Sub Lead

ഹലാല്‍ ബോര്‍ഡ്: മത നേതൃത്വത്തെ ഉപദേശിക്കാന്‍ ഷംസീര്‍ വളര്‍ന്നിട്ടില്ല- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ഷംസീര്‍ ഉപദേശിക്കേണ്ടത് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെയാണ്. സംഘപരിവാര്‍ പുറത്തിറക്കിയ ഹലാല്‍ വിരുദ്ധ സ്ഥാപനങ്ങളില്‍ ഒന്നാംസ്ഥാനത്തുള്ള ഹോട്ടലില്‍ കയറി സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് സംഘപരിവാറിന്റെ വിദ്വേഷപ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിലൂടെ മുസ്‌ലിം വിരുദ്ധതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

ഹലാല്‍ ബോര്‍ഡ്: മത നേതൃത്വത്തെ ഉപദേശിക്കാന്‍ ഷംസീര്‍ വളര്‍ന്നിട്ടില്ല- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X
മലപ്പുറം: ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വക്കുന്നതിലൂടെ സംഘപരിവാറിന് അടിക്കാന്‍ വഴി മരുന്നിടുകയാണെന്നും മതപണ്ഡിതന്മാരുടെ ഉത്തരവാദിത്തക്കുറവാണ് അതിനു പിന്നിലെന്നുമുള്ള എ എന്‍ ഷംസീര്‍ എംഎല്‍എയുടെ പ്രസ്താവന സംഘപരിവാര്‍ ദാസ്യബോധത്തിന്റെ ഭാഗമാണെന്നും മതപണ്ഡിതന്മാരെ ഉപദേശിക്കാന്‍ അദ്ദേഹം വളര്‍ന്നിട്ടില്ലെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് ഖാസിമി പ്രസ്താവിച്ചു.


ഷംസീര്‍ ഉപദേശിക്കേണ്ടത് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെയാണ്. സംഘപരിവാര്‍ പുറത്തിറക്കിയ ഹലാല്‍ വിരുദ്ധ സ്ഥാപനങ്ങളില്‍ ഒന്നാംസ്ഥാനത്തുള്ള ഹോട്ടലില്‍ കയറി സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് സംഘപരിവാറിന്റെ വിദ്വേഷപ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിലൂടെ മുസ്‌ലിം വിരുദ്ധതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മുസ്‌ലിം ഹോട്ടലുകളില്‍ മുല്ലാക്കയെക്കൊണ്ട് തുപ്പിച്ചാണ് ഭക്ഷണം ഹലാലാക്കുന്നത് എന്ന വിഷം വമിക്കുന്ന സംഘപരിവാറിന്റെ വംശീയ അശ്ലീലം കേട്ട് സാംസ്‌കാരിക കേരളം തലകുനിച്ചിട്ടും ഉളുപ്പില്ലാതെ അതേ അജണ്ടയെ വിജയിപ്പിക്കാന്‍ ഒപ്പം നില്‍ക്കുന്ന റഹീമും ഹോട്ടലുകളില്‍ നിന്ന് ഹലാല്‍ ബോര്‍ഡ് മാറ്റണമെന്ന് പറയുന്ന എ എന്‍ ഷംസീറും ആര്‍എസ്എസിന് വിധേയപ്പെട്ട് പാര്‍ട്ടിക്കൂറ് തെളിയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണോ എന്ന് സംശയിക്കണം. ഹലാല്‍ വിവാദമാക്കി വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി എടുക്കാന്‍ കഴിയാത്ത സര്‍ക്കാരിനും പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ രാഷ്ട്രീയ ധാര്‍മികത പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

ഉല്‍പന്നങ്ങളുടെ ഉപയോഗക്ഷമതയും ഗുണമേന്മയും ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ അവയുടെ വില്‍പന ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയം അഥവാ ഹലാല്‍ ആവുകയുള്ളൂ എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഹലാല്‍ ലേബലിന് ജാതിമതഭേദമന്യേ ആഗോള മാര്‍ക്കറ്റില്‍ സ്വീകാര്യത നേടിയത്. അതില്‍ മതപണ്ഡിതന്മാരുടെ നിര്‍ദേശമോ ആഹ്വാനമോ ഉണ്ടായിട്ടില്ല.

മാംസാഹാര വിപണന രംഗത്ത് ഏറെ കൃത്രിമത്വവും അവിശ്വസനീയതയും വ്യാപകമായപ്പോള്‍ മുസ് ലിംകള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളെ വിശ്വാസത്തിലെടുക്കാന്‍ ഹോട്ടലുടമകള്‍ ഹലാല്‍ ലേബല്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി.

ആഗോളതലത്തില്‍ സ്വീകര്യത നേടിയ ഈ സംസ്‌കാരത്തിനു നേരെ പകമൂത്ത് ഉറഞ്ഞു തുള്ളുന്ന സംഘപരിവാറിനൊപ്പം താളം തുള്ളുന്ന ഇടതു നേതാക്കള്‍ തങ്ങള്‍ നഗ്‌നരാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം.

മുസ്‌ലിംകള്‍ക്ക് പന്നിമാംസം ആഹരിക്കല്‍ നിഷിദ്ധമാണ്. പക്ഷേ അത് മറ്റുള്ളവര്‍ കഴിക്കുന്നതിനെ അവര്‍ വിലക്കുകയോ അതിനോട് അസഹിഷ്ണുത കാണിക്കുകയോ ചെയ്യാറില്ല. എന്നാല്‍ സംഘപരിവാറുകാര്‍ക്ക് ബീഫ് അനിഷ്ടകരമാണെന്ന് പറയുന്നു. പക്ഷേ അവര്‍ ബീഫ് ആഹാരമാക്കുന്ന മറ്റുള്ളവര്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുകയും തല്ലിക്കൊലകള്‍ക്കു വരെ ഇരയാക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷം മുസ്‌ലിംകള്‍ക്കെതിരേ പോര്‍ക്ക് ഫെസ്റ്റ് നടത്തി സംഘപരിവാറിന്റെ പ്രശംസ ഏറ്റുവാങ്ങിയത്.

പിണറായി സര്‍ക്കാരും പാര്‍ട്ടിയും സമീപകാലത്തായി മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും നിലപാടുകളുമായി സംഘപരിവാര്‍ പാളയത്തെ വിസ്മയിപ്പിക്കുകയാണ്. ഇടതുപക്ഷം കേവല ഹിന്ദുപാര്‍ട്ടിയായി വലതുപക്ഷത്തേക്കെത്തുന്നത് വേണ്ടത്ര ഗൗരവത്തോടെ നേതാക്കള്‍ ആത്മവിമര്‍ശനം ചെയ്യേണ്ട കാര്യമാണ്. മുസ്‌ലിം മതനേതൃത്വത്തെ ഉപദേശിക്കും മുമ്പ് ഷംസീറും റഹീമുമൊക്കെ പാര്‍ട്ടിയെ തിരുത്തട്ടെയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Next Story

RELATED STORIES

Share it