Sub Lead

''150 വര്‍ഷത്തിനുള്ളില്‍ ഹിന്ദുക്കള്‍ ഇല്ലാതാകും'': ഒബിസിക്കാരനെ കൊണ്ട് ബ്രാഹ്മണന്റെ കാല്‍ കഴുകിച്ച് വെള്ളം കുടിപ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി (VIDEO)

150 വര്‍ഷത്തിനുള്ളില്‍ ഹിന്ദുക്കള്‍ ഇല്ലാതാകും: ഒബിസിക്കാരനെ കൊണ്ട് ബ്രാഹ്മണന്റെ കാല്‍ കഴുകിച്ച് വെള്ളം കുടിപ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി (VIDEO)
X

ജബല്‍പൂര്‍: ഒബിസിക്കാരനെ കൊണ്ട് ബ്രാഹ്മണന്റെ കാല്‍ കഴുകിച്ച് വെള്ളം കുടിപ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പര്‍ഷോത്തം എന്ന യുവാവിനെ കൊണ്ട് ബ്രാഹ്മണന്റെ കാല്‍ കഴുകി വെള്ളം കുടിപ്പിക്കുന്ന വീഡിയോയില്‍ ഉള്ള എല്ലാവര്‍ക്കെതിരേയും ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്‍, പ്രദീപ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

പ്രദേശവാസികള്‍ പര്‍ഷോത്തമിനെ കൊണ്ട് ബ്രാഹ്മണനായ അന്നു പാണ്ഡെയുടെ കാല്‍ കഴുകിപ്പിച്ച് വെള്ളം കുടിപ്പിച്ചെന്നാണ് വീഡിയോ കാണിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്നു പാണ്ഡെ തന്റെ ഗുരുവാണെന്ന് പര്‍ഷോത്തം പറയുന്ന വീഡിയോ നിര്‍ബന്ധിപ്പിച്ച് തയ്യാറാക്കിയതാണെന്നും കോടതി നിരീക്ഷിച്ചു. സംഭവം ക്ഷേത്രത്തില്‍ നടന്നതിനാല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. ആരാധനാ സ്ഥലത്ത് ശത്രുതയുണ്ടാക്കല്‍, ക്രിമിനല്‍ ഭീഷണി, അന്തസ് കളയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ക്കാനാണ് നിര്‍ദേശം. അശ്ലീല പ്രവൃത്തികള്‍ എന്ന വകുപ്പ് പ്രകാരം മാത്രമാണ് പോലിസ് ചേര്‍ത്തിരുന്നത്.

മധ്യപ്രദേശിലെ ജാതി സംബന്ധമായ അക്രമങ്ങളും വിവേചനപരമായ നടപടികളും ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടയാള്‍ ആദിവാസിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം ഉള്‍പ്പെടെയുള്ള മുന്‍കാല സംഭവങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്, അത്തരം പ്രവൃത്തികള്‍ മുഴുവന്‍ ഹിന്ദു സമൂഹത്തിനും ദോഷകരമാണെന്നും 'ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ഘടനയെ' തുറന്നുകാട്ടുന്നുവെന്നും ബെഞ്ച് പറഞ്ഞു.

''ഓരോ ജാതിയും ഇപ്പോള്‍ അവരുടെ സ്വത്വത്തില്‍ അഭിമാനിക്കുന്നു, അത് തടയാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അത്തരം പ്രവണതകള്‍ നിയന്ത്രിക്കപ്പെടാതെ തുടര്‍ന്നാല്‍ ഒന്നര നൂറ്റാണ്ടിനുള്ളില്‍ ഹിന്ദുക്കള്‍ പരസ്പരം പോരടിച്ച് ഇല്ലാതാകും.''-കോടതി പറഞ്ഞു. ഈ സംഭവത്തിന്റെ ഗൗരവവും ഇരയുടെ സമുദായത്തില്‍ ഉടലെടുക്കുന്ന നീരസവും പരിഗണിക്കുമ്പോള്‍ ദേശീയ സുരക്ഷാ നിയമം ഉടനടി ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംഭവത്തെ 'ജാതി അതിക്രമത്തിന്റെ ദുഷ്ട താളം' എന്ന് വിശേഷിപ്പിച്ച ബെഞ്ച്, വീഡിയോയില്‍ കാണുന്ന എല്ലാ വ്യക്തികള്‍ക്കെതിരെയും എന്‍എസ്എ പ്രകാരം നടപടിയെടുക്കാന്‍ ദാമോ പോലീസിനോടും സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു.

മധ്യപ്രദേശിലെ ദമോ ജില്ലയിലെ സതാരിയ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുശ്‌വാഹ സമുദായക്കാരനായ പര്‍ഷോത്തം ആണ് ജാതിപരമായ അതിക്രമത്തിന് ഇരയായത്. ഗ്രാമത്തെ മദ്യവിമുക്തമാക്കാന്‍ നേരത്തെ എല്ലാവരും കൂടി തീരുമാനിച്ചിരുന്നു. എന്നാല്‍, ബ്രാഹ്മണ സമുദായ അംഗമായ അന്നു പാണ്ഡെ മദ്യവില്‍പ്പന തുടര്‍ന്നു. അതോടെ നാട്ടുകാര്‍ അയാള്‍ക്കെതിരേ പ്രതിഷേധിച്ചു. അന്നു പാണ്ഡെ ചെരുപ്പ് മാലയിട്ട് നില്‍ക്കുന്ന ഒരു ചിത്രം ഈ സമയത്ത് പര്‍ഷോത്തം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ഇത് ബ്രാഹ്മണ സമുദായത്തിന് എതിരായ അതിക്രമമായി സവര്‍ണര്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് ബ്രാഹ്മണര്‍ ഒത്തുകൂടി പര്‍ഷോത്തമിനോട് 'പ്രായശ്ചിത്തം' ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് പര്‍ഷോത്തം ആചാരപ്രകാരം അന്നു പാണ്ഡെയുടെ കാല്‍ കഴുകി വെള്ളം കുടിക്കേണ്ടി വന്നത്. പിഴയായി 5,100 രൂപയും നല്‍കേണ്ടി വന്നു. ഈ 'പ്രായശ്ചിത്തത്തിന്റെ' വീഡിയോ വൈറലായതോടെ, ഇരൂകൂട്ടരും സഹകരിച്ചാണ് ആചാരം നടത്തിയതെന്ന് അന്നു പാണ്ഡെ പറഞ്ഞു. അന്നു പാണ്ഡെ തന്റെ കുടുംബത്തിന്റെ ഗുരുവാണെന്ന് പര്‍ഷോത്തമും പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ഗുരു-ശിഷ്യ ബന്ധമുണ്ടെന്നും തങ്ങള്‍ പരിഹരിച്ച പ്രശ്‌നം വിവാദമാക്കരുതെന്നും പര്‍ഷോത്തം അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it