Sub Lead

പിഞ്ചുകുഞ്ഞിന് അടിയന്തിര സഹായം; ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് സൈബര്‍ ലോകത്തിന്റെ കൈയടി

മന്ത്രിയുടെ ഇടപെടലിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ രാത്രി മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്

പിഞ്ചുകുഞ്ഞിന് അടിയന്തിര സഹായം;  ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് സൈബര്‍ ലോകത്തിന്റെ കൈയടി
X

മലപ്പുറം: ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം തേടി മാതൃസഹോദരന്‍ ഫേസ്ബുക്ക് കമന്റിലൂടെ അഭ്യര്‍ഥിച്ചപ്പോള്‍ അടിയന്തിര സഹായം നല്‍കിയ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് രാഷ്ട്രീയം മറന്ന് സൈബര്‍ ലോകത്തിന്റെ കൈയടി. മന്ത്രിയുടെ ഇടപെടലിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ രാത്രി മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഫേസ്ബുക്കിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും നിരവധി പേരാണ് മന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുള്ളത്. ജിയാസ് മടശ്ശേരി എന്ന യുവാവ് തന്റെ സഹോദരി പുത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ അപേക്ഷയുമായി മന്ത്രിയെ ഫേസ്ബുക്ക് വഴിയാണ് സമീപിച്ചത്. രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ഥിയെ അനുമോദിച്ച് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയായാണ് യുവാവ് മെയ് എട്ടിനു രാത്രി 7.40നു സഹായാഭ്യര്‍ഥന നടത്തിയത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികില്‍സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റിലെ ആവശ്യം. ഇത് ശ്രദ്ധയില്‍പെട്ട മന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും മറ്റും ബന്ധപ്പെട്ട് ഹൃദ്യം പദ്ധതിയില്‍പ്പെടുത്തി ആവശ്യമായ ചികില്‍സാ സൗകര്യവും ആംബുലന്‍സും ഏര്‍പ്പെടുത്തുകയായിരുന്നു. നടപടികളെല്ലാം അതിവേഗം പൂര്‍ത്തിയാക്കി കുഞ്ഞിനെ ആംബുലന്‍സില്‍ എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് മന്ത്രി ജിയാസ് മാടശ്ശേരിക്കു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പരസ്പരെ പോരടിച്ച സൈബര്‍ പോരാളികള്‍ പോലും മന്ത്രി ശൈലജയുടെ ഇടപെടലിനെ വാനോളം പുകഴ്ത്തുകയാണ്. അമ്മയാണ്, നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി പദം കാത്തിരിക്കുന്നുണ്ട്, ഓളെ പഠിപ്പിച്ച് നമ്മള്‍ ടീച്ചറാക്കിയതും പാര്‍ട്ടി മന്ത്രിയാക്കിയതും വെറുതെയായില്ല തുടങ്ങിയ വാക്കുകളിലൂടെയാണ് പ്രശംസ കൊണ്ടു മൂടുന്നത്.


മന്ത്രിയുടെ ഇടപെടലില്‍ അല്‍ഭുതമില്ലെന്നാണ് ജിയാസ് പറയുന്നത്. 'വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആ അമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ നേരിട്ട് വിളിച്ചത്, ആദ്യം ഞങ്ങള്‍ മന്ത്രിയുടെ ഫോണില്‍ നേരിട്ടുവിളിച്ചിരുന്നു. എന്നാല്‍ തിരക്കിലാണെന്നായിരുന്നു മറുപടി. പിന്നീടാണ് ഫേസ്ബുക്കില്‍ കമന്റിട്ടത്. അതിനുപിന്നാലെ തന്നെ മന്ത്രിയുടെ നമ്പറില്‍ നിന്നു ഫോണ്‍ വന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് വിളിച്ചത്. എന്താണ് കാര്യമെന്ന് ചോദിച്ചു. പിന്നീട് മന്ത്രി തന്നെ നേരിട്ട് വിളിച്ചു. ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. ഒരു 20 തവണയെങ്കിലും മന്ത്രിയുടെ പിഎ ഞങ്ങളെ വിളിച്ചിട്ടുണ്ട്. അതിനിടയില്‍ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും വിളിച്ചു. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ അവര്‍ ചോദിച്ചിരുന്നു. ഞങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാനാണ് ആഗ്രഹിച്ചത്. എന്നാല്‍ അവിടെ ബെഡ് ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രി ഇടപെട്ടാണ് ലിസി ആശുപത്രിയില്‍ ചികില്‍സ ലഭ്യമാക്കിയത്. ചെലവെല്ലാം സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പും നല്‍കി. ആയമ്മയെ ഞങ്ങള്‍ക്ക് വിശ്വാസമാണ്. എന്ത് കാര്യമുണ്ടെങ്കിലും മന്ത്രിയെ നേരിട്ട് വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ജിയാസ് മാടശ്ശേരി പറയുന്നു.Next Story

RELATED STORIES

Share it