Sub Lead

'എസ്എഫ്‌ഐ ക്രിമിനല്‍ സംഘം'; ക്ഷോഭിച്ച് ഗവര്‍ണര്‍, പ്രതിഷേധം വ്യാപിപ്പിക്കാന്‍ എസ്എഫ് ഐ

എസ്എഫ്‌ഐ ക്രിമിനല്‍ സംഘം; ക്ഷോഭിച്ച് ഗവര്‍ണര്‍, പ്രതിഷേധം വ്യാപിപ്പിക്കാന്‍ എസ്എഫ് ഐ
X

കോഴിക്കോട്: എസ്എഫ് ഐയെ ക്രിമിനല്‍ സംഘമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാര്‍ വേദിയിലെത്തി സംസാരിക്കുന്നതിനിടെയാണ് ക്ഷോഭത്തോടെ പ്രതികരിച്ചത്. കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മ്മ പീഢവും സംഘപരിവാര സംഘടനയായ ഭാരതീയ വിചാര കേന്ദ്രവും നടത്തിയ സെമിനാറിനായിരുന്നു ഗവര്‍ണര്‍ എത്തിയത്. രണ്ടു മണിക്കൂര്‍ താന്‍ മിഠായിത്തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ ക്രിമിനല്‍ സംഘമാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ് ഐ വിദ്യാര്‍ഥി സംഘമല്ല. ഗുണ്ടകളും കൊലപാതകികളുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

പരീക്ഷാ ഭവന് സമീപത്ത് എസ്എഫ്‌ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് സമീപത്തെ ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ എത്തിയത്. ഗസ്റ്റ് ഹൗസില്‍നിന്ന് പുറപ്പെടുമ്പോള്‍ എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായി. ഗെറ്റ് ലോസ്റ്റ് എന്ന് പറഞ്ഞാണ് അദ്ദേഹം നടന്നുനീങ്ങിയത്.

ഇതിനിടെ, നൂറുകണക്കിന് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് കറുത്ത വസ്ത്രവും കറുത്ത ബലൂണും ബാനറുമായി ഗവര്‍ണര്‍ക്കെതിരേ പരീക്ഷാ ഭവന് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നേരത്തേ, ഒരുവിഭാഗം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി പ്രതിഷേധിച്ചിരുന്നു. അതിനിടെ, സെമിനാറില്‍നിന്ന് കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ എം കെ ജയരാജ് വിട്ടുനിന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം. പരിപാടിയില്‍ അധ്യക്ഷനായി വിസിയെയായിരുന്നു നിശ്ചയിച്ചിരുന്നത്.

അതേസമയം, സര്‍വകലാശാലകളില്‍ സംഘപരിവാറുകാരെ തിരുകിക്കയറ്റിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തെറ്റായ നടപടി പിന്‍വലിക്കുന്നത് വരെ എസ്എഫ്‌ഐ സമരവുമായി മുന്നോട്ടുപോവുമെന്ന് സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. വിദ്യാര്‍ഥികളുടെ ശക്തമായ പ്രക്ഷോഭത്തിന് മുന്നില്‍ ഗവര്‍ണര്‍ക്ക് മുണ്ടുമടക്കേണ്ടിവരും. സര്‍വകലാശാകളില്‍ സംഘിവല്‍ക്കരണം അനുവദിക്കില്ല. കാലിക്കറ്റ് കാംപസില്‍ വന്‍ പ്രതിരോധമാണ് എസ്എഫ്‌ഐ തീര്‍ത്തത്. ആ പ്രതിഷേധം സംസ്ഥാനത്താകെ പടര്‍ത്തും. സമരം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇന്നത്തെ സമരത്തിന്റെ തുടര്‍ച്ച തിരുവനന്തപുരം വിമാനത്താവളം മുതല്‍ രാജ്ഭവന്‍ വരെ ഉണ്ടാവും. വരുംദിവസങ്ങളില്‍ ശക്തമായ സമരങ്ങള്‍ ഉണ്ടാവും. നിലവില്‍ എടുത്ത തീരുമാനം കേവലം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് അകത്ത് ഒതുങ്ങി നില്‍ക്കുന്നതല്ല. ഇന്നത്തോടെ ഈ സമരം അവസാനിക്കില്ല. വരും ദിവസങ്ങളില്‍ കേരളം കാണാന്‍ ഇരിക്കുന്നത് അതിശക്തമായ പ്രക്ഷോഭമായിരിക്കുമെന്നും പി എം ആര്‍ഷോ പറഞ്ഞു.

Next Story

RELATED STORIES

Share it