Sub Lead

കൂട്ട ആത്മഹത്യ ചെയ്യും; ഹോളിദിനത്തില്‍ ആക്രമിക്കപ്പെട്ട മുസ്‌ലിം കുടുംബം

പ്രാദേശിക രാഷ്ട്രീയക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി പോലിസും ജില്ലാ ഭരണകൂടവും തങ്ങളെ ആക്രമിച്ച ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി.

കൂട്ട ആത്മഹത്യ ചെയ്യും; ഹോളിദിനത്തില്‍ ആക്രമിക്കപ്പെട്ട  മുസ്‌ലിം കുടുംബം
X

ഗുരുഗ്രാം: ഹോളി ദിനത്തില്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട ഗുരുഗ്രാമിലെ മുസ്‌ലിം കുടുംബം പോലിസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കൂട്ട ആത്മഹത്യയ്‌ക്കൊരുങ്ങുന്നു. പ്രാദേശിക രാഷ്ട്രീയക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി പോലിസും ജില്ലാ ഭരണകൂടവും തങ്ങളെ ആക്രമിച്ച ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി.

അവര്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്ന് ഞങ്ങളുടെ സ്ത്രീകളേയും പെണ്‍കുട്ടികളേയും ആക്രമിച്ചു. നീതി ലഭിക്കാന്‍ ജില്ലാ ഭരണകൂടവും പോലിസും ഞങ്ങളെ സഹായിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്യും. ആക്രമണത്തിന് ഇരയായ കുടുംബത്തിലെ അംഗം മുഹമ്മദ് അക്തര്‍ പറഞ്ഞു.

വിഷയം പൊതുമധ്യത്തിലുണ്ട്. മുന്‍കൂട്ടി പദ്ധതിയിട്ട് ഗുണ്ടകള്‍ എങ്ങനെയാണ് ഞങ്ങളെ ആക്രമിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ജില്ലാ പോലിസ് ഞങ്ങളെ സഹായിക്കുന്നില്ല. എഫ്‌ഐആര്‍ പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്താന്‍ അക്രമികളെയും അവരുടെ കുടുംബാംഗങ്ങളേയും പോലിസ് അനുവദിക്കുകയാണ്. മുഹമ്മദ് അക്തര്‍ പറയുന്നു. ഞങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കുടുംബത്തിലെ രണ്ടു യുവാക്കള്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ അക്രമം ഭയന്ന് ഗ്രാമം വിട്ട് സ്വദേശമായ ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലേക്ക് തിരിച്ചുപോവാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കുടുംബത്തിലെ രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ രാജ്കുമാര്‍ എന്ന പ്രതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വധശ്രമത്തിനടക്കം കേസെടുത്തത്. ഇരു കൂട്ടരും ആക്രമണം നടത്തിയെന്നാണ് പോലിസ് ഭാഷ്യം.

അതേസമയം, വിചാരണ വേഗത്തിലാക്കാന്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് കുടുംബം മെമോറാണ്ടം നല്‍കിയിട്ടുണ്ട്.ഇക്കഴിഞ്ഞ ഹോളി ദിനത്തിലാണ് അക്രമിസംഘം മുസ്‌ലിം കുടുംബത്തെ ക്രൂരമായി ആക്രമിച്ചത്. വീടിന്റെ പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന ഈ വീട്ടിലെ കുട്ടികളോട് പോയി പാകിസ്താനില്‍ പോയി കളിക്കൂവെന്ന് പറഞ്ഞതിനു പിന്നാലെയാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയത്.

Next Story

RELATED STORIES

Share it