Sub Lead

കൂട്ടബലാല്‍സംഗക്കേസിലെ പ്രതിയായ ബിജെപി ഹരിയാന പ്രസിഡന്റിന് പിന്തുണയുമായി ബ്രാഹ്മിണ സമുദായ സംഘടനകള്‍ ; ബീഡി പോലും വലിക്കാത്ത നേതാവിന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാന്‍ ശ്രമമെന്ന്

കൂട്ടബലാല്‍സംഗക്കേസിലെ പ്രതിയായ ബിജെപി ഹരിയാന പ്രസിഡന്റിന് പിന്തുണയുമായി ബ്രാഹ്മിണ സമുദായ സംഘടനകള്‍ ; ബീഡി പോലും വലിക്കാത്ത നേതാവിന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാന്‍ ശ്രമമെന്ന്
X

ഛണ്ഡീഗഡ്: കൂട്ടബലാല്‍സംഗക്കേസില്‍ പ്രതിയായ ബിജെപി ഹരിയാന പ്രസിഡന്റ് മോഹന്‍ലാല്‍ ബദോളിയ്ക്ക് പിന്തുണയുമായി ബ്രാഹ്മണ സമുദായ സംഘടനകള്‍. ഒരു ബീഡി പോലും വലിക്കാത്തയാളാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് പീഡന ആരോപണമെന്നും നിരവധി ബ്രാഹ്മണ സമുദായ സംഘടനാ നേതാക്കള്‍ പറഞ്ഞു. മോഹന്‍ലാലിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് വാര്‍ത്താസമ്മേളനങ്ങളാണ് ജീന്‍ഡ് ജില്ലയില്‍ മാത്രം ബ്രാഹ്മണ സമുദായസംഘടനകള്‍ നടത്തിയിരിക്കുന്നത്.

ഹരിയാന ബിജെപിയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ബദോളിയെ വീണ്ടും നിയമിക്കുന്നത് തടയാനുള്ള വലിയ ഗൂഡാലോചനയാണ് നടക്കുന്നതെന്ന് ജീന്‍ഡ് ബ്രാഹ്മിണ്‍ സഭയുടെ മുന്‍ ജനറല്‍ സെക്രട്ടറി രാം ചന്ദര്‍ അത്രി ഉച്ചാനയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബദോളിക്കെതിരായ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് പിന്തുണയെന്ന് ബ്രാഹ്മണ സമുദായ സംഘടനാ നേതാക്കള്‍ പറഞ്ഞു. ''ബദോളിക്കെതിരായ കേസ് ഗൂഡാലോചനയുടെ ഭാഗമാണ്. വിഷയത്തില്‍ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പമാണ്. കേസില്‍ ന്യായമായ അന്വേഷണം ആവശ്യമാണ്. ബദോളിക്കെതിരേ നടപടി സ്വീകരിക്കുകയാണെങ്കില്‍ ഞങ്ങള്‍ അതിനെ ശക്തമായി എതിര്‍ത്ത് സമരവുമായി തെരുവില്‍ ഇറങ്ങും.''- ബ്രാഹ്മിണ്‍ സഭ ഹിസാര്‍ ജില്ലാ പ്രസിഡന്റ് രാജ്കുമാര്‍ ഭരദ്വാജ് പറഞ്ഞു.

''സമാനമായ രീതിയില്‍ ആറുമാസം മുമ്പ് ഒരു എംപിക്കെതിരേ കേസ് വന്നു. ആരാണ് ബദോളിയെ കേസില്‍ കുടുക്കിയതിന് പിന്നിലെന്ന് അറിയില്ല. അദ്ദേഹം ഒരു ബീഡി പോലും വലിക്കാത്ത ആളാണ്. അദ്ദേഹത്തിന്റെ ശോഭനമായ ഭാവി തകര്‍ക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. സിബിഐ ഇക്കാര്യം അന്വേഷിക്കണം''-ഗോഹാനയിലെ ബ്രാഹ്മിണ്‍ സമാജ് കല്യാണ്‍ സമിതി സെക്രട്ടറി രാജ്കുമാര്‍ ഫൗജി ആവശ്യപ്പെട്ടു.

എല്ലാ സ്ത്രീകളും സീതയോ സാവിത്രിയോ അല്ലെന്ന് ജീന്‍ഡിലെ ബ്രാഹ്മിണ്‍ ധര്‍മശാലയുടെ ഭാരവാഹിയും ഖണ്ഡേല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ദലീപ് ഭരദ്വാജും പറഞ്ഞു.

ഡല്‍ഹി സ്വദേശിയായ യുവതിയെ ഹിമാചല്‍പ്രദേശില്‍ വെച്ച് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന കേസിലാണ് ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റ് മോഹന്‍ലാല്‍ ബദോളിയേയും ഗായകന്‍ ജയ് ഭഗ്‌വാന്‍ എന്ന റോക്കി മിത്തലിനെയും പോലിസ് പ്രതിയാക്കിയിരിക്കുന്നത്. ഹിമാചല്‍പ്രദേശ് ടൂറിസം വികസന കോര്‍പറേഷന്റെ കീഴിലുള്ള റോസ് കോമണ്‍ ഹോട്ടലില്‍ 2023 ജൂലൈ മൂന്നിനാണ് കുറ്റകൃത്യം നടന്നതെന്ന് അതിജീവിതയുടെ പരാതി പറയുന്നു.

കേസില്‍ മോഹന്‍ലാല്‍ ബദോളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീന്‍ഡിലും ഭിവാനിയിലും രോഹ്താകിലും വിവിധ സാമൂഹിക സംഘടനകളും തൊഴിലാളി സംഘടനകളും പ്രതിഷേധിക്കുന്നുണ്ട്. 'പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ' എന്നു പറയുന്ന ബിജെപി നേതാക്കളില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട അവസ്ഥയാണുള്ളതെന്ന് രോഹ്തകില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ദീപേന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.

പാര്‍ട്ടിയുടെ പ്രതിഛായ സംരക്ഷിക്കാന്‍ ബദോളിക്കെതിരേ നടപടി ആവശ്യമാണെന്ന് ബിജെപി നേതാവും ഹരിയാന മന്ത്രിയുമായ അനില്‍ വിജും ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയിലും പ്രതിസന്ധി രൂക്ഷമായതോടെ ജനുവരി അവസാനത്തോടെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം മാറ്റിവയ്ക്കാന്‍ ബിജെപി തീരുമാനിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it