Big stories

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ഒമ്പത് പേരുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടത്. ഇതോടെ കോണ്‍ഗ്രസ് 104 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 43 സ്ഥാനാര്‍ഥികളുടെ പേരടങ്ങിയ ഒന്നാം ഘട്ട പട്ടിക നവംബര്‍ നാലിനാണ് പാര്‍ട്ടി പുറത്തുവിട്ടത്. രണ്ടാം ഘട്ട പട്ടികയില്‍ 46 സ്ഥാനാര്‍ഥികളെയും മൂന്നാം ഘട്ട പട്ടികയില്‍ ഏഴ് സ്ഥാനാര്‍ഥികളെയും പിന്നാലെ പാര്‍ട്ടി പ്രഖ്യാപിച്ചു.

സ്ഥാനാര്‍ഥികളില്‍ മൂന്നുപേര്‍ വനിതകളാണ്. നാലാമത്തെ പട്ടിക പ്രകാരം ദ്വാരകയില്‍ നിന്ന് മാലുഭായ് കണ്ടോറിയ, തലാലയില്‍ നിന്ന് മാന്‍സിന്‍ ദോഡിയ, കൊഡിനാര്‍ എസ്‌സിയില്‍ നിന്ന് മഹേഷ് മക്വാന, ഭാവ്‌നഗര്‍ റൂറലില്‍ നിന്ന് രേവല്‍സിന്‍ ഗോഹില്‍, ഭാവ്‌നഗര്‍ ഈസ്റ്റില്‍ നിന്ന് ബല്‍ദേവ് മജിഭായ് സോളങ്കി എന്നിവരെയാണ് മല്‍സരിപ്പിക്കുന്നത്. ജംബുസാറില്‍ നിന്നുള്ള സഞ്ജയ് സോളങ്കി, ബറൂച്ചില്‍ നിന്നുള്ള ജയ്കാന്ത്ഭായ് ബി പട്ടേല്‍, ബോട്ടാഡില്‍ നിന്നുള്ള രമേഷ് മെര്‍, ധരംപൂര്‍ എസ്ടിയില്‍ നിന്നുള്ള കിഷന്‍ഭായ് വെസ്തഭായ് പട്ടേല്‍ എന്നിവരും പട്ടികയിലെ മറ്റ് സ്ഥാനാര്‍ഥികളില്‍ ഉള്‍പ്പെടുന്നു.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് പട്ടികയില്‍ ഒപ്പുവച്ചത്. തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയും കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അഹമ്മദാബാദിലെ 'നരേന്ദ്ര മോദി സ്‌റ്റേഡിയം' സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. മൂന്ന് ലക്ഷം രൂപ വരെയുള്ള കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുക, സംസ്ഥാനത്ത് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ 11 പ്രതിബദ്ധതകളോടെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 1, 5 തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 8 ന് നടക്കും.

Next Story

RELATED STORIES

Share it