Sub Lead

''മത പരിവര്‍ത്തനം തടയാന്‍ ക്രിസ്ത്യാനികള്‍ക്കും പാസ്റ്റര്‍മാര്‍ക്കും ഗ്രാമങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ ബോര്‍ഡുകള്‍ ഭരണഘടനാ വിരുദ്ധമല്ല'': ഛത്തീസ്ഗഡ് ഹൈക്കോടതി

മത പരിവര്‍ത്തനം തടയാന്‍ ക്രിസ്ത്യാനികള്‍ക്കും പാസ്റ്റര്‍മാര്‍ക്കും ഗ്രാമങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ ബോര്‍ഡുകള്‍ ഭരണഘടനാ വിരുദ്ധമല്ല: ഛത്തീസ്ഗഡ് ഹൈക്കോടതി
X

റായ്പൂര്‍: ഛത്തീസ്ഗഡിലെ എട്ടു ഗ്രാമങ്ങളില്‍ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും പാസ്റ്റര്‍മാര്‍ക്കും പ്രവേശനമില്ലെന്ന് പറഞ്ഞ് ഗ്രാമസഭകള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഹൈക്കോടതി. തദ്ദേശീയ ഗോത്രങ്ങളെയും സാംസ്‌കാരിക പൈതൃകത്തേയും സംരക്ഷിക്കാനാണ് ഗ്രാമസഭകള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് തോന്നുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹരജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചത്. വശീകരണത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ ഉള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി സ്ഥാപിച്ച ബോര്‍ഡുകളെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രമേശ് സിന്‍ഹ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

കാങ്കര്‍ ജില്ലയിലെ താമസക്കാരനായ ദിഗ്ബല്‍ തന്ഡി എന്നയാണ് ഹരജി നല്‍കിയിരുന്നത്. ജില്ലയിലെ കുറഞ്ഞത് എട്ട് ഗ്രാമങ്ങളില്ലെങ്കിലും പാസ്റ്റര്‍മാരുടെയും പരിവര്‍ത്തിത ക്രിസ്ത്യാനികളുടെയും പ്രവേശനം നിരോധിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും ക്രിസ്ത്യാനികളെ തടയുന്നു. അക്രമം നടക്കുമോയെന്ന ഭയമുണ്ടാക്കുന്നു. പെസ നിയമം ദുരുപയോഗം ചെയ്താണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍, ദേവതകളുടെ സ്ഥലങ്ങള്‍, ആരാധനാ ക്രമങ്ങള്‍, തുടങ്ങിയവ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പെസ നിയമം ഗ്രാമസഭകള്‍ക്ക് അവകാശം നല്‍കുന്നതായി ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വൈ എസ് താക്കൂര്‍ വാദിച്ചു.

'' ആദിവാസി ജനതയെ നിയമവിരുദ്ധമായി മതം മാറ്റുന്നതിനായി ഗ്രാമത്തില്‍ പ്രവേശിക്കുന്ന മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ മതത്തിലെ പാസ്റ്റര്‍മാരെ മാത്രം നിരോധിക്കുക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം. ഗോത്രവര്‍ഗക്കാരെ വശീകരിച്ച് നിയമവിരുദ്ധമായി മതം മാറ്റുന്നത് അവരുടെ സംസ്‌കാരത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ഹോര്‍ഡിംഗുകളില്‍ പറയുന്നു. 2023ല്‍ നാരായണ്‍പൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ നടന്നു. ആദിവാസികള്‍ ഒരു പള്ളി അശുദ്ധമാക്കുകയും എസ്പി ഉള്‍പ്പെടെയുള്ള പോലീസുകാരെ ആക്രമിക്കുകയും ചെയ്തു.''-അദ്ദേഹം വാദിച്ചു.

തുടര്‍ന്നാണ് കോടതി ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. '' വശീകരണത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ ഉള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ല.''-കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it