Sub Lead

ഗ്യാന്‍വാപി മസ്ജിദിലെ പൂജ സ്‌റ്റേ ചെയ്യണമെന്ന ഹരജി അലഹബാദ് ഹൈക്കോടതി പരിഗണിച്ചില്ല

ഗ്യാന്‍വാപി മസ്ജിദിലെ പൂജ സ്‌റ്റേ ചെയ്യണമെന്ന ഹരജി അലഹബാദ് ഹൈക്കോടതി പരിഗണിച്ചില്ല
X

അലഹബാദ്: ഗ്യാന്‍വാപി മസ്ജിദിന്റെ വ്യാസ് തെഹ്ഖാന എന്നറിയപ്പെടുന്ന തെക്കന്‍ നിലവറയില്‍ പൂജ നടത്തുന്നതിന് ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. അതേസമയം, പ്രദേശത്തെ ക്രമസമാധാനനില നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. വാരണാസി ജില്ലാ ജഡ്ജി പൂജയ്ക്ക് അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ തന്നെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ തുടങ്ങിയിരുന്നു. വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇന്റസാമിയ മസാജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി പരിഗണിക്കാതെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്നാണ് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതെങ്കിലും കീഴ്‌ക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. പൂജാ ചടങ്ങുകള്‍ നിര്‍ത്തിവച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് തള്ളിയത്. വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന്റെ ജനുവരി 17ലെ ഉത്തരവിനെ ചോദ്യംചെയ്തിട്ടില്ലെന്നു പറഞ്ഞാണ് നടപടി. ഹരജിയില്‍ ഭേദഗതി വരുത്താന്‍ ഫെബ്രുവരി ആറ് വരെ സമയം അനുവദിച്ച കോടതി, പ്രദേശത്തെ ക്രമസമാധാന നില നിലനിര്‍ത്താന്‍ അഡ്വക്കറ്റ് ജനറലിനോട് നിര്‍ദേശിക്കുകയും ചെയ്തു. ജനുവരി 31നാണ് വാരാണസി ജില്ലാ ജഡ്ജി അദ്ദേഹം വിരമിക്കുന്ന ദിവസത്തില്‍ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ അടച്ച നിലവറയില്‍ ഹിന്ദുക്കള്‍ക്ക് ആരാധനാ ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കുകയും ഏഴുദിവസത്തിനുള്ളില്‍ ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തത്. തൊട്ടുപിന്നാലെ തന്നെ പൂജാരിയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി വിഗ്രഹം സ്ഥാപിച്ച് പൂജകള്‍ നടത്തുകയും ചെയ്തിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് എം എസ് രാജലിംഗവും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗേറ്റ് നമ്പര്‍ 4 വഴിയാണ് പള്ളി സമുച്ചയത്തില്‍ പ്രവേശിച്ച് ക്രമീകരണം ചെയ്തത്. ഏകദേശം രണ്ട് മണിക്കൂറോളം ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. രാത്രിയില്‍ തന്നെ പൂജ അനുവദിക്കാന്‍ ജില്ലാ ഭരണകൂടം തിടുക്കം കാട്ടിയതായി മസ്ജിദ് കമ്മിറ്റി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദ് മാനേജിങ് കമ്മിറ്റിയുടെ ഏതെങ്കിലും വിധത്തിലുള്ള നിയമപരമായ തടസ്സവാദത്തെ നേരിടാനാണ് അര്‍ധരാത്രിയിലെ നടപടിയെന്നും വിശദീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it