Sub Lead

ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന് മദ്രാസ്‌ ഹൈക്കോടതി

തിരുപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസുമായി ബന്ധപ്പെട്ട സത്യവാങ്‌മൂലം പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന് മദ്രാസ്‌ ഹൈക്കോടതി
X

ചെന്നൈ: 'വിശുദ്ധ ഇന്ത്യ' ഇപ്പോൾ ബലാത്സംഗം ചെയ്യുന്നവരുടെ നാടായി മാറിയെന്ന്‌ മദ്രാസ്‌ ഹൈക്കോടതി. 15 മിനിറ്റിൽ ഒരു ബലാത്സംഗം നടക്കുകയാണ്‌. രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്‌. അതീവ നിരാശാജനകമായ സാഹചര്യമാണെിതെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ്‌ കിരുബാകരൻ പറഞ്ഞു. രാജ്യത്ത് സ്‌ത്രീകൾക്കുനേരെ‌ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പ്രതികരണം.‌

തിരുപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസുമായി ബന്ധപ്പെട്ട സത്യവാങ്‌മൂലം പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. അസമിൽനിന്നുള്ള തൊഴിലാളിയായ ഇരുപത്തിരണ്ടുകാരിയെ ജോലി നൽകാമെന്നുപറഞ്ഞ് പല്ലടത്ത്‌ പ്രദേശവാസികളായ‌ അഞ്ചുപേർ ചേർന്ന്‌ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട്‌ മുതിർന്ന അഭിഭാഷകനായ എപി സൂര്യപ്രകാശമാണ്‌ സത്യവാങ്‌മൂലം നൽകിയത്‌. സംഭവത്തിൽ ഡിജിപിയോട്‌ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ജസ്റ്റിസുമാരായ എൻ കിരുബാകരൻ, പി വേൽമുരുകൻ എന്നിവരടങ്ങിയ ബെഞ്ച്‌ ഉത്തരവിട്ടു.

ഇരയ്ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചു. അന്വേഷണ കാലയളവിലും വിചാരണ പൂർത്തിയാകുന്നതുവരെയും ഇരയെ സംരക്ഷിക്കണമെന്നും ആവശ്യമായ പരിചരണവും സഹായവും നൽകണമെന്ന് ഉത്തരവിൽ പറയുന്നു. കുടിയേറ്റ തൊഴിലാളികൾക്ക് മിനിമം വേതനം നൽകാത്തതിനാൽ അവർക്ക് സംരക്ഷണമില്ലെന്നും വളരെ മോശം തൊഴിൽ സാഹചര്യങ്ങളിലാണ് അവർ കടന്നുപോകുന്നതെന്നും ജസ്റ്റിസ് വേൽമുരുകൻ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it