ സിദ്ദീഖ് മേച്ചേരി(58)യെയാണ് കൊലപ്പെടുത്തിയത്. പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടി ചുരത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെടുത്ത ട്രോളി ബാഗുകളിലുണ്ടായിരുന്നത് സിദ്ദീഖിന്റെ മൃതദേഹം തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ചുരത്തിലെ ഒമ്പതാം വളവില്‍ നിന്ന് കണ്ടെടുത്ത രണ്ടു ട്രോളി ബാഗുകളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നത്. സിദ്ദീഖിന്റെ ബന്ധുക്കള്‍ ഇന്നലെ മുതല്‍ തിരൂര്‍ പോലിസിനൊപ്പമുണ്ടായിരുന്നു. ഇവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.


അതേസമയം, മൃതദേഹത്തിന് ഏഴ് ദിവസം പഴക്കമുണ്ടെന്നാണ് മലപ്പുറം എസ് പി സൂരജ് ദാസ് പറയുന്നത്. ചെന്നെയില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് കരുതുന്നത്. കേസില്‍ ഇതുവരെ മൂന്നുപേരാണ് പിടിയിലായത്. ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടുപേരെയും ചെന്നൈയില്‍ നിന്നെത്തിക്കും. പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പ്രതികളുണ്ടെന്നാണ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട സിദ്ദീഖിന്റെ ഒളവണ്ണയിലെ ഹോട്ടലിലെ ജോലിക്കാരനായിരുന്ന പാലക്കാട് വല്ലപ്പുഴ സ്വദേശി ഷിബിലി(22), പെണ്‍സുഹൃത്ത് ചളവറ സ്വദേശിനി കൊറ്റുതൊടി ഫര്‍ഹാന(18), പാലക്കാട് സ്വദേശി ചിക്കു എന്ന ആഷിക്ക് എന്നിവരെയാണ് പിടികൂടിയത്. രണ്ടുപേരെ ചെന്നൈയില്‍വച്ചും ആഷിഖിനെ ചെര്‍പ്പുളശ്ശേരിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ആഷിഖിനും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലിസ് പറയുന്നത്. ഇതിനു പുറമെ പെണ്‍കുട്ടിയുടെ സഹോദരനും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

ഇക്കഴിഞ്ഞ മെയ് 19ന് പ്രതികള്‍ മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. മെയ് 19ന് വൈകീട്ട് 3.09നും 3.11നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറില്‍ കയറ്റിക്കൊണ്ടുപോയത്. ഒരു യുവതിയും പുരുഷനുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ട വെളുത്ത നിറത്തിലുള്ള കാറിലേക്ക് ആദ്യം ഒരു യുവാവും പിന്നീട് ഒരു യുവതിയും ബാഗുകള്‍ കൊണ്ടു വയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. തുടര്‍ന്ന് കാറില്‍ ഇവര്‍ പോവുന്നതായും കാണാം. എന്നാല്‍, കാറിന്റെ നമ്പര്‍ വ്യക്തമായിട്ടില്ല. സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. സിദ്ദിഖിനെ കാണ്‍മാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

എടിഎം ഇടപാടും സിദ്ദീഖിന്റെ മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ചെന്നൈയില്‍ നിന്ന് തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികള്‍ പോലിസിനോട് വെളിപ്പെടുത്തിയത്.

Next Story

RELATED STORIES

Share it