Sub Lead

ഹിമാചല്‍ തിരഞ്ഞെടുപ്പ്: 62 സീറ്റുകളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 11 സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കി

ഹിമാചല്‍ തിരഞ്ഞെടുപ്പ്: 62 സീറ്റുകളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 11 സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കി
X

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ബിജെപി പ്രഖ്യാപിച്ചു. 62 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. മുഖ്യമന്ത്രി ജയറാം താക്കൂര്‍ അദ്ദേഹത്തിന്റെ നിലവിലെ മണ്ഡലമായ സേരജില്‍ നിന്ന് ജനവിധി തേടും. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന പ്രേംകുമാര്‍ ധുമലിന് ഇത്തവണ ടിക്കറ്റില്ല. ഒരു കാബിനറ്റ് മന്ത്രിയുള്‍പ്പെടെ 11 സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ല. സുരേഷ് ഭരദ്വാജ്, രാകേഷ് പതാനിയ എന്നീ മന്ത്രിമാരുടെ സീറ്റുകള്‍ മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവും ഷിംല അര്‍ബന്‍ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയുമായ ഭരദ്വാജിനെ കസുംപ്തിയില്‍ നിന്നും നൂര്‍പൂര്‍ എംഎല്‍എ പതാനിയക്ക് ഫത്തേപൂരിലാണ് ടിക്കറ്റ് നല്‍കിയത്. ഉനയില്‍ നിന്ന് സത്പാല്‍ സിങ് സത്തിയെയും മാണ്ഡിയില്‍ അനില്‍ ശര്‍മയെയും ബിജെപി മല്‍സരിപ്പിക്കും. ബിജെപിയില്‍ നിന്ന് പവന്‍ കാജല്‍ കംഗ്രയ്ക്ക് ടിക്കറ്റ് ലഭിച്ചു. നരേന്ദ്ര താക്കൂര്‍ ഹമീര്‍പൂര്‍ മണ്ഡലത്തില്‍ നിന്നും രഞ്ജിത് സിങ് സുജന്‍പൂരില്‍ നിന്നും മല്‍സരിക്കും. ധരംപൂരില്‍ നിന്നുള്ള എംഎല്‍എയായ മന്ത്രി മഹേന്ദ്ര സിങ്ങിന് പകരം മകന്‍ രജത് താക്കൂറിനെ പരിഗണിച്ചു.

പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ചുര സീറ്റില്‍ നിന്ന് ഹന്‍സ് രാജ്, ഭര്‍മൂര്‍ സീറ്റില്‍ നിന്ന് ഡോ. ജനക് രാജ്, ചമ്പയില്‍ നിന്ന് ഇന്ദിര കപൂര്‍, ഡല്‍ഹൗസിയില്‍ നിന്ന് ഡി എസ് താക്കൂര്‍ എന്നിവര്‍ മല്‍സരിക്കും. പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിച്ച ചേതന്‍ ബ്രഗ്തയെ ജുബ്ബല്‍കോട്ഖായില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിത്വം നല്‍കി. മുന്‍ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകന്‍ അനില്‍ ശര്‍മയാണ് മാണ്ഡിയില്‍ നിന്ന് ജനവിധി തേടുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എട്ട് സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്.

മൂന്ന് സീറ്റുകള്‍ മാത്രമാണ് പട്ടിക വര്‍ഗ വിഭാഗത്തിന് കീഴില്‍ സംവരണം ചെയ്തിരിക്കുന്നത്. സ്ഥാനാര്‍ഥികളില്‍ ഏകദേശം മൂന്നില്‍ രണ്ട് പേരും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമാണ്. പട്ടികയില്‍ അഞ്ച് വനിതാ സ്ഥാനാര്‍ഥികളും ഉള്‍പ്പെടുന്നു. 46 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ചൊവ്വാഴ്ച കോണ്‍ഗ്രസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ 19 പേര്‍ സിറ്റിങ് എംഎല്‍എമാരാണ്. ആറുപേര്‍ പുതുമുഖങ്ങളും. മൂന്നുപേര്‍ വനിതകളും. പട്ടികയിലെ 13 പേര്‍ കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തിങ്കളാഴ്ചത്തെ യോഗത്തിലാണ് ബിജെപിയുടെ പട്ടികയ്ക്ക് അന്തിമരൂപമായത്. നവംബര്‍ 12നാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 25 ആണ്. ഒക്ടോബര്‍ 17ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഹിമാചല്‍ നിയമസഭയിലെ 68 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തിരഞ്ഞെടുപ്പില്‍ 68ല്‍ 44 സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. അന്ന് കോണ്‍ഗ്രസിന് 21 സീറ്റുകളാണ് ലഭിച്ചത്.

Next Story

RELATED STORIES

Share it