Sub Lead

അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ രേഖകള്‍ കൈവശമുണ്ടെന്ന സുവേന്ദുവിന്റെ പരാമര്‍ശം വിവാദത്തില്‍

കിഴക്കൻ മിഡ്നാപുർ ജില്ലയിൽ തിങ്കളാഴ്ച നടന്ന ബിജെപി പൊതുയോഗത്തിലാണ് സുവേന്ദു അധികാരി ഇക്കാര്യങ്ങൾ പറഞ്ഞതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.

അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ രേഖകള്‍ കൈവശമുണ്ടെന്ന സുവേന്ദുവിന്റെ പരാമര്‍ശം വിവാദത്തില്‍
X

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകനും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ ഫോൺ രേഖകൾ കൈവശമുണ്ടെന്ന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പരാമർശം വിവാദത്തിൽ. അഭിഷേക് ബാനർജിയുടെ ഓഫീസിൽ നിന്ന് പോലിസുകാരേയും സർക്കാർ ഉദ്യോഗസ്ഥരേയും ഉൾപ്പെടെ വിളിച്ച മുഴുവൻ ശബ്ദരേഖയും കൈവശമുണ്ടെന്നാണ് പുറത്തുവന്ന വീഡിയോയിൽ സുവേന്ദു അധികാരി പറയുന്നത്.

കിഴക്കൻ മിഡ്നാപുർ ജില്ലയിൽ തിങ്കളാഴ്ച നടന്ന ബിജെപി പൊതുയോഗത്തിലാണ് സുവേന്ദു അധികാരി ഇക്കാര്യങ്ങൾ പറഞ്ഞതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. ഇസ്രായേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഉൾപ്പെടെ ഫോൺ ചോർത്തിയെന്ന വിവാദം കത്തിനിൽക്കെ ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് സുവേന്ദുവിന്റെ പരാമർശങ്ങൾ.

നിങ്ങളുടെ കൈവശം സംസ്ഥാന സർക്കാരുണ്ടെങ്കിൽ ഞങ്ങൾക്ക് കേന്ദ്ര സർക്കാരുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ, ഇൻസ്പെക്ടർ, പോലിസ് സൂപ്രണ്ട് എന്നിവരുടെ പങ്ക് സിബിഐ അന്വേഷിക്കുമെന്നും ഒരു അമ്മായിക്കും (മമത ബാനർജി) നിങ്ങളെ രക്ഷിക്കാനാകില്ലെന്നും 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സുവേന്ദു പറയുന്നു. പെഗാസസ് ഉപയോഗിച്ച് അഭിഷേക് ബാനർജിയുടെ ഫോൺ കോളുകളും കേന്ദ്രം ചോർത്തിയതായി കഴിഞ്ഞ ദിവസം തൃണമൂൽ പാർലമെന്റിൽ ആരോപിച്ചിരുന്നു.

സുവേന്ദുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് തൃണമൂൽ ആവശ്യപ്പെട്ടു. അഭിഷേക് ബാനർജി ഉൾപ്പെടെ നിരവധി പേരെ നിരീക്ഷിക്കാൻ പെഗാസസ് ഉപയോഗിച്ചിരുന്നുവെന്ന് സുവേന്ദു തെളിയിച്ചു. ഇത് ഗുരുതരമായ തെറ്റാണ്. കേന്ദ്രസർക്കാർ അധികാരം ദുരുപയോഗപ്പെടുത്തുകയാണെന്നും തൃണമൂൽ സംസ്ഥാന ജനറൽ സെക്രട്ടറി കുണാൽ ഘോഷ് ആരോപിച്ചു.

Next Story

RELATED STORIES

Share it