Sub Lead

മഴക്കെടുതി: സര്‍ക്കാര്‍ നിഷ്‌ക്രിയത്വം ദുരന്ത ഭൂമിയിലെ ജനങ്ങളുടെ പുനരധിവാസം പ്രതിസന്ധിയിലാക്കുന്നു: എസ്ഡിപിഐ

ഈ കുടുംബങ്ങളിലുള്ളവരെയെല്ലാം താല്‍ക്കാലിക കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചെങ്കിലും അവര്‍ക്ക് ഭക്ഷണവും വസ്ത്രവും വൈദ്യസഹായം വരെ ചെയ്യുന്നതില്‍ സാമൂഹിക-സന്നദ്ധ സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമാണ് മുന്നിലുണ്ടായിരുന്നത്.

മഴക്കെടുതി: സര്‍ക്കാര്‍ നിഷ്‌ക്രിയത്വം ദുരന്ത ഭൂമിയിലെ ജനങ്ങളുടെ പുനരധിവാസം പ്രതിസന്ധിയിലാക്കുന്നു: എസ്ഡിപിഐ
X

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം വിവിധ ജില്ലകളിലുണ്ടായ അതിദാരുണമായ മഴക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ട കര്‍ഷരും വ്യാപാരികളുമുള്‍പ്പെടെയുള്ളവരുടെ പുനരധിവാസം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഏറ്റവും അധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചത് കോട്ടയം, ഇടുക്കി ജില്ലകളിലാണ്. മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ കാണാതായവരുടെ തിരച്ചില്‍ ആരംഭിച്ചതുപോലും ഒരു ദിവസം വൈകിയായിരുന്നു. കോട്ടയം ജില്ലയില്‍ മാത്രം 65 ഓളം വീടുകള്‍ പൂര്‍ണമായും 170 ഓളം വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്.

ഈ കുടുംബങ്ങളിലുള്ളവരെയെല്ലാം താല്‍ക്കാലിക കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചെങ്കിലും അവര്‍ക്ക് ഭക്ഷണവും വസ്ത്രവും വൈദ്യസഹായം വരെ ചെയ്യുന്നതില്‍ സാമൂഹിക-സന്നദ്ധ സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമാണ് മുന്നിലുണ്ടായിരുന്നത്. ഇവിടെയൊന്നും ക്രിയാത്മകമായി ഇടപെടാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാധിച്ചില്ലെന്ന ആക്ഷേപമാണ് പ്രദേശവാസികള്‍ പങ്കുവെക്കുന്നത്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളിലായി 200 കോടിയിലധികം രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് ഔദ്യോഗിക കണക്ക്. കാര്‍ഷിക, വ്യാപാര, ക്ഷീര മേഖലയിലുള്‍പ്പെടെ കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. ആയിരങ്ങളുടെ ഉപജീവന മാര്‍ഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പുനരധിവാസത്തിന് കോടികള്‍ വകയിരുത്തിയതായി പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മുന്‍കഴിഞ്ഞ പ്രകൃതി ദുരന്തങ്ങള്‍ക്കു സമാനമായി ഇതും വെള്ളത്തില്‍ വരച്ച വര പോലെയായിരിക്കുന്നു.

വികസനത്തിന്റെ പേരില്‍ പ്രകൃതിക്കുമേല്‍ നടത്തുന്ന കൈയേറ്റങ്ങളാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനിടയാകുന്നതെന്ന് വ്യക്തമാകുമ്പോഴും സര്‍ക്കാരിന് ഇത് ഗുണപാഠമാകുന്നില്ല. കെ റെയില്‍ പോലുള്ള സംസ്ഥാനത്തിന്റെ പ്രകൃതിയെയും പരിസ്ഥിതിയെയും തകര്‍ക്കുന്ന പദ്ധതികളുമായി മുമ്പോട്ടുപോകാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ ജനങ്ങളുടെ ജീവന്‍ പണയം വെച്ചുള്ള ചൂതാട്ടമാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ എസ് ഷാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി അബ്ദുല്‍ മജീദ് ഫൈസി, അന്‍സാരി ഏനാത്ത്, എസ് പി അമീര്‍ അലി, അഷ്‌റഫ് പ്രാവച്ചമ്പലം സംസാരിച്ചു.

Next Story

RELATED STORIES

Share it