- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വസതിയിലായിരുന്നു അന്ത്യം. 2017ല്‍ അദ്ദേഹത്തെ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വസതിയിലായിരുന്നു അന്ത്യം. 2017ല്‍ അദ്ദേഹത്തെ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. കഥകളിയുടെ വടക്കന്‍രീതിയായ കല്ലടിക്കോടന്‍ ചിട്ടയുടെ പ്രചാരകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
കീഴ്പയൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്രത്തിലെ കളിവിളക്കിനു മുന്നില്‍ ആദ്യമായി ചുട്ടികുത്തി കഥകളിവേഷം അണിയുമ്പോള്‍ 14 വയസ് മാത്രം പ്രായമുണ്ടായിരുന്ന ചേമഞ്ചേരി 90 വര്‍ഷത്തോളം അരങ്ങില്‍ സജീവമായിരുന്നു. അദ്ദേഹം പകര്‍ന്നാടിയ കൃഷ്ണ, കുചേല വേഷങ്ങള്‍ കഥകളി ആസ്വാദകര്‍ക്ക് മറക്കാനാവില്ല. കുചലവൃത്തം, ദുര്യാധനവധം, രുക്മിണിസ്വയംവരം തുടങ്ങിയ കഥകളിലെ കുഞ്ഞിരാമന്‍ നായരുടെ കൃഷ്ണവേഷങ്ങള്‍ പ്രസിദ്ധമാണ്.
മടയങ്കണ്ടിയില്‍ ചാത്തുക്കുട്ടി നായരും കിണറ്റിന്‍കര കുഞ്ഞമ്മക്കുട്ടിയമ്മയുമാണ് മാതാപിതാക്കള്‍. 1916 ജൂണ്‍ 16നായിരുന്നു ജനനം. ചെങ്ങോട്ടുകാവ് എലിമെന്ററി സ്‌കൂളിലും ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. നാലാം ക്ലാസു വരെയേ പഠനം തുടരാനായുള്ളു. കാര്‍ഷികവൃത്തി മുഖ്യമായി കണ്ടിരുന്ന കുടുംബത്തില്‍ പിറന്ന കുഞ്ഞിരാമന്‍നായര്‍ കലയുടെ പിന്നാലെ പോകുന്നതിനോട് വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു.
പതിനഞ്ചാം വയസില്‍ നാടുവിട്ട് മേപ്പയൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തില്‍ ചേര്‍ന്ന അദ്ദേഹം ഗുരു കരുണാകര മേനോന്റെ കീഴിലാണ് കഥകളി അഭ്യസിച്ചുതുടങ്ങിയത്. പ്രശസ്ത നര്‍ത്തകി ബാലചന്ദ്ര സരസ്വതി ഭായി, ഗുരു ഗോപിനാഥ്, കലാമണ്ഡലം മാധവന്‍നായര്‍ തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യമുള്‍പ്പെടെ ഭാരതീയ നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടി. ഗുരു ഗോപിനാഥിനൊപ്പം കേരളനടനം എന്ന നൃത്തരൂപത്തിന്റെ രൂപകല്‍പനയിലും അവതരണത്തിലും സജീവമായി പ്രവര്‍ത്തിച്ചു.
കഥകളിയോടൊപ്പം നൃത്ത അധ്യാപനത്തിലും അദ്ദേഹം മലയാളത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവില്ല. ഗാന്ധിജിക്ക് തന്റെ സ്വര്‍ണാഭരണങ്ങള്‍ സംഭാവന നല്‍കി ശ്രദ്ധേയയായ കണ്ണൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന കൗമുദി ടീച്ചര്‍ ആണ് ഗുരു ചേമഞ്ചേരിയെ നൃത്ത അധ്യാപനത്തിലേക്ക് ആനയിക്കുന്നത്. 1931 മുതല്‍ നൃത്തഅധ്യാപനം ആരംഭിച്ച അദ്ദേഹം1944ല്‍ കണ്ണൂരില്‍ ഭാരതീയ നൃത്തകലാലയം ആരംഭിച്ചു.
ഉത്തരമലബാറിലെ ആദ്യത്തെ നൃത്തവിദ്യാലയമായിരുന്നു ഇത്. 1946ല്‍ തലശേരിയില്‍ ഭാരതിയ നാട്യകലാലയവും മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ ചേമഞ്ചേരി ശിവദാസ് എന്നിവരുടെ സഹായത്തോടെ 1974ല്‍ കോഴിക്കോട് പൂക്കാട് യുവജനകലാലയവും അദ്ദേഹം ആരംഭിച്ചു. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ശിഷ്യര്‍ ഗുരുവിന് കീഴില്‍ പഠിച്ചിറങ്ങി.
ഏറെക്കാലം നൃത്തനാടക രംഗത്തും നൃത്തപഠനത്തിലും മുഴുകിയപ്പോഴും ഗുരുവിന്റെ മനസ്സു മുഴുവന്‍ കഥകളിയായിരുന്നു. കഥകളിയുടെ ഉന്നമനം ലക്ഷ്യമിട്ട് ചേലിയയിലെ സ്വന്തം തറവാട്ടുവളപ്പില്‍ 1983ലാണ് പ്രശസ്തമായ ചേലിയ കഥകളി വിദ്യാലയത്തിന് അദ്ദേഹം തുടക്കമിടുന്നത്. കേരളത്തിലെ പ്രമുഖ കലാവിദ്യാലയങ്ങളില്‍ ഒന്നായി അത് മാറി.
കഥകളിക്കൊപ്പം നൃത്തവും ഉപകരണസംഗീതവും ചേലിയയില്‍ അഭ്യസിപ്പിക്കുന്നു. ലോകമെമ്പാടും കഥകളി അവതരിപ്പിക്കുന്ന പ്രഗത്ഭര്‍ അണിനിരക്കുന്ന കഥകളി സംഘം ഈ കഥകളിവിദ്യാലയത്തിനുണ്ട്. കഥകളി പഠനശിബിരങ്ങളും ഇവിടെ നടത്തപ്പെടുന്നു. വടക്കന്‍ മലബാറില്‍ കഥകളിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ ഈ സ്ഥാപനം വഹിക്കുന്ന പങ്ക് വളരെവലുതാണ്.
2017ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1979ല്‍ നൃത്തത്തിനു സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1999ല്‍ കഥകളിക്കും നൃത്തത്തിനും കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, 2001ല്‍ കേരള കലാമണ്ഡലത്തിന്റെ വിശിഷ്ടസേവന പുരസ്‌കാരം, കലാമണ്ഡലം ഏര്‍പ്പെടുത്തിയ കലാരത്‌നം അവാര്‍ഡ്, കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ വയോശ്രേഷ്ഠ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചു.
സംഗീത നാടക അക്കാദമി എക്‌സിക്യൂട്ടിവ് അംഗം, കലാമണ്ഡലം നൃത്തവിഭാഗം പരീക്ഷകന്‍, ദൂരദര്‍ശന്‍ ഒഡീഷന്‍ കമ്മിറ്റി അംഗം, വിശ്വകലാകേന്ദ്രം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളില്‍ പ്രവൃത്തിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















