Sub Lead

ഗസ തകര്‍ന്നടിഞ്ഞിട്ടും തല ഉയര്‍ത്തി നിന്ന് ഫലസ്തീനികള്‍

ഗസ തകര്‍ന്നടിഞ്ഞിട്ടും തല ഉയര്‍ത്തി നിന്ന് ഫലസ്തീനികള്‍
X

ടലും കരയും ആകാശവും ഉപരോധിക്കപ്പെട്ട ഒരു ജനതയുടെ മേല്‍, 365 ചതുരശ്ര കിലോ മീറ്റര്‍ മാത്രം വിസ്തൃതി വരുന്ന ഒരു പ്രദേശത്ത്, 2023 ഒക്ടോബര്‍ 7ലെ തൂഫാനുല്‍ അഖ്‌സയെ തുടര്‍ന്ന് ഇസ്രായേല്‍ നടത്തുന്ന യുദ്ധം 20 മാസത്തോട് അടുക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിച്ച് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സയണിസ്റ്റ് ഭരണകൂടം ബോംബുകള്‍ വര്‍ഷിച്ച് കൂട്ടക്കൊല ചെയ്തും ഉപരോധം അടിച്ചേല്‍പ്പിച്ച് പട്ടിണിക്കിട്ടുകൊന്നും ഫലസ്തീനികളുടെ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍, ഗസ മുനമ്പിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ വിലയിരുത്തല്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു റിപോര്‍ട്ട് തിങ്കളാഴ്ച ഇസ്രായേലി പത്രമായ വല്ല പ്രസിദ്ധീകരിച്ചു .

ഏകദേശം 40,000 സായുധ പോരാളികള്‍ ഇപ്പോഴും ഗസയില്‍ അവശേഷിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം കണക്കാക്കുന്നതായാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗസ സിറ്റി, ഖാന്‍ യൂനിസ്, അഭയാര്‍ഥി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന വിപുലമായ തുരങ്ക സംവിധാനം സുശക്തമായി നിലനില്‍ക്കുന്നുവെന്നും ഇസ്രായേല്‍ സൈന്യം വിലയിരുത്തുന്നു.

ഗസ മുനമ്പില്‍ ഉടനീളം തീവ്രമായ ബോംബ് വര്‍ഷവും കരയിലൂടെയുള്ള കടന്നുകയറ്റവും വന്‍തോതിലുള്ള കുടിയിറക്കല്‍ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍ തുടരുന്നതിനിടെയാണ് ഈ പരാമര്‍ശങ്ങളെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഹമാസിന്റെ കൈവശം ഇപ്പോഴും നൂറുകണക്കിന് റോക്കറ്റുകള്‍ ഉണ്ടെന്നും എന്നാല്‍ സാധാരണ ജനങ്ങള്‍ക്കു നേരിട്ടേക്കാവുന്ന അപകടങ്ങളെ കുറിച്ച ആശങ്ക കൊണ്ടാണ് അവ വിക്ഷേപിക്കാത്തതെന്നും റിപോര്‍ട്ട് അടിവരയിടുന്നു. ചെറുത്തുനില്‍പ്പ് ഗ്രൂപ്പുകള്‍ വിവേചനരഹിതമായി സിവിലിയന്മാരെ അപകടത്തിലാക്കുന്നുവെന്ന ഇസ്രായേലിന്റെ ദീര്‍ഘകാല ആഖ്യാനങ്ങള്‍ക്കും നുണ പ്രചാരണങ്ങള്‍ക്കും കടക വിരുദ്ധമാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ഖാന്‍ യൂനിസ് സിറ്റി പൂര്‍ണമായും ജനവാസമില്ലാത്തതാണെന്നും ഏകദേശം ഏഴുലക്ഷം ഫലസ്തീനികള്‍ ഇപ്പോള്‍ മവാസി പ്രദേശത്ത് അഭയം തേടുന്നുണ്ടെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നു. മനുഷ്യാവകാശ സംഘടനകള്‍ 'ദുരന്തകരം' എന്നും 'വാസയോഗ്യമല്ലാത്തത്' എന്നും വിശേഷിപ്പിച്ച അവസ്ഥ നിലനില്‍ക്കുന്ന പ്രദേശമാണ് മവാസി എന്നോര്‍ക്കുക.

മാര്‍ച്ച് 18ന് ഇസ്രായേല്‍ വെടിനിര്‍ത്തലില്‍നിന്ന് പിന്‍വാങ്ങിയതിനുശേഷം, ഗസ മുനമ്പിലുടനീളം രക്തരൂഷിതവും നിരന്തരവുമായ വ്യോമാക്രമണത്തിലൂടെ ആയിരക്കണക്കിന് ഫലസ്തീനികളെ അവര്‍ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ തുടര്‍ച്ചയെന്നോണമാണ് 2023 ഒക്ടോബര്‍ 7ന് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തെക്കന്‍ ഇസ്രായേലില്‍ തൂഫാനുല്‍ അഖ്‌സയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന്, പിറ്റേന്നു മുതല്‍ തന്നെ ഇസ്രായേല്‍ സൈന്യം ഫലസ്തീനികള്‍ക്കെതിരേ തുടങ്ങിവച്ച വംശഹത്യ യുദ്ധത്തില്‍ 53,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. 1,22,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 14,000ത്തിലധികം പേരെ കാണാതാവുകയും ചെയ്തു.

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇസ്രായേലി വംശഹത്യയെ പതിവുപോലെ അപലപിച്ചിട്ടുണ്ടെങ്കിലും, യുദ്ധക്കുറ്റങ്ങള്‍ നിരന്തരം തുടരുന്നതില്‍ തരിമ്പും മനസ്സാക്ഷിക്കുത്തില്ലാത്ത ആ തെമ്മാടിരാഷ്ട്രത്തെ നിലയ്ക്കുനിത്തുന്നതില്‍ കാര്യമായൊന്നും ചെയ്യാന്‍ അവര്‍ക്കൊന്നുമായില്ല.

വംശഹത്യ കുറ്റകൃത്യത്തിന് ഇസ്രായേലിനെതിരേ നിലവില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിയമ നടപടികള്‍ തുടരുകയാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ളവരെ യുദ്ധക്കുറ്റവാളികളായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇസ്രായേലി വംശഹത്യയെ പ്രധാനമായും പ്രതിരോധിക്കുകയും പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്തത് അമേരിക്കയും മറ്റുചില പാശ്ചാത്യ ശക്തികളുമാണ്. അതേ സമയം, ഇസ്രായേല്‍ ബോംബാക്രമണം തുടരുന്നതിലും ഗസയിലെ ജനങ്ങളെ ഉപരോധം പ്രഖ്യാപിച്ച് പട്ടിണിക്കിട്ട് കൊല്ലുന്നതിലും പ്രതിഷേധിച്ച് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. യുകെ, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ പ്രസ്തുത രാഷ്ട്രങ്ങള്‍ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ യുഎസ് നേതൃത്വത്തില്‍ വീണ്ടുമൊരു വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരുന്നതായും സൂചനകളുണ്ട്. എന്തായാലും, കുഞ്ഞുങ്ങളും സ്ത്രീകളും രോഗികളും വൃദ്ധരും മെഡിക്കല്‍ വോളണ്ടിയര്‍മാരും മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും എഴുത്തുകാരും ഹമാസ് നേതാക്കളും പോരാളികളുമടക്കം പതിനായിരങ്ങളെ കൊന്നുതീര്‍ക്കാനും ഗസയെ സമ്പൂര്‍ണ നശീകരണത്തിലേക്ക് തള്ളിവിടാനും കഴിഞ്ഞെങ്കിലും യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നു പോലും നേടാന്‍ ഇസ്രായേലിനു കഴിഞ്ഞിട്ടില്ലെന്നത് ഒരു അനിഷേധ്യ വസ്തുതയായി തുടരുകയാണ്. ഹമാസിനെ തകര്‍ക്കുകയായിരുന്നു ഇസ്രായേലിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമായിരുന്നത്. എന്നാല്‍ കനത്ത നഷ്ടങ്ങള്‍ നേരിട്ടിട്ടും ഹമാസ് സുശക്തമായി തുടരുന്നുവെന്ന് ഇസ്രായേല്‍ തന്നെ സമ്മതിച്ചത് അതിന്റെ തെളിവാണ്.

ഗസയില്‍ ഇസ്രായേല്‍ യുദ്ധം തോറ്റുകഴിഞ്ഞുവെന്നാണ് മിഡിലീസ്റ്റ് ഐ എഡിറ്റര്‍ ഡേവിഡ് ഹോസ്റ്റ് കുറിക്കുന്നത്. വിയറ്റ്‌നാം യുദ്ധത്തിലെ അമേരിക്കന്‍ പരാജയവുമായി താരതമ്യം ചെയ്തുകൊണ്ടാണ്, രണ്ടിടത്തും വിജയം ഉറപ്പാക്കുന്നത്, ചെറുത്തുനില്‍പ്പ് പോരാട്ടത്തില്‍ ജനതയുടെ ഉറച്ചുനില്‍പ്പും ലോകത്ത് വ്യാപകവും ശക്തവുമായിക്കൊണ്ടിരിക്കുന്ന യുദ്ധവിരുദ്ധ ജനകീയ പ്രതിഷേധങ്ങളുമാണെന്ന് ഡേവിഡ് ഹോസ്റ്റ് സമര്‍ഥിക്കുന്നത്.

നികത്താവുന്നതിനുമപ്പുറമുള്ള നഷ്ടങ്ങളും കനത്ത തിരിച്ചടികളും ഹമാസിനെ തകര്‍ക്കുകയോ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പോരാട്ടത്തെ തളര്‍ത്തുകയോ ചെയ്തിട്ടില്ല. മറുവശത്താവട്ടെ, സൈന്യത്തിന്റെ വീര്യം നിലനിര്‍ത്താന്‍ നഷ്ടം മറച്ചുപിടിച്ച് കള്ളങ്ങളെയും തോറയിലെ ഐതിഹ്യനാമങ്ങളെയുമാണ് ഇസ്രായേല്‍ ആശ്രയിക്കുന്നത്. തിരിച്ചടിയില്‍ ഭയംപൂണ്ട സൈനികരുടെ നിലയ്ക്കാത്ത നിലവിളികള്‍, മനോനില താളം തെറ്റിയ സൈനികരുടെ വിഭ്രാന്തികള്‍, ഇസ്രായേല്‍ തകരുകയാണെന്ന സൈനികരാഷ്ട്രീയ നേതൃത്വങ്ങളുടെ ഭീതികള്‍, ജൂതരാഷ്ട്രത്തില്‍നിന്നുതന്നെ നെതന്യാഹുവിനെതിരേ ഉയര്‍ന്നു വരുന്ന എതിര്‍പ്പുകള്‍, ഭാരിച്ച യുദ്ധച്ചെലവും തകരുന്ന സമ്പദ് വ്യവസ്ഥയും, വാഗ്ദത്ത ഭൂമിയില്‍നിന്ന് വീണ്ടും പലായനം ചെയ്യുന്ന ജൂത ജനത ഇവയെല്ലാം ചേര്‍ന്നാണ് സയണിസ്റ്റ് രാഷ്ട്രത്തിന്റെ പരാജയത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നത്.


Next Story

RELATED STORIES

Share it