Sub Lead

ഹിന്ദുത്വ ഭീകരന്‍ പ്രതീഷ് വിശ്വനാഥ് വിഷം ചീറ്റുന്നത് ഇതാദ്യമല്ല; പോലിസ് ഉറങ്ങുന്നു

ഡല്‍ഹിയില്‍ കേരളാ ഹൗസിലെ ബീഫ് റെയ്ഡ്, ലൗ ജിഹാദ് എന്ന നുണക്കഥ, ബിജെപി - എസ്എന്‍ഡിപി ബാന്ധവം, കിസ് ഓഫ് ലൗവിന് എതിരായ അക്രമം എന്നിങ്ങനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പല സംഭവങ്ങള്‍ക്കും അണിയറയില്‍ നമുക്ക് പ്രതീഷ് വിശ്വനാഥ് എന്ന പേര് കാണാം

ഹിന്ദുത്വ ഭീകരന്‍ പ്രതീഷ് വിശ്വനാഥ് വിഷം ചീറ്റുന്നത് ഇതാദ്യമല്ല; പോലിസ് ഉറങ്ങുന്നു
X

കോഴിക്കോട്: ആയുധ പൂജയുടെ മറവില്‍ തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള വന്‍ മാരകായുധങ്ങള്‍ ഫേസ് ബുക്കില്‍ പ്രദര്‍ശിപ്പിച്ച് തീവ്ര ഹിന്ദുത്വ പ്രചാരകന്റെ വിദ്വേഷ പോസ്റ്റ്. മുന്‍ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവും കടുത്ത വര്‍ഗീയ പ്രചാരകനുമായ പ്രതീഷ് വിശ്വനാഥാണ് കലാപത്തിന് കോപ്പ് കൂട്ടും വിധം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നെങ്കിലും കേരള പോലിസ് ഇതുവരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ആരാണ് പ്രതീഷ് വിശ്വനാഥ്?

വാര്‍ത്തകളില്‍ നിങ്ങള്‍ക്ക് ഈ ഹിന്ദുത്വ ഭീകരനെ കാണാനാവില്ല, ഇയാളെ കുറിച്ച് വന്ന വാര്‍ത്തകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നതുപോലെ കെട്ടടങ്ങിയിട്ടുണ്ട്. പത്തനംതിട്ട കിടങ്ങന്നൂരില്‍ മുരിങ്ങൂര്‍ വലിയകാലയില്‍ വിശ്വനാഥന്‍ നായരുടെയും രാധാമണിയുടെയും മകനായ അഡ്വ. പ്രതീഷ് വിശ്വനാഥ് കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി കേരളത്തിലെ ഹിന്ദുത്വ സംഘടനകള്‍ക്ക് മേലെ ആസൂത്രകന്റെ വേഷം അണിഞ്ഞു നില്‍ക്കുകയാണ്. ഡല്‍ഹിയില്‍ കേരളാ ഹൗസിലെ ബീഫ് റെയ്ഡ്, ലൗ ജിഹാദ് എന്ന നുണക്കഥ, ബിജെപി - എസ്എന്‍ഡിപി ബാന്ധവം, കിസ് ഓഫ് ലൗവിന് എതിരായ അക്രമം എന്നിങ്ങനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പല സംഭവങ്ങള്‍ക്കും അണിയറയില്‍ നമുക്ക് പ്രതീഷ് വിശ്വനാഥ് എന്ന പേര് കാണാം.

സ്‌കൂള്‍ കോളജ് കാലഘട്ടത്തില്‍ ആര്‍എസ്എസിലും എബിവിപിയിലും പ്രവര്‍ത്തിച്ച ഇയാള്‍ കുമ്മനം രാജശേഖരന്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന 2004 ലാണ് വിഎച്ച്പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആവുന്നത്. പിന്നീട് അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ എന്നിവരുമായി പ്രതീഷ് അടുത്ത ബന്ധം സ്ഥാപിച്ചു. കേരളത്തില്‍ എത്തുന്ന ഈ നേതാക്കളുടെ പ്രസംഗം തര്‍ജ്ജമ ചെയ്യുന്നതും പ്രതീഷ് ആയിരുന്നു. മുതിര്‍ന്ന ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ തലയ്ക്കു മീതെ ആയിരുന്നു പ്രതീഷിന്റെ വളര്‍ച്ച. സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ കൂടുതല്‍ തീവ്രമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന പ്രതീഷിന്റെ ശൈലി സംസ്ഥാനത്തെ മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളെ ചൊടിപ്പിച്ചു. എന്നാല്‍ കേന്ദ്ര നേതാക്കളുമായുള്ള ബന്ധം ഇയാള്‍ക്ക് സഹായകമായി. പിന്നീട് മറ്റൊരു വിഷയത്തില്‍ ആണ് പ്രതീഷ് വിശ്വനാഥിനെ സംഘടനാ ചുമതലകളില്‍ നിന്നും നീക്കം ചെയ്യുന്നത്.

പ്രതീഷിന്റെ ബന്ധങ്ങള്‍, പ്രവര്‍ത്തനങ്ങള്‍

ഔദ്യോഗികമായി സംഘടനാ ഭാരവാഹിത്വങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടുവെങ്കിലും പ്രതീഷ് തൊഗാഡിയയുമായുള്ള ബന്ധം തുടര്‍ന്നു. യഥാര്‍ത്ഥത്തില്‍ തന്റെ തീവ്ര ആശയങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഈ സ്ഥാന ചലനം പ്രതീഷിനെ സഹായിക്കുകയാണ് ചെയ്തത്. വിശ്വ ഹിന്ദു പരിഷത്തിന്റെ മൗനാനുവാദത്തോടെ തന്നെ പ്രതീഷ് ഹിന്ദു യുവാക്കളെ സംഘടിപ്പിച്ചു. ലൗ ജിഹാദ് എന്ന പേരില്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ചു മതം മാറ്റാന്‍ മുസ്ലിം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന നുണക്കഥയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം പ്രതീഷ് ആയിരുന്നു. ഇതിന്റെ മറപിടിച്ചാണ് ഇയാള്‍ ഹിന്ദു ഹെല്‍പ് ലൈന്‍ എന്ന സംഘടന രൂപീകരിക്കുന്നത്. ഹിന്ദു ഹെല്‍ത്ത് ലൈന്‍, ഹിന്ദു സൈബര്‍ സെല്‍, ഹിന്ദു ബിസ്സിനസ്സ് ഫോറം എന്നിവ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും ഇയാള്‍ തന്നെ.

ഈ ഘട്ടങ്ങളില്‍ ഒക്കെ കേരളത്തിലെ നേതാക്കളെ ഒഴിവാക്കി കേന്ദ്ര ബിജെപി നേതൃത്വവുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ഇയാള്‍ വിജയിച്ചിരുന്നു. ലൗ ജിഹാദിനെതിരേ എന്ന പേരില്‍ സ്ഥാപിച്ച ഹിന്ദു ഹെല്‍പ് ലൈന്‍ എന്ന സംഘടന യുവാക്കള്‍ക്ക് ആയുധപരിശീലനം അടക്കം നല്‍കുന്നതായി വിവരം ഉണ്ട്. ഇറ്റാലിയന്‍ പിസ്റ്റളുകള്‍ അടക്കം സ്വന്തമായുള്ള പ്രതീഷ് ഫേസ്ബുക്കിലൂടെ ഹിന്ദു യുവാക്കളോട് ആയുധം എടുക്കാന്‍ വര്‍ഷങ്ങളായി പരസ്യമായി ആഹ്വാനം ചെയ്യുന്നുമുണ്ട്.

ലൗ ജിഹാദ് ഉയര്‍ത്തിക്കൊണ്ടു വിശാലമായ ഹിന്ദു ഐക്യത്തിന് വേണ്ടി എന്‍എസ്എസ്- എസ്എന്‍ഡിപി സംഘടനകളെ കൂടെ ചേര്‍ക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം സ്ഥാപിച്ച പ്രതീഷ് ആണ് ബിഡിജെഎസ് എന്ന പാര്‍ട്ടിയുടെ രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കേരളത്തിലെ ബിജെപി- ആര്‍എസ്എസ് നേതാക്കളെ കൂടെ കൂട്ടാതെ കേന്ദ്ര നേതൃത്വവുമായി നേരിട്ട് കരാര്‍ ഉറപ്പിച്ച് ബിഡിജെഎസ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് അമിത്ഷായും തൊഗാഡിയയുമായും പ്രതീഷ് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ്. കേരളത്തില്‍ ബിജെപിക്ക് അപ്പുറത്തേക്ക് ഹിന്ദുത്വ രാഷ്ട്രീയത്തെ വിപുലപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

സാമുദായീക സംഘടനകളെ ഹിന്ദുത്വ ചേരിയിലേക്ക് അടുപ്പിക്കുക എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് എസ്എന്‍ഡിപി പരിപാടിയില്‍ സാധ്വി നിരഞ്ജന ജ്യോതിയെ പങ്കെടുപ്പിക്കുന്നതും അവരുടെ സെമിനാറില്‍ സാക്ഷാല്‍ പ്രവീണ്‍ തൊഗാഡിയ തന്നെ ഉദ്ഘാടകന്‍ ആയി എത്തുന്നതും. രണ്ടിനും പിന്നില്‍ പ്രതീഷിന്റെ ബന്ധങ്ങള്‍ ആയിരുന്നു. കേരള ഹൗസില്‍ റെയ്ഡ് നടന്ന സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതീഷിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് സിപിഎം എവിടെയും ആ പേര് പരാമര്‍ശിച്ചിട്ടില്ല എന്നത് ചിന്തിപ്പിക്കുന്നതാണ്.

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെയ്‌വലിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ട പ്രമുഖ ചാനലുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിച്ചത് പ്രതീഷിന്റെ നേതൃത്വത്തിലാണ്. അമൃതാനന്ദമയിയുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇയാള്‍ പിന്നീട് ഹിന്ദു ഹെല്‍ത്ത് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അമൃത ആശുപത്രിയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി. തൃപ്പൂണിത്തുറയിലെ മേക്കര ഘര്‍വാപ്പസി കേന്ദ്രത്തില്‍ റെയ്ഡിന് എത്തിയ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് മാനസികരോഗ വിദഗ്ധരുടെ കുറിപ്പുകളും വിസിറ്റിങ് കാര്‍ഡുകളും മറ്റു മെഡിക്കല്‍ രേഖകളും ലഭിച്ചിരുന്നു.

ഹിന്ദു ഹെല്‍പ്പ് ലൈന്‍-ആര്‍ഷ വിദ്യ സമാജം- അമൃത ഹോസ്പിറ്റല്‍ എന്നീ മൂന്ന് തട്ടില്‍ കിടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് മതപരിവര്‍ത്തനം നടത്തിയവരും അന്യ മതസ്ഥരെ പ്രണയിക്കുന്നവരുമായ പെണ്‍കുട്ടികളെ നിര്‍ബന്ധിത ഘര്‍വാപ്പസിക്ക് വിധേയരാക്കിയിരുന്നത് എന്നാണ് വിവരം. ഉത്തരേന്ത്യയില്‍ നിന്നടക്കം പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ച് മാനസീക രോഗികള്‍ക്ക് നല്‍കുന്ന മയക്കുമരുന്നുകള്‍ കൊടുത്ത് ബുദ്ധി മരവിപ്പിക്കുന്നതായ വിവരം കോബ്രാ പോസ്റ്റ് 2015 ല്‍ 'ഓപറേഷന്‍ ജൂലിയറ്റ്' എന്ന് പേരിട്ടു വിളിച്ച സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവന്നിരുന്നു. ആ വഴിയില്‍ യാതൊരു അന്വേഷണവും നാളിതുവരെ നടന്നില്ല എന്നത് ദുരൂഹമാണ്. ഇത് വിരല്‍ ചൂണ്ടുന്നത് പ്രതീഷും അമൃതാനന്ദമയി മഠവും തമ്മിലെ അടുത്ത ബന്ധത്തിലേക്കാണ്.

എറണാകുളത്ത് കിസ് ഓഫ് ലൗ പ്രതിഷേധക്കാര്‍ക്കെതിരേ തീവ്ര ഹിന്ദുത്വ ആഭിമുഖ്യമുള്ളവരെ രംഗത്ത് ഇറക്കിയതിനു പിന്നിലും കുമ്മനം രാജശേഖരന്‍ മുന്നണിയില്‍ ഉണ്ടായിരുന്ന ആറന്മുള സമരത്തിന്റെ അണിയറയിലും പ്രതീഷ് വിശ്വനാഥ് ഉണ്ടായിരുന്നു. ബിജെപി-ആര്‍എസ്എസ് പദ്ധതിയായി അവതരിക്കപ്പെട്ട ഘര്‍വാപസി നടപ്പിലാക്കാനുള്ള ചുമതല കേരളത്തില്‍ സംഘപരിവാര നേതാക്കളെ ഒഴിവാക്കി സംഘടനയില്‍ ഇല്ലാത്ത പ്രതീഷിനെയാണ് ഏല്പിച്ചിരുന്നത്. ഘര്‍വാപ്പസിക്ക് പുറമെ ലൗ കുരുക്ഷേത്ര എന്ന പേരില്‍ മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയിച്ചു മതം മാറ്റുന്ന പ്രവര്‍ത്തനം നടക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് ബലമേകുന്നതാണ് പ്രതീഷ് വിശ്വനാഥന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെയും മുന്‍പ് വര്‍ഗ്ഗീയ വിദ്വേഷ പോസ്റ്റുമായി രംഗത്ത് വന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തത് സാമൂഹ്യ മാധ്യമങ്ങളില്‍ അന്ന് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. മത വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ നിരന്തരം ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതായി കാണിച്ച് മാധ്യമ പ്രവര്‍ത്തകനും കോതമംഗലം സ്വദേശിയുമായ ബാബു എം ജേക്കബ് കഴിഞ്ഞ ഡിസംബറില്‍ പ്രതീഷിനെതിരേ കേരള പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് എടുക്കണമെങ്കില്‍ ഫേസ്ബുക്കിന്റെ സഹായം വേണമെന്നും, രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായാണ് ഇത്തരം കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുകയുള്ളൂ എന്നുമായിരുന്നു പോലിസിന്റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്ത അതേ കേരള പൊലിസിനാണ്, കേരളത്തില്‍ തന്നെയുള്ള പ്രതീഷ് വിശ്വനാഥിനെതിരേ കേസ് എടുക്കണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം വേണമെന്ന് പറഞ്ഞത്.

കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍എസ്എസ് ആക്രമണത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു ഇതിനു മുന്‍പ് വിദ്വേഷ പോസ്റ്റ്. ശിവക്ഷേത്രം പൊളിച്ചു ശൗചാലയം പണിയണം എന്ന് പറഞ്ഞ ഏതോ ഒരു കവിക്ക് ഹിന്ദു യുവാക്കള്‍ തല്ലു കൊടുത്തതായി പറഞ്ഞുകേട്ടെന്നും ഇതൊരു മുന്നറിയിപ്പായി കരുതിയാല്‍ മതിയെന്നുമുള്ള ഭീഷണിയായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവത്തെ ന്യായീകരിച്ചും പ്രതീഷ് ഫേസ്ബുക്ക് പോസ്റ്റുമായെത്തി. ബാബരി മസ്ജിദ് ദിനത്തില്‍ കാശിയിലെയും മധുരയിലെയും മുസ്ലിം പള്ളികള്‍ പൊളിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയ പ്രതീഷ് ബാബരി പൊളിച്ചതിന്റെ ഓര്‍മക്കായി മധുരം വിതരണം ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. നിരന്തരം മുസ്‌ലിം വിരുദ്ധമായ പോസ്റ്റുകള്‍ നിറഞ്ഞ ഇയാളുടെ ഫേസ്ബുക്കില്‍ മുസ്‌ലിംകള്‍ക്ക് എതിരെ നടക്കുന്ന എല്ലാ അക്രമങ്ങളെയും ന്യായീകരിക്കുന്നുണ്ട്. ഇത്രയും വിഷലിപ്തമായ പ്രവര്‍ത്തനം സമൂഹത്തില്‍ നടത്തുന്ന ഈ തീവ്ര ഹിന്ദുത്വ നേതാവിനെതിരേ അന്വേഷണങ്ങള്‍ ഒന്നും നടക്കുന്നില്ല എന്നത് ഗൗരവകരമാണ്.

Next Story

RELATED STORIES

Share it